ജനകീയ സംഗീതത്തിലെ വിപ്ലവ കനലിന് നൊബേല്‍ തികവ്
ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടിട്ടു ദിവസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിച്ച പ്രതിഭ അതു അറിഞ്ഞതായി നടിച്ചിട്ടില്ല. അതേ ക്കുറിച്ച് എന്തെങ്കിലും പ്രതികരിച്ചിട്ടില്ല. വിവരം അറിയിക്കാന്‍ നൊബേല്‍ അധികൃതര്‍ വിളിച്ചിട്ട് ഫോണിലും കിട്ടിയില്ല. ഇക്കാലത്തും ഇങ്ങനെയൊരാളോ?
അതെ. അതാണ് ബോബ് ഡിലന്‍. അറുപതുകള്‍ മുതല്‍ അരനൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള സംഗീതപ്രേമികളെ ത്രസിപ്പിച്ച അമേരിക്കന്‍ നാടോടി ഗായകന്‍. സ്വഭാവത്തെ കുറിച്ച് ഏകദേശ ചിത്രം കിട്ടിയില്ലേ. പുരസ്‌കാര വിവരം നേരിട്ടു അറിയിക്കാന്‍ സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി സാറാ ഡാനിയസ് അഞ്ചു ദിവസത്തിനിടെ പലതവണയാണ് ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചത്. പക്ഷേ ഡിലനെ മാത്രം കിട്ടിയില്ല. ഒടുവില്‍ ഡിലന്റെ സുഹൃത്തിനെ അവര്‍ ഇ മെയിലിലൂടെ വിവരമറിയിച്ചു. അല്ലാതെ എന്തു ചെയ്യുമെന്ന് സാറാ ചോദിക്കുന്നു.
സാഹിത്യ നൊബേല്‍ സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ അതു ഡിലന്റെ പേരിലാകുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. വിപ്ലവഗാനങ്ങളുടെ ഈരടികളുമായി നടക്കുന്ന ഈ മനുഷ്യന്റെ ജീവിതവും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്.
ഒരു സംഗീതജ്ഞനു ഏറ്റവും പ്രശസ്തമായ സാഹിത്യ പുരസ്‌കാരം വന്നുചേരുന്നതും അപൂര്‍വമാണ്. പരമ്പരാഗതമായി നൊബേലിനു പരിഗണിച്ചിരുന്ന നോവലുകള്‍, കവിത, ചെറുകഥകള്‍ എന്നിവയിലൊന്നും ബോബ് ഡിലന്‍ ഉള്‍പ്പെട്ടിരുന്നില്ല. പുരസ്‌കാര പ്രഖ്യാപന ദിവസം അമേരിക്കയിലെ ലാസ്്‌വേഗാസിലെ സംഗീതപരിപാടിയില്‍ ഡിലന്‍ പങ്കെടുത്തിരുന്നു. പിന്നീട് അദ്ദേഹത്തെ മാധ്യമങ്ങള്‍ക്കു പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പുരസ്‌കാരം ഡിലന്‍ സ്വീകരിക്കുമോയെന്ന കാര്യത്തിലും ആശങ്കയുണ്ടണ്ട്.
അലന്‍ സിമ്മര്‍മാന്‍ എന്നാണ് ഡിലന്റെ യഥാര്‍ഥ പേര്. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഡിലന്‍ ആയത്. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം കോളജില്‍ ചേര്‍ന്നെങ്കിലും ആദ്യവര്‍ഷം തന്നെ പുറത്താക്കപ്പെട്ടു. തുടര്‍ന്നാണ് സംഗീതരംഗത്തേക്കു പ്രവേശിച്ചത്. ഡിലന്റെ വരികളിലെ തീവ്രതയും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളുമാണ് കോളജ് വിദ്യാഭ്യാസംപോലും നേടാത്ത ഡിലനെ നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്തുന്നത്.
കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിനുവേണ്ടിയാണ് ഡിലന്‍ ആദ്യം തന്റെ ഗാനങ്ങളെ ഉപയോഗിച്ചത്. പിന്നീട് സ്വാതന്ത്ര്യം, പൗരാവകാശം, മൗലികാവകാശം, വര്‍ണ, വര്‍ഗവിവേചനം തുടങ്ങിയ മേഖലകളിലെ പോരാളികള്‍ക്കും ഡിലന്റെ സംഗീതം കരുത്തുപകരുന്ന ആയുധമായി. യുദ്ധവിരുദ്ധ മുന്നേറ്റവും സമാധാനവുമായിരുന്നു ഡിലന്‍ സംഗീതത്തില്‍ ഉയര്‍ന്നുകേട്ട പ്രമേയങ്ങള്‍. നിരവധി രാജ്യങ്ങളിലെ സ്വാതന്ത്ര്യവാദ ഗ്രൂപ്പുകള്‍ ഡിലന്റെ സംഗീതം തങ്ങളുടെ ദേശീയഗാനമായി പ്രഖ്യാപിച്ചു. പേരാട്ടവേദികളിലെ സ്ഥിരം സാന്നിധ്യമായി ഡിലന്റെ വിപ്ലവഗാനങ്ങള്‍. മനുഷ്യന്‍, മതം, പ്രണയം, രാഷ്ട്രീയം എന്നീ വിഷയങ്ങളും ഡിലന്‍ സംഗീതത്തിലെ വിഷയമാക്കി.
അമേരിക്കന്‍ നാടോടി ഗാനത്തിന്റെ തനത് രൂപഭംഗിയില്‍ നിന്നാണ് ഡിലന്‍ സംഗീതം പിറവിയെടുക്കുന്നത്. അമേരിക്കയിലെ പൗരാവകാശത്തിനുള്ള പോരാട്ടത്തിനു ഡിലന്‍ സംഗീതം നിര്‍ണായക പങ്കുവഹിച്ചു. യുദ്ധം തീരാവേദനയാണെന്നു പറഞ്ഞ ഡിലന്റെ ഫ്‌ളോയിങ് ഇന്‍ ദി വിന്‍ എന്ന ആല്‍ബം ലോകത്തു ഏറ്റവും കൂടുതല്‍ വിറ്റഴിച്ചു.
1993ല്‍ നോവലിസ്റ്റ് ടോണി മോറിസണിന് ശേഷം ആദ്യമായി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന അമേരിക്കക്കാരനാണ് അദ്ദേഹം. 1941 മെയ് 24നു മിനിസോട്ടയിലെ ഡെലൂത്തിലാണ് ഡിലന്‍ ജനിച്ചത്. സോവിയറ്റ് റഷ്യയിലെ ഒഡേസ (ഇന്നത്തെ ഉക്രൈന്‍) യിലാണ് അദ്ദേഹത്തിന്റെ പൂര്‍വിക കുടുംബമുള്ളത്. വടക്കുകിഴക്കന്‍ തുര്‍ക്കിയിലാണ് തന്റെ മുത്തശ്ശിയുടെ കുടുംബമെന്നു ക്രോണിക്കിള്‍ എന്ന ജീവചരിത്രത്തില്‍ ഡിലന്‍ പറയുന്നുണ്ട്. 50 ലേറെ ആല്‍ബങ്ങള്‍ രചിച്ച അദ്ദേഹത്തിനു 11 ഗ്രാമി അവാര്‍ഡുകളും ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചു. 1961ല്‍ ന്യൂയോര്‍ക്കിലെത്തിയ ഡിലന്‍ ഗ്രീന്‍വിച്ച് ഗ്രാമത്തിലെ ക്ലബുകളിലും കഫേകളിലുമാണ് സംഗീതപരിപാടികള്‍ അവതരിപ്പിച്ചത്. പിന്നീട് അടുത്തവര്‍ഷം സ്വന്തം പേരിലുള്ള സംഗീത ആല്‍ബത്തിനായി റെക്കോര്‍ഡ് നിര്‍മാതാവ് ജോണ്‍ ഹാമണ്ടുമായി കരാറുണ്ടാക്കി.
'ജനകീയ സംഗീതത്തിലെ ശക്തമായ സാന്നിധ്യം' എന്ന് സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ മറ്റു ആല്‍ബങ്ങളില്‍ 'ബ്രിംഗ് ഇറ്റ് ആള്‍ ബാക്ക് ഹോം,' 'ഹൈവേ 61 റീവിസിറ്റഡ്' (1965), 'ബ്ലോണ്ടെ ഓണ്‍ ബ്ലോണ്ടെ' (1966), 'ബ്ലെഡ് ഓണ്‍ ദ ട്രാക്‌സ്' (1975), 'ഓഹ് മേഴ്‌സി' (1989), 'ടൈം ഔട്ട് ഓഫ് മൈന്റ്'(1997), 'മോഡേണ്‍ ടൈംസ്' (2006) എന്നിവയും ഉള്‍പ്പെടുന്നു. സംഗീതത്തോടൊപ്പം ചിത്രം വരയ്ക്കുകയും അഭിനയിക്കുകയും തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."