മഞ്ചേരിയില്‍ പഴയ കോടതി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിത്തുടങ്ങി
മഞ്ചേരി: ജില്ലാ കോടതി കെട്ടിട നിര്‍മാണത്തിനു മുന്നോടിയായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ആഴ്ചയോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ടു കോടതികള്‍ മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാന്റ് കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. കെട്ടിടം പൊളിച്ചു നീക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ പൊതുമരാമത്ത് ബില്‍ഡിങ്‌സ് വിഭാഗത്തിനു കീഴില്‍ പുതിയ ആറു നില കെട്ടിടം നിര്‍മാണം ഉടന്‍ ആരംഭിക്കും. പൊതുമരാമത്ത് ബില്‍ഡിങ്‌സ് വിഭാഗത്തിനു കീഴിലാണു പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
16 കോടി രൂപ ചെലവില്‍ ആറു നിലകളിലായി എല്‍ ഷേപ്പിലാണു പുതിയ കോടതി കെട്ടിടം പണിയുന്നത്. മഞ്ചേരി -മലപ്പുറം റോഡിന് അഭിമുഖമായിട്ടായിരിക്കും പുതിയ കോടതി നിര്‍മിക്കുക. അടുത്ത മാസം ആദ്യത്തോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയുന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കാണു കോടതി സമുച്ചയ നിര്‍മാണം കരാര്‍ നല്‍കിയിരിക്കുന്നത്.
പുതിയ കോടതി സമുച്ചയമാകുന്നതോടെ നിലവില്‍ മഞ്ചേരി ജില്ലാ കോടതിയിലെ സ്ഥലപരിമിതിക്കു പരിഹാരമാകും. ആധുനിക രീതിയിലുള്ള കൂടുതല്‍ സൗകര്യപ്രദമായ കെട്ടിടമാണ് ഒരുക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇതിനുള്ള ഭരണാനുമതി നല്‍കി ഫണ്ട് വകയിരുത്തിയത്.
ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കെട്ടിട സമുച്ചയം വരുന്നതോടെ നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതിയും വനം കോടതിയും ഇതിലേക്കു മാറ്റാന്‍ സാധിക്കും. കൂടാതെ കോടതിയിലെ നിലവിലെ അസൗകര്യങ്ങള്‍ക്കു ശാശ്വതപരിഹാരവുമാകും. നിലവിലെ സി.ജെ.എം കോടതി കെട്ടിടം ചോര്‍ന്നൊലിക്കുന്ന തരത്തിലാണ്. കോടതിയിലെത്തുന്ന സാക്ഷികള്‍ക്ക് ഇരിക്കാനും തൊണ്ടിമുതലുകള്‍ സൂക്ഷിക്കാനും ഇവിടെ സൗകര്യം കുറവാണ്. ഈ കെട്ടിടത്തിനു 125 വര്‍ഷത്തെ പഴക്കമുണ്ട്. ഇത് പൊളിച്ച് പുതിയ കെട്ടിടം പണിയാനായിരുന്നു ആദ്യ നീക്കം . എന്നാല്‍ പഴയ കെട്ടിടം പുരാവസ്തു വകുപ്പ് പൈതൃകപട്ടികയിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."