ഇനിയില്ല, ഇതുപോലൊരു ഡോക്ടര്‍
മഞ്ചേരി പാണ്ടിക്കാട്ടെ കോണ്‍ഗ്രസുകാരന്‍ കുഞ്ഞാലന്റെ മകന്‍ അബ്ദുല്ല ആഗ്രഹിച്ചതല്ല ജീവിതത്തില്‍ സംഭവിച്ചത്. ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹം. ആഗ്രഹിച്ചതല്ലല്ലോ പലപ്പോഴും സംഭവിക്കുന്നതും. എന്നാല്‍ കേവലമൊരു ഡോക്ടറായി ചികിത്സാവ്യാപരം നടത്തി കാശുകാരനാവാനായിരുന്നില്ല ആ ജന്മ നിയോഗം.
ആതുര സേവനത്തിന്റെ വയനാടന്‍ ഗാഥയെന്ന അദ്ദേഹത്തിന്റെ പുസ്തകം ആരാണ് ഒരു യഥാര്‍ഥ ഡോക്ടറെന്നു നമ്മെ ബോധ്യപ്പെടുത്തും. ആയുസിന്റെ പുസ്തകത്തിലെ അവസാനതാളും അനശ്വരമാക്കി ബത്തേരിയിലെ ആനന്ദഭവനെയും അബ്ദുല്ലാസ് ക്ലിനിക്കിനെയും അനാഥമാക്കി വയനാടിന്റെ പ്രിയപ്പെട്ട ഡോക്ടര്‍ അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായിരിക്കുന്നു. എട്ടു പതിറ്റാണ്ടു നീണ്ട ജീവിതവഴിത്താരയെ ദീപ്തമാക്കി ആ ദൈവദാസന്‍ (അബ്ദുല്ല) മടങ്ങുമ്പോള്‍ ഏറെ കൃതാര്‍ഥനായിരുന്നു.
ഡോ. കെ. അബ്ദുല്ല -ബി.എ, എം.ബി.ബി.എസ്
സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ റോഡിലെ ആനന്ദഭവനുമുന്നില്‍ ഇങ്ങനെയൊരു ബോര്‍ഡുകാണാം. ബി.എസ്.സി, എം.ബി.ബി.എസ് എന്നതു തെറ്റായി എഴുതിപ്പോയതാവും എന്നാരെങ്കിലും കരുതിയാല്‍ പിഴച്ചു. അതങ്ങനെത്തന്നെയാണെന്നു ഡോ. അബ്ദുല്ല പറയുമായിരുന്നു.
ആരാണ് അബ്ദുല്ല
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി എന്നിവരുടെ ഉറ്റസുഹൃത്തായ പാണ്ടിക്കാട്ടെ കോണ്‍ഗ്രസ് കുഞ്ഞാന്റെ (കുഞ്ഞിമുഹമ്മദ്) മകനായി 1936 മെയ് 12നാണ് അബ്ദുല്ലയുടെ ജനനം. മലപ്പുറം ഹൈസ്‌കൂളില്‍ പഠിച്ച് എസ്.എസ്.എല്‍.സി ഒന്നാം ക്ലാസോടെ പാസായ ഈ നാട്ടുമ്പുറത്തുകാരന്‍ 1952-54 കാലത്ത് ഫാറൂഖ് കോളജ് ഇന്റര്‍ മീഡിയറ്റ് ഫസ്റ്റ് ക്ലാസോടെ പാസായി മദ്രാസിലേക്കു മെഡിക്കല്‍ അഭിമുഖത്തിനായി വണ്ടികയറി. പക്ഷെ കിട്ടിയില്ല. നിരാശയില്ലാതെ മദ്രാസ് ആര്‍ട്‌സ് കോളജില്‍ ബിരുദത്തിനു ചേര്‍ന്നു.
1956ല്‍ ഒന്നാം ക്ലാസോടെ ബിരുദധാരി. ഡോക്ടറാവാന്‍ പോയവന്‍ തിരികെ നാട്ടിലെത്തി തിരൂരങ്ങാടി ഓറിയന്റല്‍ കോളജില്‍ അധ്യാപകനായി ഒരാണ്ടു തികയ്ക്കവേ വീണ്ടും വഴിത്തിരിവ്.
മാഷായ അബ്ദുല്ല ഡോക്ടറാവുന്നു
1957ല്‍ കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭ കോഴിക്കോട്ടൊരു മെഡിക്കല്‍ കോളജ് തുടങ്ങാന്‍ തീരുമാനിക്കുന്നു. അബ്ദുല്ലയുടെ പഴയ സ്വപ്നം ഒന്നുകൂടെ പൂവിട്ടു. എ.ആര്‍ മേനോനായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അപേക്ഷ നല്‍കിയവരില്‍ നിന്നും 250 പേരെ തിരഞ്ഞെടുത്തു. അതിലൊരാള്‍ മാഷായ അബ്ദുല്ലയും. പേരിലെ ആദ്യാക്ഷരങ്ങള്‍ തുണയായതിനാല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ അബ്ദുല്ല ഒന്നാമനായി. 1963ല്‍ ഭിഷംഗ്വര ബിരുദം നേടി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് പുറത്തിറങ്ങി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.പി ഉമ്മര്‍ കോയയുടെ അഭ്യര്‍ഥന പ്രകാരം കോഴിക്കോട് ജനറല്‍ ആശുപത്രിയി(കോട്ടപ്പറമ്പ്)ല്‍ ഡോക്ടറായി സേവനം തുടങ്ങി.
യഥാര്‍ഥ വഴിത്തിരിവ്
വിവിധ രോഗങ്ങള്‍ക്കു വ്യത്യസ്തമായ വിഭാഗങ്ങളില്ലാത്ത കാലം. പല്ലും കണ്ണും ഇ.എന്‍.ടിയും പ്രസവവും ഓപ്പറേഷനും മരുന്നും അനസ്‌തേഷ്യയുമെല്ലാം കൈകാര്യം ചെയ്യുന്നതിനു പുറമെ കേസുകളുമായി ബന്ധപ്പെട്ടു കോടതിയിലും പോവണം. അബ്ദുല്ലയ്ക്കു തിരക്കോടുതിരക്ക്. ബിരുദാനന്തര പഠനത്തിനു സാധ്യതകളുണ്ടായിരുന്നു. പക്ഷെ അതിനേക്കാള്‍ ആവശ്യം അനുഭവങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ഊണും ഉറക്കവുമില്ലാതെ ആശുപത്രിയില്‍ തുടര്‍ന്നു. കോഴിക്കോട്ടെ ആശുപത്രിയിലേക്കു അപൂര്‍വമായി വയനാട്ടില്‍ നിന്നും രോഗികളെത്താറുണ്ട്.
വളരെ അത്യാസന്നമാകുമ്പോഴാണു പലരും എത്തിപ്പെടുക. ഗുഹാവാസികളെപ്പോലെ എത്തിച്ചേരുന്ന ആദിവാസികളുടെയും മറ്റും ദയനീയസ്ഥിതി അബ്ദുല്ലയുടെ മനസിനെ പലപ്പോഴും ആകുലപ്പെടുത്തി. ഒരു ഗുമസ്ഥനായി പോലും വയനാട്ടിലേക്കു ആരും പോകാന്‍ ഇഷ്ടപ്പെടാത്ത കാലമാണത്.
ലണ്ടനില്‍ പോകാത്ത മണ്ടന്‍
കോഴിക്കോട്ടുനിന്നും വയനാട്ടിലേക്കു ജോലിമാറ്റം വേണമെന്നാവശ്യപ്പെട്ട് ഒരു ഡോക്ടര്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബലറാമിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് തന്നെ ആശ്ചര്യമായി, അമ്പരപ്പും. ഒടുവിലയാള്‍ ചോദിച്ചു. 'അബ്ദുല്ലാ നിനക്കു വട്ടാണോ'.
തീരുമാനം ഉറച്ചതാണെന്നു പറഞ്ഞപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയിലേക്കു ട്രാന്‍സ്ഫറെഴുതി. അക്കാലത്ത് എം.ബി.ബി.എസ് കഴിഞ്ഞാല്‍ പലരും ലണ്ടനിലോ അമേരിക്കയിലോ പോയി പ്രാക്ടീസ് ചെയ്യും. ചിലര്‍ ഉപരിപഠനത്തിനും പോകാറുണ്ട്. പല സഹപാഠികളും അങ്ങനെ ചെയ്തു. പക്ഷേ ഒന്നുമല്ലാതിരുന്ന തന്നെ ഡോക്ടറാക്കിയ ദൈവത്തോടു നന്ദി ചെയ്യാനുള്ള ഉള്‍വിളിയുമായാണ് അബ്ദുല്ല വയനാട്ടിലെ പട്ടിണിപ്പാവങ്ങളെ ചികിത്സിക്കാന്‍ ഇറങ്ങിത്തിരിച്ചത്.
1965 മെയില്‍ വയനാട്ടിലെ ആദ്യ ഡോക്ടറായി ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍. താമരശ്ശേരി ചുരം മുതല്‍ ഗുണ്ടല്‍ പേട്ട വരേയും ഗൂഡല്ലൂര്‍ മുതല്‍ പനമരം വരേയും അധികാരപരിധിയുള്ള വയനാടിന്റെ ഡോക്ടര്‍. ജനലുകളും വാതിലുമില്ലാത്ത പനമ്പുകൊണ്ടു പണിത സര്‍ക്കാര്‍ ആശുപത്രി. രാവും പകലും നിലയ്ക്കാത്ത മഴ. രാത്രിയില്‍ കുടികിടപ്പവകാശം ലഭിച്ചപോലെ പശുക്കള്‍ കയറിക്കിടക്കും. ദിനംപ്രതി 50 പേര്‍ക്കു മാത്രം ചികിത്സ. ആകെയുള്ളത് നാലു മരുന്നുകള്‍ മാത്രം. ഡോക്ടര്‍ എത്തിയതോടെ രോഗികളുടെ പ്രവാഹമായി. ചില ദിവസങ്ങളില്‍ അഞ്ഞൂറിലേറെപ്പേര്‍ എത്തും 50 പേര്‍ക്കുള്ള മരുന്നുകൊണ്ട് 500 പേരെ ചികിത്സിച്ചു. ആര്‍ക്കും പരാതിയില്ല. മരുന്നുമാത്രമല്ല തന്റെ സമീപനം കൂടിയാണ് പലരുടെയും രോഗം മാറ്റുന്നതെന്നു അദ്ദേഹം പഠിച്ചു.
അറിവില്ലായ്മയും അന്ധവിശ്വാസങ്ങളും അസൗകര്യങ്ങളും കൊടികുത്തിവാഴുമ്പോള്‍ അബ്ദുല്ല ഡോക്ടറുടെ അടുത്തെത്തുന്നരോഗികള്‍ക്കു അദ്ദേഹമൊരു ചികിത്സകന്‍ മാത്രമായിരുന്നില്ല, എല്ലാമായിരുന്നു. ആതുരസേവനത്തിലെ കൈപുണ്യമെന്ന ദൈവാനുഗ്രഹം ആ വിരലുകളിലൂടെ അവര്‍ അനുഭവിച്ചറിഞ്ഞു. അദ്ദേഹം പച്ചവെള്ളം കൊടുത്താലും രോഗശമനമായി.
വയനാടന്‍ മലമടക്കുകളില്‍ നിന്നും കൊടുംവനാന്തരങ്ങളില്‍ നിന്നുമെത്തുന്ന മനുഷ്യക്കോലങ്ങള്‍. യശമാനനേ എന്നു വിളിച്ച് അടുത്തെത്തുന്ന ആദിവാസികള്‍. കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രതിദിനം നൂറോളം പ്രസവങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന ഡോക്ടര്‍ക്ക് വയനാട്ടിലും അതിനുകുറവുണ്ടായിരുന്നില്ല. വയനാട്ടില്‍ ആശുപത്രി പരിശോധന മാത്രമായിരുന്നില്ല. കാടും മലയും താണ്ടി ആദിവാസി ഊരുകളിലെത്തിയും ചികിത്സിക്കണം. പകര്‍ച്ചരോഗവും മരണവുമൊക്കെ ഊരുകളില്‍ താണ്ഡവമാടിയപ്പോള്‍ അവരുടെ യശമാനന്‍ ദൈവദൂതനെപ്പോലെ കടന്നുചെന്നു. സമ്പന്നനോ ദരിദ്രനോ ഭേദമില്ലാതെ സര്‍വരുടേയും പ്രിയപ്പെട്ട ഡോക്ടറായി അബ്ദുല്ല മാറി.
അത്ഭുതമായിരുന്നു അബ്ദുല്ല ഡോക്ടര്‍
പതിനായിരക്കണക്കിനു പ്രസവങ്ങള്‍, ജില്ലയിലെ ആദ്യത്തെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ലോഡ്ജില്‍ നടത്തിയ സിസേറിയന്‍, അത്യപൂര്‍വങ്ങളായ അനേകം കേസുകള്‍ ഇന്നത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു സ്വപ്നം കാണാന്‍പോലുമാവാത്ത അവസരങ്ങളായിരുന്നു. ബത്തേരി സര്‍ക്കാര്‍ ആശുപത്രിയിലെ സേവനകാലത്ത് മൂന്നുതവണയാണ് സ്ഥലംമാറ്റ ഉത്തരവു വന്നത്. പക്ഷേ നാട്ടുകാര്‍ അദ്ദേഹത്തെ പോകാന്‍ സമ്മതിച്ചില്ല. അവരിടപെട്ടു അവ റദ്ദ് ചെയ്യിച്ചു. മന്ത്രി വെല്ലിങ്ടണിന്റെ കാലത്തു മാവൂര്‍ ഗ്വാളിയോറയോണ്‍സിലേക്കു വീണ്ടും സ്ഥലംമാറ്റം. സമ്മര്‍ദങ്ങള്‍ ഫലിച്ചില്ല. നാട്ടുകാര്‍ ഡോക്ടറെ വിട്ടില്ല. ഒടുക്കം വയനാട്ടുകാര്‍ക്കുവേണ്ടി സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും അദ്ദേഹം രാജിയായി.
വയനാടന്‍ ചുരമിറങ്ങി നാട്ടിലേക്കു പോകാന്‍ അബ്ദുല്ലയ്ക്കാകുമായിരുന്നില്ല. കുഞ്ഞാന്‍ ക്ലിനിക്ക് -വയനാട്ടിലെ ആദ്യ സ്വകാര്യ നഴ്‌സിങ് ഹോമായി 1967ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലയിലെ ആദ്യ എക്‌സറേ യൂനിറ്റും ഇവിടെ നിലവില്‍വന്നു. പിന്നീടതു ഡോ. അബ്ദുല്ലാസ് ക്ലിനിക്കായി. ക്ലിനിക്കിന്റെ കവാടങ്ങള്‍ വയനാട്ടുകാരുടെ ബന്ധുവീടായിരുന്നു. തലമുറകള്‍ മാറിവന്നപ്പോഴും ചികിത്സകന്‍ അബ്ദുല്ല മാത്രം. രോഗം മാത്രമല്ല രോഗിയുടെ കുടുംബവും അവരുടെ താവഴികളും ചരിത്രവും ഡോക്ടര്‍ക്കു കാണാപാഠം. ജില്ലയിലെ ഐ.എം.എയുടെ പ്രഥമ പ്രസിഡന്റ്.
കാലപ്രവാഹത്തില്‍ വയനാടും സുല്‍ത്താന്‍ ബത്തേരിയും വികസന പാതയിലേക്കു കുതിച്ചോടി. എങ്കിലും ബത്തേരി ബസ് സ്റ്റാന്‍ഡിനടുത്ത അബ്ദുല്ലാസ് ക്ലിനിക്കിന്റെ വാതിലുകള്‍ സദാ തുറന്നുവച്ചിരുന്നു. സ്‌പെഷാലിറ്റികളും ആധുനിക സങ്കേതങ്ങളും മരുന്നുകച്ചവടവും ആള്‍ട്രാ മെഡിസിനുമെല്ലാം അരങ്ങുതകര്‍ത്തപ്പോഴും ബത്തേരിക്കാരുടെ അബ്ദുല്ല ഡോക്ടര്‍ അവിടെത്തന്നെ ജീവിച്ചു. അല്ലാഹുവിന്റെ വിനീതദാസനായി. സമൂഹത്തിലെ ഏറ്റവും അധസ്ഥിതര്‍ക്കും ആലംബഹീനര്‍ക്കും ആ കരങ്ങള്‍ സാന്ത്വനത്തിന്റെ ദിവ്യസ്പര്‍ശമായി. തന്റെ പേരിനെ അന്വര്‍ഥമാക്കുകയായിരുന്നു ആ മഹാ ജീവിതമെന്ന് ഡോക്ടറുടെ സന്തത സഹചാരിയായ കുറുപ്പംകണ്ടി നാസര്‍ ഓര്‍ക്കുന്നു. പരേതയായ ചെറുവണ്ണൂര്‍ തെക്കുംപുറത്തെ ആമിനയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ഇവരില്‍ നാലു മക്കളുണ്ട്. കീഴ്‌ശേരിയിലെ പി.കെ ആമിനയെയാണ് രണ്ടാമതു വിവാഹം കഴിച്ചത്. പേരമക്കളും മറ്റുമായി പതിനൊന്നോളം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."