മനുഷ്യക്കടത്ത്: കുട്ടികളുള്‍പ്പെടുന്ന 145 അംഗ സംഘം പിടിയില്‍
പാറശാല:കൃത്യമായ രേഖകളില്ലാതെ ഒഡീഷയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് കൊണ്ടുവന്ന 95 പെണ്‍കുട്ടികളേയും 50 ആണ്‍കുട്ടികളേയും പാറശാലയില്‍ റെയില്‍വേ പൊലിസ് പിടികൂടി.
രാവിലെ പതിനൊന്ന് മണിക്ക് പാറശാല വഴി കടന്നു പോകുന്ന അനന്തപുരി ട്രെയിനില്‍ മനുഷ്യക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടര്‍ന്ന് പാറശാല ആര്.പി.എഫ് മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിനില്‍ കയറി ഇവരെ നിരീക്ഷിച്ച ശേഷം പാറശാല റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.തയ്യല്‍ ജോലികള്‍ക്ക് പ്രതിമാസം ആറായിരം രൂപ നല്‍കാമെന്ന് പറഞ്ഞ് കന്യാകുമാരി എക്സ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടിയാണ് ഇവരെ കൊണ്ടുവന്നത്.
പതിനേഴു മുതല്‍ ഇരുപത്തിയൊന്ന് വയസ് വരെ പ്രായമുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒഡീഷയിലെ ഐലന്റ് എപ്പാസ് കമ്പനിയിലെ ഐ.ഡി കാര്‍ഡ് ധരിച്ച രാംനാഥ് മിത്ര എന്നയാള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യാത്രയില്‍ തങ്ങള്‍ക്ക് വേണ്ടത്ര ഭക്ഷണം നല്‍കിയില്ലന്ന് കുട്ടികള്‍ പറഞ്ഞു. തിരുവനന്തപുരത്തെത്തും മുമ്പ് പാറശാലയില്‍ പിടിയിലായ കുട്ടികളെ കൊണ്ടുപോകുവാനായി കമ്പനിയില്‍ നിന്നും നിരവധി സ്വകാര്യ വാഹനങ്ങള്‍ എത്തിയിരുന്നു. രേഖകള്‍ ഇല്ലാതേയുള്ള റിക്രൂട്ട്മെന്റിന്റെ പേരില്‍ പര്‍ച്ചേഴ്സിങ് മാനേജരായ ജയകുമാറിനേയും അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."