ബി.സി.സി.ഐയ്ക്ക് കനത്ത പ്രഹരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) ചിറകരിഞ്ഞ് സുപ്രിംകോടതി. ബി.സി.സി.ഐക്ക് ഏര്‍പ്പെടാവുന്ന സാമ്പത്തിക കരാറുകളുടെ പരിധി നിശ്ചയിക്കാന്‍ ലോധ കമ്മിറ്റിയോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. നിലവിലുള്ള വന്‍കിട കരാറുകള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച്, ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വരെ സംസ്ഥാനങ്ങളുടെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഒരു പൈസ പോലും നല്‍കരുതെന്നും ഉത്തരവിട്ടു. ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതു സംബന്ധിച്ചു പഠിക്കാനായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ സമിതിയെയാണ് സംസ്ഥാന അസോസിയേഷനുകള്‍ ഇനി പണത്തിനായി സമീപിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും അംഗീകരിക്കില്ലെന്നു നിലപാടെടുത്ത ബി.സി.സി.ഐക്കുള്ള കനത്ത പ്രഹരമാണ് സുപ്രിം കോടതി വിധി. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാമെന്ന് ഉറപ്പു നല്‍കുന്ന അസോസിയേഷനുകള്‍ക്ക് മാത്രമേ സാമ്പത്തിക സഹായം നല്‍കേണ്ടതുള്ളൂവെന്ന് നിര്‍ദേശിച്ച ബെഞ്ച്, റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എന്താണു തടസമെന്ന് വ്യക്തമാക്കി ഡിസംബര്‍ മൂന്നിനകം സത്യവാങ്മൂലം നല്‍കാനും ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനോട് ആവശ്യപ്പെട്ടു. ലോധ കമ്മിറ്റിക്ക് മുമ്പാകെ അനുരാഗ് താക്കൂര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ബി.സി.സിഐയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കുന്നതിനു സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാന്‍ ലോധ കമ്മിറ്റിക്കു കോടതി നിര്‍ദ്ദേശം നല്‍കി. ഓഡിറ്റ് റിപ്പോര്‍ട്ട് ലോധ കമ്മിറ്റിക്ക് സമര്‍പ്പിക്കണം. അതോടൊപ്പം തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങള്‍ യഥാസമയം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഈ ഉത്തരവിന്റെ പകര്‍പ്പ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാന്‍ ശശാങ്ക് മനോഹറിനു എത്തിക്കാനും സുപ്രിം കോടതി ഉത്തരവിട്ടിട്ടുണ്ട്. മീഡിയാ റൈറ്റ്, ഗ്രൗണ്ട് റൈറ്റ് തുടങ്ങിയ കരാറുകളിലും കമ്മിറ്റിയുടെ അനുമതിയില്ലാതെ ഇനി ഏര്‍പ്പെടാനാവില്ല. നിശ്ചിത പരിധിയ്ക്കു മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സമിതിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും കോടതി വ്യക്തമാക്കി.
13 സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു നല്‍കാനുള്ള 16.73 കോടി രൂപ വിതരണം ചെയ്യുന്നത് സുപ്രിം കോടതി നേരത്തെ വിലക്കിയിരുന്നു. ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കിയ ശേഷമേ ഈ തുക വിനിയോഗിക്കാന്‍ പാടുള്ളൂ എന്നതായിരുന്നു നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു സുപ്രിം കോടതി ഇന്നലെ ചെയ്തത്. സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി ബി.സി.സി.ഐയെ വരച്ചവരയില്‍ നിര്‍ത്തുമെന്നും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ ബി.സി.സി.ഐയെക്കൊണ്ട് അനുസരിപ്പിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും നേരത്തെ കോടതി താക്കീത് ചെയ്തിരുന്നു. അതിനാല്‍ ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, ബി.സി.സി.ഐയുടെ ഒരു വാദവും അംഗീകരിക്കാതെ കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. ബി.സി.സി.ഐക്കെതിരായ കടുത്ത നടപടി ഐ.പി.എല്‍ അടക്കമുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."