വരള്‍ച്ചാ പ്രതിരോധം : തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി വേഗതയിലാക്കുമെന്ന്
പാലക്കാട്: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടത്താന്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. എം.ബി. രാജേഷ് എം.പിയാണ് ഇത് സംബന്ധിച്ച വിഷയമുന്നയിച്ചത്. കടുത്ത വേനല്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണമെന്നും ഇതോടൊപ്പം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കണമെന്നും എം.പി നിര്‍ദേശിച്ചു. ഓരോ പ്രവൃത്തിക്കും ആവശ്യമായ തൊഴില്‍ദിനങ്ങള്‍ സംബന്ധിച്ച് 29നകം റിപ്പോര്‍ട്ട് തയ്യാറാക്കും. മണ്ഡലാടിസ്ഥാനത്തില്‍ പ്രാദേശികമായ ജലസ്രോതസുകള്‍ കണ്ടെത്തി കൂടുതല്‍ പേര്‍ക്ക് ഗുണപരമായതും എന്നാല്‍ ചുരുങ്ങിയ ചെലവില്‍ ചെയ്യാവുന്നതുമായ പ്രവൃത്തികള്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ രണ്ടാം വിളയായി തയ്യാറാക്കിയ ഞാറ്റടി പറിച്ചുനടാന്‍ വെള്ളമില്ലെന്നും പറിച്ചു നട്ട ഞാറുകള്‍ ഉണങ്ങുന്ന അവസ്ഥയിലുമായതിനാല്‍ ചെറുകിട ജലസേചന പദ്ധതികള്‍ അറ്റകുറ്റപ്പണി നടത്തണമെന്നും നാശനഷ്ടങ്ങള്‍ക്ക് സഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് വി.റ്റി.ബല്‍റാം എം.എല്‍.എ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയ പരിസരത്തും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി കടത്ത് തടയുന്നതിന് ചെക്ക് പോസ്റ്റുകളിലും എക്‌സൈസ് - പോലീസ് പരിശോധന ഊര്‍ജിതമാക്കും. ബസുകളില്‍ ലഹരി കടത്തുന്നത് തടയാന്‍ മിന്നല്‍ പരിശോധന നടത്തും. പി.റ്റി.എ. യെ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ ബോധവത്ക്കരണം നടത്താനും തീരുമാനിച്ചു.
ജില്ലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ദീര്‍ഘകാല അനധികൃത അവധിയില്‍ പ്രവേശിക്കുന്ന പ്രവണത യോഗം ചര്‍ച്ച ചെയ്തു. അനധികൃത അവധികള്‍ സൂപ്രണ്ടുമാര്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ആഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് നല്‍കി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ ഡി.എം.ഒ യോട് നിര്‍ദ്ദേശിച്ചു.
തമിഴ്‌നാട്ടിലേയ്ക്ക് പറമ്പിക്കുളം വനത്തിലൂടെ 10 കി.മീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനായി സാധ്യതാ പഠനം നടത്തി സര്‍ക്കാരിലേയ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു. ആദിവാസി മേഖലയില്‍ വിനിയോഗിക്കുന്ന ഫണ്ട് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ തന്നെ പങ്കെടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പരാതികളായി തന്നെ കണക്കാക്കി തുടര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ചിറ്റൂര്‍ ഗവ. കോളജില്‍ 10 കോടി ചെലവില്‍ പൊതുമരാമത്ത് നടത്തുന്ന പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും. ചിറ്റൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ 45 ലക്ഷത്തിന്റെ പ്രവൃത്തികള്‍ ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍ തുടങ്ങും.പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വിനിയോഗിക്കുന്നതിനായി ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ അതത് എം.എല്‍ എ മാരുടെ ശ്രദ്ധയില്‍പ്പെടുത്തും. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിക്ക് ഭൂമി ലഭ്യമാക്കുന്നതിന് സന്നദ്ധരായ വ്യക്തികളില്‍ നിന്നും നെഗോഷേറ്റ് ചെയ്ത് തുക നല്‍കി ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. മലമ്പുഴ ഉദ്യാനത്തില്‍ ഡിസംബറില്‍ നടക്കുന്ന പുഷ്പമേളയ്ക്ക് എല്ലാ ജനപ്രതിനിധികളുടെയും വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കും. പൊലിസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തോക്ക് ലൈസന്‍സ് അനുവദിക്കേണ്ടതുള്ളുവെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
എം.ബി.രാജേഷ്.എം.പി, എം.എല്‍.എ മാരായ പി.ഉണ്ണി, കെ.കൃഷ്ണന്‍കുട്ടി, വി.റ്റി.ബല്‍റാം , കെ.ഡി.പ്രസേനന്‍, കെ.ബാബു, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രതിനിധി പി.ടി.എ സലാം, മന്ത്രി എ.കെ.ബാലന്റെ പ്രതിനിധി സി.കെ.ചാമുണ്ണി. സബ് കലക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം. എസ്. വിജയന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈാന്‍ , ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."