അടുത്തറിയാം അനസ്‌തേഷ്യയെ
ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒക്ടോബര്‍ 16 ലോക അനസ്‌തേഷ്യ ദിനമായി ആചരിച്ചിരുന്നു. വളരെയധികം സുപരിചിതമായ പേരാണെങ്കിലും അനസ്‌തേഷ്യയെപ്പറ്റി സാധാരണക്കാരുടെ ഇടയില്‍ ഇപ്പോഴും പലവിധ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നു. ഈയവസരത്തില്‍ അനസ്‌തേഷ്യയെപ്പറ്റി നമുക്കടുത്തറിയാം.
അനസ്‌തേഷ്യയുടെ ചരിത്രം
ഒരു നിശ്ചിത സമയത്തേക്ക് മരുന്നിന്റേയും യന്ത്രത്തിന്റേയും സഹായത്തോടെ പൂര്‍ണമായോ ഭാഗികമായോ അബോധാവസ്ഥയില്‍ എത്തിക്കുന്ന ഒരു ചികിത്സാ സമ്പ്രദായമാണ് അനസ്‌തേഷ്യ. നൂറുശതമാനവും ശാസ്ത്രീയമായ ഒരു ചികിത്സാരീതിയാണിത്. ആധുനിക ഉപകരണങ്ങളും മരുന്നുകളും ഉണ്ടെങ്കില്‍ അടിസ്ഥാനപരമായ പ്രവൃത്തി പരിചയം സിദ്ധിച്ച ഏതൊരു അനസ്‌തേഷ്യ വിദഗ്ധനും വിജയകരവും സുരക്ഷിതവുമായി ഈ സേവനം ലഭ്യമാക്കാന്‍ കഴിയും.
1846 ഒക്‌ടോബര്‍ 16ന് അമേരിക്കയിലെ മസാച്ചുസെറ്റ ജനറല്‍ ആശുപത്രിയില്‍വച്ച് ഡോ. വില്യം തോമസ് ഗ്രീന്‍ മോര്‍ട്ടന്‍ എന്നയാളാണ് ലോകത്താദ്യമായി ഈതര്‍ എന്ന വാതകരൂപത്തിലുള്ള മരുന്നുനല്‍കി വിജയകരമായ അനസ്‌തേഷ്യ നല്‍കിയത്. ആബട്ട് എന്ന കുട്ടിയുടെ താടിയെല്ലിലെ മുഴ ഡോ. വാറന്‍ എന്ന സര്‍ജന്‍ ഡോ. മോര്‍ട്ടന്റെ ഈതര്‍ അനസ്‌തേഷ്യയില്‍ വേദനരഹിതമായി നീക്കം ചെയ്തത് അനസ്‌തേഷ്യ എന്ന വിഭാഗത്തിന് നാന്ദികുറിച്ചു.
അന്നുമുതല്‍ ഇന്നുവരെ കഴിഞ്ഞ 170 കൊല്ലം അനസ്‌തേഷ്യ വിഭാഗത്തിലെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കാണ് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്. ഇന്ന് ഈ മേഖല ഒരു തികഞ്ഞ ശാസ്ത്രീയ വിഭാഗമായി വളര്‍ന്നു കഴിഞ്ഞു.
വിവിധതരം അനസ്‌തേഷ്യകള്‍
അനസ്‌തേഷ്യ അഭിമുഖീകരിക്കുന്ന രോഗികളുടെ ഏറ്റവും പ്രധാന ആശങ്ക അബോധാവസ്ഥയും വേദനയുമാണ്. ഈ രണ്ട് ആധികളേയും മാറ്റാനായി ജനറല്‍ അനസ്‌തേഷ്യ, റീജിയണല്‍ അനസ്‌തേഷ്യ എന്നിങ്ങനെ രണ്ട് പ്രധാനപ്പെട്ട ശാഖകളായി അനസ്‌തേഷ്യയെ തരം തിരിച്ചിരിക്കുന്നു.
മരുന്നുകളും ഉപകരണങ്ങളും
ഈതര്‍ അനസ്‌തേഷ്യയുടെ പിന്‍തലമുറക്കാരായ ഹ്രസ്വനേരം പ്രവര്‍ത്തിക്കുന്ന വായു അവസ്ഥയിലും ദ്രാവക അവസ്ഥയിലുമുള്ള അനസ്‌തേഷ്യ മരുന്നുകളും മറ്റു വേദന സംഹാരികളും, പേശികളുടെ നിശ്ചലാവസ്ഥ കൃത്യതയോടെ ഉറപ്പാക്കുന്ന മരുന്നുകളും, ആവശ്യാനുസരണം ഉറക്കാനും ഉണര്‍ത്താനും കഴിവുള്ള അതിനൂതനമായ മരുന്നുകളും, നാഡീ സഞ്ചയത്തെ അനുയോജ്യമായ സ്ഥലത്ത് ഹ്രസ്വനേരത്തേക്കോ ദീര്‍ഘ നേരത്തേക്കോ ആവശ്യാനുസരണം വേദന രഹിതവും പേശികളുടെ നിശ്ചലാവസ്ഥ ഉറപ്പാക്കുന്ന മരുന്നുകളും ഇന്ന് ലഭ്യമാണ്.
ഈ മരുന്നുകളെ വളരെ കൃത്യതയോടെ നാഡികള്‍ക്ക് ചുറ്റും എത്തിക്കുന്ന അള്‍ട്രാ സൗണ്ട് ഉപകരണങ്ങള്‍, കൃത്യമായ അളവില്‍ ജനറല്‍ അനസ്‌തേഷ്യ മരുന്നുകള്‍ എത്തിക്കുകയും അവയുടെ ശരീരത്തിലെ ലഭ്യത അളന്ന് തിട്ടപ്പെടുത്തി അറിയിക്കുന്ന ആധുനിക അനസ്‌തേഷ്യ ഉപകരണങ്ങള്‍, ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍, ശ്വാസത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്, ശരീര ഊഷ്മാവ്, ഉറക്കത്തിന്റെ തീവ്രത, രക്തത്തിന്റെ ഘടന ഇവ കൃത്യമായി നല്‍കുന്ന ആധുനിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇക്കാലത്തെ അനസ്‌തേഷ്യ ഫലപ്രദവും കുറ്റമറ്റവും സുരക്ഷിതവുമാക്കുന്നു. എങ്കിലും ശസ്ത്രക്രിയ എന്നത് ശരീരത്തില്‍ വലിയ അളവില്‍ സമ്മര്‍ദം ഉണ്ടാക്കുന്ന ഒരവസ്ഥയാണ്. ഇത് ശസ്ത്രക്രിയയുടെ സ്വഭാവം വേണ്ടിവരുന്ന അവയവം അതിനായെടുക്കുന്ന സമയം, രോഗിയുടെ പൂര്‍വ രോഗാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗി ഏതവസ്ഥയിലായാലും ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ വേണ്ടി വരുന്നതിനാല്‍ അനസ്‌തേഷ്യയില്‍ നിന്നുള്ള തിരിച്ചു വരവും മേല്‍പ്പറഞ്ഞ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അനസ്‌തേഷ്യാ
സമയത്തെ വെല്ലുവിളികള്‍
പല കാരണങ്ങള്‍ കൊണ്ട് പ്രധാന അവയവങ്ങളിലെ രക്തം കട്ടപിടിക്കല്‍, രക്തസ്രാവം എന്നിവ അനസ്‌തേഷ്യ സമയത്തും അതുകഴിഞ്ഞുമുള്ള പൂര്‍വസ്ഥിതിയിലേക്കുള്ള തിരിച്ചുവരവിന് വിഘാതമാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, പള്‍മണറി എംബോളിസം മുതലായവ പ്രസവ സമയത്ത് ഗര്‍ഭപാത്രത്തിലുള്ള ആന്‍ട്രിയോട്ടിക് ഫ്‌ളൂയിഡ് എന്ന ദ്രാവകം രക്തത്തില്‍ കലര്‍ന്ന് വളരെ ഗുരുതരമായ ശ്വാസ തടസത്തിനും മരണത്തിനും തന്നെ കാരണമാകാറുണ്ട്.
ആരോഗ്യവതിയായ സ്ത്രീകള്‍ക്ക് പ്രസവത്തോടനുബന്ധിച്ച് അപൂര്‍വമായി സംഭവിക്കാറുള്ള ഇത്തരം അത്യാഹിതങ്ങള്‍ പലപ്പോഴും ചികിത്സാ പിഴവായി വ്യാഖ്യാനിക്കാറുണ്ട്. ആരോഗ്യവാന്‍മാരായ ചെറുപ്പക്കാരില്‍ പ്രധാന എല്ലിന് പൊട്ടലുണ്ടാകുമ്പോള്‍ എല്ലിലെ മജ്ജയിലെ കൊഴുപ്പ് രക്തത്തില്‍ കലര്‍ന്ന് ഗുരുതരാവസ്ഥയിലാകുന്നതും ഇതിന് സമാനമായ സംഭവമാണ്. പലതരം മരുന്നുകളും രക്തവും അനസ്‌തേഷ്യ സമയത്ത് നല്‍കാറുള്ളതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നിനുള്ള അലര്‍ജിയും അപൂര്‍വമായെങ്കിലും അപകട കാരണങ്ങളാകാറുണ്ട്.
ഓരോ അനസ്‌തേഷ്യ ഡോക്ടറെ സംബന്ധിച്ചിടുത്തോളം ഓരോ അനസ്‌തേഷ്യയും വ്യത്യസ്ഥമാണ്. കാരണം ഓരോ രോഗിയുടേയും അവസ്ഥ വ്യത്യസ്ഥമാണ്. അനസ്‌തേഷ്യ ഡോക്ടര്‍ക്ക് മിക്കപ്പോഴും പലതരത്തിലുള്ള രോഗങ്ങളും (പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അസ്ത്മ) ജീവിത ശൈലികളുമായുള്ള (പുകവലി, വെറ്റിലമുറുക്ക്, മദ്യപാനം, മയക്കുമരുന്ന്) രോഗികളുമായാണ് ഇടപെടേണ്ടി വരാറുള്ളത്. പലപ്പോഴും ഇവയെല്ലാം പൂര്‍ണമായി ചികിത്സിച്ച് മാറ്റാനുള്ള സമയവും ലഭിക്കാറില്ല. അപ്പോള്‍ പ്രായോഗികമായത് പരമാവധി ഇവയെ നിയന്ത്രിച്ച് നിര്‍ത്തുകയാണ്. ഇത് അനസ്‌തേഷ്യയില്‍ നിന്നും തിരിച്ചുവരുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ശസ്ത്രക്രിയയ്ക്ക് മുന്‍പ് അനസ്‌തേഷ്യ ഡോക്ടറെ കാണുന്ന വേളയില്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. രോഗിയുടെ അവസ്ഥ എന്തുതന്നെയായാലും അത് നിയന്ത്രിക്കാനും ആവശ്യമായ അനസ്‌തേഷ്യ നല്‍കാനുമുള്ള സംവിധാനം ഇന്ന് ലഭ്യമാണ്.
അനസ്‌തേഷ്യ മിഥ്യാധാരണ
അനസ്‌തേഷ്യ മരുന്നിന്റെ അമിത ഉപയോഗം കാരണം അബോധാവസ്ഥയിലായി എന്നു നമ്മള്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ ഹ്രസ്വ നേരത്തേക്കുള്ള മരുന്നുകള്‍ സ്ഥിരമായ അബോധാവസ്ഥയോ നിശ്ചലാവസ്ഥയോ ഉണ്ടാക്കാറില്ല എന്നതാണ് സത്യം. നമ്മുടെ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി ആയിരക്കണക്കിന് ശസ്ത്രക്രിയ മുറികളും അനസ്‌തേഷ്യ സംവിധാനങ്ങളും നിരന്തരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നെങ്കിലും അനസ്‌തേഷ്യ സംവിധാനങ്ങള്‍ പലയിടത്തും അപര്യാപ്തമാണ്. തികച്ചും ശാസ്ത്രീയമായ ഈ മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുകയെന്നത് സുരക്ഷിതമായ അനസ്‌തേഷ്യ പരിസമാപ്തിക്ക് അത്യന്താപേക്ഷിതം.
(ലേഖകന്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ്
അനസ്തീഷ്യോളജിസ്റ്റ്, കേരളഘടകം
പ്രസിഡന്റാണ്)
റീജിയണല്‍ അനസ്‌തേഷ്യ
പ്രത്യേക ഭാഗങ്ങള്‍ മാത്രം മരവിപ്പിച്ചുള്ള രീതിയാണ് റീജിയണല്‍ അനസ്‌തേഷ്യ. ചില അവസരങ്ങളിലെങ്കിലും, ഉദാഹരണത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ അപകട സാധ്യത കൂടുതലാകാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രത്യേകിച്ച് റീജിയണല്‍ അനസ്‌തേഷ്യ വളരെ ഫലപ്രദമാണ്.
ഇവിടെ സുഷുമ്‌നാ നാഡിയല്‍ നിന്നും (ടുശിമഹ രീൃറ) പുറത്തുവരുന്ന നാഡികള്‍ മുതല്‍ കൈകാലുകളുടെ വിരലുകളുടെ അഗ്രം വരെ നീണ്ടുകിടക്കുന്ന നാഡീ സഞ്ചയത്തില്‍ ഉചിതമായ സ്ഥലത്ത് മരുന്ന് കുത്തിവച്ച് (ലോക്കല്‍ അനസ്‌തേഷ്യ) നാഡി സംവേദനം തടസപ്പെടുത്തി വേദനസംഹാരവും പേശികളുടെ നിശ്ചലാവസ്ഥയും സൃഷ്ടിച്ചുകൊണ്ട് വിജയകരമായി ആ ഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ നടത്താവുന്നതാണ്.
മൊത്തത്തിലുള്ള മയക്കമോ അബോധാവസ്ഥയോ ആവശ്യമില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ആവശ്യാനുസരണം ഉറക്കം പ്രത്യേകം നല്‍കാവുന്നതാണ്.
ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന ഫലപ്രദമായി ഇല്ലാതാക്കാന്‍ ഈ രീതി അത്യുത്തമമാണ്. ജനറല്‍ അനസ്‌തേഷ്യയില്‍ ശസ്ത്രക്രിയക്ക് ശേഷം വേദന ഇല്ലാതാക്കാന്‍ നല്‍കുന്ന മരുന്നുകള്‍ പലപ്പോഴും മയക്കം ഉണ്ടാക്കുന്നതിനാല്‍ വളരെ നേരത്തേ വേദനരഹിതമായ പൂര്‍വ സ്ഥിതിയിലേക്ക് എത്താന്‍ റീജിയണല്‍ അനസ്‌തേഷ്യ അഭികാമ്യമാണ്.
ജനറല്‍ അനസ്‌തേഷ്യ
മൊത്തത്തില്‍ മയക്കിയുള്ള അനസ്‌തേഷ്യ വിധിയാണ് ജനറല്‍ അനസ്‌തേഷ്യ. ഇവിടെ രോഗിയെ പൂര്‍ണമായ അബോധാവസ്ഥയില്‍ എത്തിക്കുന്നു എന്ന് മാത്രമല്ല, വേദനരഹിതമായ അവസ്ഥ, പേശികളുടെ ചലനശേഷി ഇല്ലാതാക്കുക, ശസ്ത്രക്രിയാ സമയത്തെ ഓര്‍മകള്‍ ഉണ്ടാകാതിരിക്കുക എന്നീ അവസ്ഥകളില്‍ എത്തിക്കുന്നു. ശ്വസന പ്രക്രിയ പൂര്‍ണമായോ ഭാഗികമായോ അനസ്‌തേഷ്യ ഉപകരണം ഏറ്റെടുക്കുകയും ഹൃദയത്തിന്റേയും മറ്റവയവങ്ങളുടേയും പ്രവര്‍ത്തനം ആവശ്യാനുസരണം നിയന്ത്രിക്കുകയും ചെയ്യുന്നതോടൊപ്പം പൂര്‍വാവസ്ഥയിലേക്ക് ബോധം തിരിച്ചു കൊണ്ടുവരാനുള്ള ഏറ്റവും പ്രധാനമായ മസ്തിഷ്‌കത്തിലേക്കുള്ള രക്ത പ്രവാഹവും പ്രാണവായുവിന്റെ അളവ് നിര്‍വിഘ്‌നം നിലനിര്‍ത്തുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."