സോളാര്‍ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതില്‍ ആശയക്കുഴപ്പം
കൊച്ചി: സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സംബന്ധിച്ചള്ള ആശയക്കുഴപ്പം മുറുകുന്നു. താനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് അന്നത്തെ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം സോളാര്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സര്‍ക്കാരാണ് നിര്‍ദേശം നല്‍കിയതെന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിക്കാന്‍ സംസ്ഥാന പൊലിസിന് അധികാരമില്ലെന്നും സര്‍ക്കാരിനേ അധികാരമുള്ളൂവെന്നും മൊഴി രേഖപ്പെടുത്തവേ സോളാര്‍ വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിന് എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിക്കാന്‍ താന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് മുന്‍ ഡി.ജി.പി സോളാര്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കിയത്. മൊത്തം കേസുകളുടെ മേല്‍നോട്ട ചുമതല വഹിക്കാനും എ. ഹേമചന്ദ്രനോട് നിര്‍ദേശിച്ചിരുന്നു. കേസില്‍ സരിതയുടെ അറസ്റ്റ് നിയമപരമായിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. 2013 ജൂണ്‍ മൂന്നിന് പുലര്‍ച്ചെ നാലുമണിക്ക് സരിതയെ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ നിന്ന് അറസ്റ്റുചെയ്തുവെന്നാണ് രേഖകള്‍.
എന്നാല്‍ സൂര്യാസ്തമയത്തിന് ശേഷവും ഉദയത്തിന് മുന്‍പുമായി സ്ത്രീകളെ അറസ്റ്റുചെയ്യണമെങ്കില്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുമതി വേണമെന്നുണ്ട്. ഈ അനുമതി അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്പാദിച്ചിരുന്നില്ലെന്നും ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. പെരുമ്പാവൂര്‍ എസ്.ഐ ആണ് സരിതയെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം താങ്കളെ അറിയിച്ചിരുന്നുവോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. ഇത്ര പ്രധാനപ്പെട്ട കേസിലെ അറസ്റ്റ് സംസ്ഥാന ഡി.ജി.പി അറിഞ്ഞിരിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് അത് സാഹചര്യമനുസരിച്ചിരിക്കും എന്നായിരുന്നു വിശദീകരണം.
സോളാര്‍ വിവാദം സംബന്ധിച്ച് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലും സാങ്കേതികമായി വീഴ്ചകള്‍ സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു.
സോളാര്‍ കേസ് ഉല്‍ഭവിക്കുമ്പോള്‍, സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരേയുള്ള മുന്‍ കേസുകള്‍ സംബന്ധിച്ചും ഇവരുടെ പശ്ചാത്തലം സംബന്ധിച്ചും തനിക്ക് അറിയില്ലായിരുന്നുവെന്നും ഇദ്ദേഹം മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."