സൈക്യാട്രി കണ്‍സള്‍ട്ടന്റ് തസ്തിക മാറ്റിയത് റദ്ദു ചെയ്യണം
കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കുന്ന ജില്ലാ ആശുപത്രിയിലെ സൈക്യാട്രി കണ്‍സള്‍ട്ടന്റ് തസ്തിക കൊട്ടാരക്കരയിലേക്കു മാറ്റിയ നടപടി പിന്‍വലിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനസിക വെല്ലുവിളി നേരിടുന്ന ആയിരക്കണക്കിനു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ചെയ്യുന്ന കടുത്ത അനീതിയുടെ ബാക്കിപത്രമാണ് ഇപ്പോഴത്തെ തീരുമാനം.
മെയ് 30നാണ് സെക്യാട്രി കണ്‍സള്‍ട്ടന്റ് തസ്തിക കൊട്ടാരക്കരയിലേക്കു മാറ്റി ഉത്തരവിറക്കിയിരിക്കുന്നത്. ഇതുവരെ ഉത്തരവ് പുറത്തിറക്കാതെ വച്ചതും ദുരൂഹമാണ്. ഹെല്‍ത്തു ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് ഇറക്കിയ ഉത്തരവ് മന്ത്രിമാര്‍ അറിഞ്ഞിരിക്കണമെന്നില്ലെന്നും ഇക്കാര്യം പുറത്ത വന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു മെച്ചപ്പെട്ട സേവനം ജില്ലയില്‍ തന്നെ ഒരുക്കണമെന്ന ആവശ്യം ഇപ്പോഴും ആരോഗ്യവകുപ്പിന്റെ അജണ്ടയിലില്ലെന്നതിന്റെ തെളിവാണ് സൈക്യാട്രി കണ്‍സള്‍ട്ടന്റിന്റെ തസ്തിക കൊട്ടാരക്കരയിലേക്കു മാറ്റിയതിലൂടെ മനസിലാവുന്നതെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകരായ മുനീസ അമ്പലത്തറ, വിമലാ ഫ്രാന്‍സിസ്, കെ.മിസ്‌രിയ്യ, ഫാത്തിമ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."