സീരിയലുകള്‍: ബാലാവകാശ കമ്മിഷന് ശക്തമായി ഇടപെടുന്നു
ചാനല്‍ അധികൃതരുടെയും സംവിധായകരുടെയും യോഗം വിളിക്കും
കൊല്ലം:മലയാളം ടി.വി ചാനലുകളിലെ സീരിയലുകള്‍ കുട്ടികളുടെയും സ്ത്രീകളുടെയും അന്തസിനും വ്യക്തിത്വത്തിനും വില കല്പ്പിക്കാത്തവയാണെന്നു വിമര്‍ശനം ഉയര്‍ന്നതോടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്. നോട്ടിസ് കൊടുത്താലും താക്കീതു ചെയ്താലും കാര്യമില്ലെന്നാണ് അനുഭവം. മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ഉത്തരവാദപ്പെട്ടവരുടെ യോഗം വിളിക്കാനാണ് ആലോചന. എഡിറ്റര്‍മാര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍, പരസ്യ ഏജന്‍സികളുടെ സംഘടനാ പ്രതിനിധികള്‍, മീഡിയ അക്കാദമി ചെയര്മാന്, സീരിയല്‍ നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിയവരുടെ സംയുക്ത യോഗമാകും വിളിക്കുക.വനിതാ കമ്മിഷനെക്കൂടി സഹകരിപ്പിക്കാനും ആലോചനയുണ്ട്. സീരിയലുകളുടെ ഉള്ളടക്കം എങ്ങനെ പോസിറ്റീവാക്കാമെന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. കുട്ടികളെയും സ്ത്രീകളെയും വിലയും നിലയുമില്ലാത്തവരായി ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിരീക്ഷണം. മഞ്ഞുരുകും കാലം എന്ന സീരിയലില്‍ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന രംഗങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ ചാനലിന് കമ്മിഷന് നോട്ടിസ് അയച്ചിരുന്നു. അതോടെ കഥമാറ്റി കുട്ടിയെ വലുതാക്കി.
പെണ്‍കുട്ടി മുതിര്‍ന്നെങ്കിലും കഥാ സ്വഭാവത്തിനു വലിയ മാറ്റമുണ്ടായില്ല. അപമാനിക്കലും ഒറ്റപ്പെടുത്തലും കൈതല്ലിയൊടിക്കലും തുടര്‍ന്നു. ഈ ബാലതാരത്തെ വച്ച് മറ്റൊരു ചാനല്‍ 'സ്വന്തം ജാനകിക്കുട്ടി' എന്ന പേരില്‍ വേറൊരു സീരിയല്‍ തുടങ്ങിയെങ്കിലും അതിലും കുട്ടിക്ക് സ്വസ്ഥമായ ജീവിതമല്ല ഉള്ളത്. സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളെപ്പോലും'തട്ടിക്കളിക്കുന്ന' സീരിയലുകള്‍ വര്‍ധിച്ചതോടെയാണ് ഇടപെടല്‍ മറ്റുവിധത്തിലാക്കാന് ബാലാവകാശ കമ്മിഷന് തീരുമാനിച്ചത്. ചന്ദനമഴ,മൂന്നുമണി എന്നീ സീരിയലുകളില്‍ പിഞ്ചുകുഞ്ഞിനെ കഥാപാത്രമാക്കി ബുദ്ധിമുട്ടിക്കുന്നതായും വിമര്‍ശനമുണ്ട്. സീരിയലുകളുടെ ഉള്ളടക്കം മാറ്റാന്‍ പൊതുധാരണ രൂപപ്പെടുത്തുന്നത് പ്രായോഗികമല്ലെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വലിയ ഇടപെടല്‍ നടത്തിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."