ചന്തേരയില്‍ പൊലിസ് വക 'വഴിതടയല്‍'
ചെറുവത്തൂര്‍: പാതയോരത്തു വാഹനങ്ങള്‍ നിര്‍ത്തിയിട്ടു ചന്തേരയില്‍ പൊലിസിന്റെ 'വഴിതടയല്‍'. കേസുകളില്‍ പെട്ട് പിടിച്ചുവയ്ക്കപ്പെട്ട വാഹനങ്ങള്‍ പാതയുടെ ഇരുവശങ്ങളിലും നിര്‍ത്തിയിട്ടതാണു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കു ബുദ്ധിമുട്ടാകുന്നത്. കാലിക്കടവ്-തൃക്കരിപ്പൂര്‍ റോഡരികിലുള്ള ഈ സ്റ്റേഷനു മുന്നില്‍ മാത്രം ഇപ്പോള്‍ പൂഴികടത്തിനിടെ പിടിക്കപ്പെട്ട വലിയ നാഷണല്‍ പെര്‍മിറ്റ് ലോറികളുള്‍പ്പെടെ പത്തോളം ലോറികള്‍ ഉണ്ട്. ഈ സ്റ്റേഷനു മുന്നിലൂടെയാണ് ചന്തേര ഗവ.യു.പി സ്‌കൂള്‍, ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂള്‍, പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ കാല്‍നടയായി പോകുന്നത്.
നൂറുകണക്കിനു വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലൂടെ പൊലിസ് തന്നെ ഈ രീതിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതില്‍ രക്ഷിതാക്കളിലും നാട്ടുകാരിലും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
മാസങ്ങളായി നിര്‍ത്തിയിട്ടിരിക്കുന ഈ വാഹനങ്ങളുടെ അടിഭാഗമാണ് ഇപ്പോള്‍ തെരുവ് നായ്ക്കളുടെ പ്രധാനവാസസ്ഥലം. ആളുകള്‍ കടന്നു പോകുമ്പോള്‍ നായ്ക്കള്‍ കുരച്ചു ചാടുന്നതും പതിവാണ്. സ്റ്റേഷനോടു ചേര്‍ന്ന പരേഡ് ഗ്രൗണ്ടിലായിരുന്നു ആദ്യമൊക്കെ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ സ്ഥലമില്ലാതായപ്പോഴാണു വാഹനങ്ങള്‍ റോഡരികിലും നിര്‍ത്തിയിടാന്‍ തുടങ്ങിയത്. ഓട്ടോറിക്ഷ, ലോറി, ബൈക്ക് എന്നിവ മാത്രമല്ല മണല്‍ കടത്തിനിടെ പിടിച്ച തോണി വരെ ഇക്കൂട്ടത്തിലുണ്ട്.
പി.ആര്‍ മനോജ് എസ്.ഐ ആയിരിക്കെ നാട്ടുകാരുടെ സഹായത്താല്‍ പാതയോരത്തുള്ള വാഹനങ്ങള്‍ ഒരിക്കല്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയസ്ഥിതിയിലായി. വാഹനങ്ങള്‍ നീക്കാന്‍ അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."