കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ വിശ്രമത്തില്‍ പ്രതിമാസം പതിനായിരങ്ങള്‍ വാടക നല്‍കി ഓഫിസുകളുടെ പ്രവര്‍ത്തനം
വടക്കാഞ്ചേരി: കോടികള്‍ മുടക്കി വടക്കാഞ്ചേരി നഗരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മിനി സിവില്‍ സ്‌റ്റേഷനും സര്‍ക്കാര്‍ കെട്ടിട സമുച്ചയവും. ഉദ്ഘാടനം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടിട്ടും ഈ കെട്ടിടങ്ങളിലേക്കു നിശ്ചയിക്കപ്പെട്ട ഒഫിസുകള്‍ ഇപ്പോഴും പഴയ സ്ഥലങ്ങളില്‍ തന്നെ. ഇതില്‍ ഐ.സി.ഡി പ്രോജക്റ്റ് ഓഫിസ് പ്രതിമാസം 3,320 രൂപയും കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസ് 19,583 രൂപയും, ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസ് 5,447 രൂപയും വാടക നല്‍കിയാണു പ്രവര്‍ത്തിയ്ക്കുന്നത്. സബ് ട്രഷറി, താലൂക്ക് ഓഫിസിലെ ഇലക്ഷന്‍ വിഭാഗം, സര്‍വേ സൂപ്രണ്ട് ഓഫിസ് എന്നിവ സര്‍ക്കാര്‍ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതു കൊണ്ടാണ് വാടക നല്‍കാതെ പ്രവര്‍ത്തിക്കാനാകുന്നത്. ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് ഇനിയും മാറ്റി സ്ഥാപിയ്ക്കാനായിട്ടില്ല.
ജനങ്ങള്‍ക്കു കൂടുതല്‍ ഉപകാരപ്രദമായ താലൂക്ക് സപ്‌ളൈ ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്കു മാറ്റി സ്ഥാപിക്കുന്നതിനും നടപടി ഉണ്ടാകുന്നില്ല. ഈ ഓഫിസ് ട്രഷറി ഓഫിസ് മാറിയതിനു ശേഷം അവിടേക്കു മാറ്റാം എന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ ഇത് ജനങ്ങള്‍ക്കു വലിയ ദുരിതം സമ്മാനിക്കുന്നതാകുമെന്ന ആരോപണവും ഉയര്‍ന്ന് കഴിഞ്ഞു. താലൂക്കിലെ 77 വില്ലേജുകളില്‍ അഞ്ച് ഫര്‍ക്കകളിലായി 232 റേഷന്‍ കടകളാണ് പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടു തന്നെ സ്ഥല സൗകര്യവും അനിവാര്യമാണ്. ഇപ്പോള്‍ തന്നെ ട്രഷറിയിലേക്ക് പോകാനും വരാനും വലിയ ബുദ്ധിമുട്ടാണ്. മജിസ്‌ട്രേറ്റ് കോടതിയുടെ വരാന്തയിലൂടെയുള്ള സഞ്ചാരം ജനങ്ങളെ വലക്കുന്നു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 232 റേഷന്‍ കടകളിലെ ഡീലര്‍മാര്‍ ഇന്‍ഡന്റ് കൊടുക്കാനും വാങ്ങാനും വരേണ്ടതുണ്ട്. കേസ് നടക്കുന്ന ദിവസങ്ങളില്‍ കോടതി വരാന്തയിലും വലിയ തിരക്കാണ് അനുഭവപ്പെടുക. അതു കൊണ്ടു തന്നെ ഓഫിസ് ഇങ്ങോട്ടു മാറ്റിയാല്‍ അതു ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുക.
സര്‍ക്കാര്‍ ഓഫിസ് കോംപ്ലക്‌സില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും വെള്ളമെത്തിക്കാന്‍ നടപടി ഇല്ല. കിണറും ബോര്‍വെല്ലും ഉണ്ടെങ്കിലും മോട്ടോര്‍ ഇല്ലാത്തതാണ് പ്രതിസന്ധി. ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണ് ഇതിനു കാരണമെന്ന് ആരോപിച്ച് തെക്കുംകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ഇ ഷെയ്ക്ക് അബ്ദുള്ള രംഗത്തെത്തി. അധികൃതര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."