താളംനിലച്ച് നെയ്ത്തു കേന്ദ്രങ്ങള്‍
ചൊക്ലി: ഒരുകാലത്ത് നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമായിരുന്നു തറിയുടെ താളംമുഴങ്ങിയ നെയ്ത്തുകേന്ദ്രങ്ങള്‍. എന്നാല്‍ ഇന്നു നാട്ടുകാരുടെ കാതുകളില്‍ മുഴങ്ങി കേട്ടിരുന്ന തറിയുടെ താളം നേര്‍ത്തില്ലാതാവുകയാണ്. ചൊക്ലി, കരിയാട്, പൂക്കോം പ്രദേശത്തുകാര്‍ ഓര്‍മവച്ച കാലം മുതല്‍ കേള്‍ക്കുന്നതാണു ടക്ക്..ടക്ക്... ശബ്ദം. ഇവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന പരമ്പരാഗത കൈതൊഴിലാണു ഇന്നു വിസ്മൃതിയിലേക്കു നീങ്ങുന്നത്. പുതുതലമുറയുടെ വേഗതയ്‌ക്കൊപ്പമെത്താന്‍ കഴിയാത്തതാണു പല നെയ്ത്തുകേന്ദ്രങ്ങളുടെയും തകര്‍ച്ചയ്ക്കു കാരണം. അത്യാധുനിക യന്ത്രങ്ങളിലെ നെയ്ത്തുജോലി സജീവമായതോടെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയായി. പുതുതലമുറയ്ക്കു ഈ മേഖലയില്‍ താല്‍പര്യമില്ലാത്തതും വരുമാനക്കുറവും നെയ്ത്ത് വ്യവസായത്തിന്റെ പതനമായി. മുന്‍പ് നൂറോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന പൂക്കോത്തെ പരേതനായ പി.കെ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന നെയ്ത്ത് കേന്ദ്രത്തില്‍ തൊഴിലാളികള്‍ അന്യമായതോടെ ഇപ്പോള്‍ ഒറ്റയാള്‍ പോരാട്ടമാണ്. മകന്‍ കറുത്തന്റെവിട വിജയന്‍ പവര്‍ ലൂം ഉപയോഗിച്ച് ദിവസം പത്തോളം ലുങ്കികള്‍ നെയ്യുന്നുണ്ട്. മുമ്പ് അഴീക്കോട്ടെ കൃഷ്ണന്‍ നായര്‍ മുഖേന യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കയറ്റുമതി നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കയറ്റുമതി ഇല്ലാതായതോടെ വരുമാന മാര്‍ഗം നിശ്ചലമായി. സ്‌കൂള്‍ യൂനിഫോം വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ മേഖലയില്‍ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഇവര്‍ക്കുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കെല്ലാം ഇവിടെ നിന്നു തുണികള്‍ എത്തിച്ചിരുന്ന പൂക്കോത്തെ ശ്രീധരന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. പ്രതിഫലമൊന്നും ഇല്ലെങ്കിലും പരമ്പരാഗതമായി ലഭിച്ച കുലത്തൊഴിലുകള്‍ നശിച്ചുപോകരുതെന്ന മനസുമായി വീടിനോടു ചേര്‍ന്ന പണിശാലയില്‍ രാജനുമുണ്ട്. കൈകൊണ്ടുള്ള യന്ത്രത്തില്‍ ദിവസേന മൂന്നു ലുങ്കി നെയ്യും. മട്ടന്നൂര്‍ നെല്ലൂന്നിയിലെ ഖാദി മുഖേന വിപണിയിലെത്തിക്കുന്ന ഒരു ലുങ്കിക്ക് അമ്പതു രൂപയാണു ലഭിക്കുക. തുച്ഛമായ തുകകൊണ്ട് ജീവിതം മുന്നോട്ടുപോവുകയുമില്ല. സര്‍ക്കാര്‍ മാസത്തില്‍ നല്‍കുന്ന ഡി.എ 130 രൂപ കൃത്യമായി ലഭിക്കാറില്ലെന്നു രാജന്‍ പറയുന്നു. ചര്‍ക്കയില്‍ നൂല്‍ കോര്‍ത്തും വസ്ത്രങ്ങള്‍ നെയ്തും വരുമാനം കണ്ടെത്തിയ വള്ള്യായി, പൂക്കോം, കരിയാട്, ചൊക്ലി മേഖലയിലെ തൊഴിലാളികള്‍ ഇനി ഓര്‍മ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."