മാവോയിസ്റ്റ് കേരളത്തിലും വ്യാപിച്ചെന്നു റിപ്പോര്‍ട്ട്
ഇരിട്ടി (കണ്ണൂര്‍): കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന പേരില്‍ രാജ്യത്തെമ്പാടും പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനമേഖല കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാപിപ്പിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആന്ധ്ര, ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകളാണു കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.
2006ല്‍ സി.പി.ഐ (എം.എല്‍) പീപ്പിള്‍സ് വാറും, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും ലയിച്ച് രൂപപ്പെട്ടതാണു സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടി. അതിന്റെ സൈനിക ഘടകമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി ഇപ്പോള്‍ ദക്ഷിണേന്ത്യയിലും ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞെന്നാണു റിപ്പോര്‍ട്ട്. രാജ്യത്തെ 56 ജില്ലകള്‍ വിമോചിത മേഖലകളും ചുവപ്പന്‍ ഇടനാഴികളും സ്ഥാപിച്ച മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ട മലനിരകള്‍ കേന്ദ്രീകരിച്ച് വന്‍ സൈനിക പ്രവര്‍ത്തനമാണു നടത്തുന്നുവെന്നാണു വിവരം. വിരലിലെണ്ണാന്‍ കഴിയുന്നവര്‍ മാത്രം ചേര്‍ന്നു രൂപീകരിച്ച പശ്ചിമഘട്ടത്തിലെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി യൂനിറ്റുകള്‍ ഇപ്പോള്‍ നാലോളം ദളങ്ങളായി വികസിച്ചു. ശിവാനി, ഭവാനി, നാടുകാണി, കബനി തുടങ്ങി പശ്ചിമഘട്ടത്തിലെ നാലു നദികളുടെ പേരിലാണിവ അറിയപ്പെടുന്നത്.
ആദിവാസി മേഖലകളില്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ ആദിവാസി, ദലിത്, മുസ്‌ലിം മേഖലകളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാട്ടിയാണു പ്രവര്‍ത്തനം. വയനാട് പോലുള്ള ജില്ലയില്‍ കൊള്ളപ്പലിശക്കാരുടെ കെണിയിലകപ്പെട്ട ധാരാളം സാധാരണക്കാര്‍ രക്ഷതേടി മാവോയിസ്റ്റുകളെ സമീപിക്കുന്നതായാണു വിവരം. കണ്ണൂര്‍ ആറളം ഫാമിലെ 3,000 ഏക്കറോളം വരുന്ന മേഖലകളിലും മാവോയിസ്റ്റുകളുടെ സജീവ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നു രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ആറളംഫാമിലെ കംബോഡിയ, വിയറ്റ്‌നാം കോളനിക്കു സമീപം പട്ടാളവേഷധാരികളായ മാവോയിസ്റ്റുകളെ കണ്ടതായ വിവരത്തെ തുടര്‍ന്ന് ഈ മേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."