കേരളത്തിലേക്കുള്ള ദേശാടന പക്ഷികളുടെ വരവില്‍ ഗണ്യമായ കുറവ് കാരണം തേടി കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സര്‍വേ ആരംഭിച്ചു
പൊന്നാനി: കേരളത്തിലേക്കുള്ള ദേശാടന പക്ഷികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടെന്നു കണ്ടെത്തല്‍. ഇതിന്റെ കാരണം തേടി കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സര്‍വേ ആരംഭിച്ചു.
സെപ്റ്റംബര്‍ മാസം മുതലാണ് കേരളത്തിന്റെ കടല്‍തീരങ്ങളിലേക്കു വിവിധ രാജ്യങ്ങളില്‍ നിന്നു ദേശാടന പക്ഷികള്‍ വിരുന്നെത്തുന്നത്. നേരത്തേ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കൂട്ടമായി എത്തിയിരുന്ന ദേശാടന പക്ഷികളുടെ വരവാണ് ഗണ്യമായി കുറഞ്ഞതെന്നാണ് പക്ഷി നിരീക്ഷകരുടെ കണ്ടെത്തല്‍. ഇതിന്റെ കാരണം തേടി പക്ഷി നിരീക്ഷണ സംഘം പഠനമാരംഭിച്ചു.
കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, ബേര്‍ഡ് കൗണ്ട് ഇന്ത്യ, ഇ ബേര്‍ഡ് ഇന്ത്യ, തിരുവതാംകൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, കൊച്ചിന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടക്കുന്നത്. കേരളത്തിലെ വരള്‍ച്ചയും ചൂടും കടലിലെ ന്യൂന മര്‍ദവും കാറ്റിന്റെ ദിശ മാറ്റവും വടക്കേ ഇന്ത്യയിലെ കാലാവസ്ഥ മാറ്റവുമാണ് പക്ഷികളുടെ വരവു കുറയാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സര്‍വേയുടെ ഭാഗമായി കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറിയും പ്രശസ്ത പക്ഷി നിരീക്ഷകനുമായ നമശിവായം പൊന്നാനി കടല്‍ തീരത്തെത്തി പഠനം നടത്തി. വലിയ കടലാമ, കാസ്പിയന്‍ ആമ, തവിട്ട് ആമ, പല്ലാസ് കടല്‍കാക്ക, തിര കാട, കല്ലുരുട്ടി കാട, വാള്‍ കൊക്ക് എന്നീ ഇനങ്ങളാണ് നിരീക്ഷണത്തില്‍ കണ്ടെത്തിയത്.
സൈബീരിയയില്‍ നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ദേശാടനക്കിളികള്‍ പൊന്നാനിയിലെത്തുന്നത്. അടുത്തയാഴ്ച വിവിധ സംഘങ്ങളായി തിരിഞ്ഞ് പക്ഷി നിരീക്ഷകര്‍ കേരളത്തിലെ മുഴുവന്‍ കടല്‍തീരങ്ങളിലും സര്‍വേ നടത്തും. സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങള്‍ ബേര്‍ഡ്‌സ് കൗണ്ട് ഇന്ത്യക്ക് കൈമാറും. പൊന്നാനിയിലെത്തിയ നമ ശിവായത്തെ ലയണ്‍സ് ക്ലബ് അംഗങ്ങള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."