തൃക്കാക്കരയില്‍ ഗ്രീന്‍ സിറ്റി, ക്ലീന്‍സിറ്റി പദ്ധതി നടപ്പാക്കുന്നു
കാക്കനാട്: തൃക്കാക്കര മണ്ഡലത്തെ മനോഹരവും, ഹരിതവുമാക്കുക എന്ന ലക്ഷ്യത്തോടെ പി.ടി തോമസ് എം.എല്‍.എ ഗ്രീന്‍ സിറ്റി, ക്ലീന്‍സിറ്റി പദ്ധതി നടപ്പാക്കുന്നു. മൊത്തം 62 ലക്ഷം രൂപയുടെ വികസന ഫണ്ട് അസോസിയേഷനുകളില്‍ വിനിയോഗിക്കും.
സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്ന ജനങ്ങളുടെ കൂട്ടായ്മയായ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച റെസിഡന്റ് അസോസിയേഷന് മഹാത്മജി പുരസ്‌കാരം നല്‍കുമെന്ന് പി.ടി തോമസ് എംഎല്‍എ അറിയിച്ചു. ഒരു സ്വതന്ത്ര സൂപ്പര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി റെസിഡന്റ്‌സ് അസോസിയേഷനുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്നും എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രശസ്തി പത്രവും ഫലകവും മറ്റു സമ്മാനങ്ങളും കൂടാതെ വിജയികളായ അസോസിയേഷന്റെ പരിധിക്കകത്ത് അസോസിയേഷന്‍ നിര്‍ദേശിക്കുന്ന എം.എല്‍.എ ഫണ്ട് വര്‍ക്കും ലഭിക്കും. ഒന്നാംസ്ഥാനക്കാര്‍ക്ക് പത്തുലക്ഷവും രണ്ടാം സ്ഥാനത്തിന് ഏഴുലക്ഷവും മൂന്നാംസ്ഥാനത്തിന് അഞ്ചുലക്ഷവും എം എല്‍ എ ഫണ്ട് വര്‍ക്ക് നല്‍കും. കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലും രണ്ടായിട്ടാണ് വിലയിരുത്തുന്നത്. പ്രോത്‌സാഹന സമ്മാനമായി ആറ് അസോസിയേഷനുകള്‍ക്ക് മൂന്നുലക്ഷം രൂപയുടെ ഫണ്ട് വര്‍ക്കും നല്‍കും. ഇത് ഓരോ വര്‍ഷവും നടപ്പാക്കുമെന്നും ഈ വര്‍ഷത്തെ അവാര്‍ഡ് മാര്‍ച്ച് 31ന് പ്രഖ്യാപിക്കുമെന്നും എം.എല്‍.എ കൂട്ടി ചേര്‍ത്തു.
റോഡിനു മുന്‍വശം താമസിക്കുന്ന അസോസിയേഷന്‍ അംഗങ്ങളുടെ റോഡ് പരിസരം ഭംഗിയായി പരിപാലിക്കുന്ന കുടുംബങ്ങള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും , രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും കാഷ് അവാര്‍ഡ് നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു.
മൂന്നുഘട്ടമായിട്ടാണ് വിലയിരുത്തല്‍ നടത്തുന്നത്. അസോസിയേഷന്‍ പരിധിയില്‍ ഒരു മാതൃകാ റോഡ്, കാരുണ്യ പ്രവര്‍ത്തനം, വിശദമായ വിലയിരുത്തല്‍ എന്നിവ. അവാര്‍ഡ് ദാന ദിവസം സഹൃദയ സംവാദവും നടത്തും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സിസംബര്‍ 30 വരെ പാലാരിവട്ടത്ത് ബി.എസ്.എന്‍.എല്‍ ഓഫീസിന് അടുത്തുള്ള എം.എല്‍.എ ഓഫിസില്‍ നിന്നു ലഭിക്കും. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."