പൊതുസ്ഥലങ്ങളില്‍ പരസ്യം പതിക്കുന്നതിന് മാനദണ്ഡങ്ങളുമായി ഖത്തര്‍
ദോഹ: മുന്‍കൂര്‍ അനുമതിയില്ലാതെ കടകളിലും വിവിധ ഔട്ട്‌ലെറ്റുകളിലും വാഹനങ്ങളിലും പരസ്യം പതിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം. ഉത്തരവ് ലംഘിക്കുന്നവര്‍ 10,000 റിയാല്‍ വരെ പിഴ അടക്കേണ്ടി വരുമെന്നു ഖത്തര്‍ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അനധികൃതമായി സ്റ്റിക്കര്‍ പതിച്ച നിരവധി ഷോപ്പ് ഉടമകളില്‍ നിന്നും പൊതുനിരീക്ഷണ വകുപ്പ് അടുത്തിടെ പിഴ ഈടാക്കിയിരുന്നു. ഇതേതുടര്‍ന്ന് ദോഹ മുനിസിപ്പാലിറ്റിയിലെ ടെക്‌നിക്കല്‍ വകുപ്പിന്റെ കീഴില്‍ പരസ്യം പതിക്കാന്‍ അനുമതി തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിതായി ടെക്‌നിക്കല്‍ വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല ഇബ്രാഹിം അല്‍ സദ പറഞ്ഞു.
കടകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലും വാഹനങ്ങളിലുമെല്ലാം പരസ്യം പതിക്കാനുള്ള അനുമതി നല്‍കുന്നത് ടെക്‌നിക്കല്‍ വകുപ്പാണ്. ഇവ നിരീക്ഷിക്കാനുള്ള ചുമതല പൊതു നിരീക്ഷണ വകുപ്പിനാണുള്ളത്.
കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ പരിശോധനയില്‍ അനുമതിയില്ലാതെ പരസ്യം പതിച്ചതിനെ തുടര്‍ന്ന് നിരവധി കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ദോഹയില്‍ താത്ക്കാലികമായി പരസ്യം പതിക്കുന്നതിന് മീറ്ററിന് 20 റിയാലും ദോഹക്ക് പുറമേയുള്ള സ്ഥലങ്ങളില്‍ പത്ത് റിയാലുമാണ് ഈടാക്കുന്നത്.
പരസ്യം പതിക്കുന്നതിനുള്ള വാര്‍ഷിക നിരക്ക് 200 റിയാലാണ്. പരസ്യം പതിക്കാനുള്ള അനുമതി തേടുന്നതിനുള്ള നടപടി ക്രമങ്ങള്‍ 15 മിനുട്ടിനുള്ളില്‍ പൂര്‍ത്തിയാകും. ഇത്ര അനായാസമായി അനുമതി തേടാമെന്നിരിക്കെ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തെക്കുറിച്ച് അറിവില്ലായ്മ, ഫീസ് ഒഴിവാക്കല്‍, മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വരിക തുടങ്ങി നിരവധി കാരണങ്ങളാലാണ് പലരും നിയമം ലംഘിക്കുന്നത്.
പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണ്ടവര്‍ വാണിജ്യ പെര്‍മിറ്റ്, വാണിജ്യ രജിസ്‌ട്രേഷന്‍, പരസ്യത്തിന്റെ ചിത്രം, അപേക്ഷ ഫോറം എന്നിവയാണ് നല്‍കേണ്ടത്. പ്രൊമോഷണല്‍ പരസ്യങ്ങള്‍ക്ക് സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. പരസ്യത്തില്‍ പ്രധാന ഭാഷ അറബി ആയിരിക്കണം എന്നതാണ് വ്യവസ്ഥ.
അറബി ഭാഷക്കൊപ്പം മറ്റേതെങ്കിലും ഭാഷ ഉപയോഗിക്കാനുള്ള അനുമതിയും നല്‍കുന്നുണ്ട്. കടകളിലും വാഹനങ്ങളിലും കൂടുതല്‍ പേരും സ്റ്റിക്കര്‍ പരസ്യങ്ങളാണ് പതിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."