വ്യാജരേഖ ചമച്ച സംഭവം; ആദിവാസി വിദ്യാര്‍ഥിക്കെതിരേകേസ്
അഗളി: സൈലന്റ് വാലി ഡി.എഫ്.ഒയുടെ വ്യാജസീല്‍ നിര്‍മിച്ച് വ്യാജരേഖ ചമച്ച സംഭവത്തില്‍ ആദിവാസി വിദ്യാര്‍ഥിക്കെതിരെ അഗളി പൊലിസ് അറസ്റ്റ് ചെയ്തു. നായ്ക്കര്‍പാടി സ്വദേശി ഭരതന്‍ (19) ആണ് അറസ്റ്റിലായത്. പട്ടികവര്‍ഗക്കാരുടെ ഉന്നമനമെന്ന പേരില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ ഉപപദ്ധതിയുടെ കംപ്യൂട്ടര്‍ ഉപയോഗിച്ചാണ് വ്യാജസീല്‍ നിര്‍മിച്ചിരിക്കുന്നത്. അട്ടപ്പാടി നായ്ക്കര്‍പാടി സ്വദേശിയും പാലക്കാട് വിക്ടോറിയ കോളജില്‍ ബിരുദ വിദ്യാര്‍ഥിയുമാണ് പ്രതി. സംഭവത്തില്‍ വിദ്യാര്‍ഥിക്കുമേല്‍ സര്‍ക്കാരിന്റെ വ്യാജസീല്‍ നിര്‍മിക്കല്‍, വ്യാജപ്രമാണ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ പട്ടികവര്‍ഗ ബിരുദവിദ്യാര്‍ഥിക്ക് പൊലിസിന്റെ അറിവോ സമ്മതമോ കൂടാതെ അട്ടപ്പാടി സന്ദര്‍ശിച്ച വിദേശികളെ ഗൈഡ് ചെയ്യാന്‍ പട്ടികവര്‍ഗ പദ്ധതിയുടെ ഉദ്യോഗസ്ഥ നിയോഗിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ കോളജില്‍ നിന്ന് അവധിയായ വിദ്യാര്‍ഥിയോട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.എന്‍.ആര്‍.എല്‍.എം അധികൃതര്‍ ഈ പദ്ധതിയില്‍ ജോലി ചെയ്തിരുന്നുവെന്ന് കാണിച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇതിനായി ഡി.എഫ്.ഒയുടെ പേരില്‍ സീലും സര്‍ട്ടിഫിക്കറ്റും നിര്‍മിച്ച് വ്യാജപ്രമാണം ചമച്ച് ഹാജരാക്കിയതിലാണ് പിടിക്കപ്പെട്ടത്. വിശദമായ അന്വേഷണം നടന്നുവരുന്നതായി അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യന്‍, എസ്‌ഐ ബി.ഷാജി എന്നിവര്‍ അറിയിച്ചു.
വനംവകുപ്പിലെ ഈ ഉന്നത ഉദ്യോഗസ്ഥന്റെ സീല്‍ ഉപയോഗിച്ച് വേണമെങ്കില്‍ തടിയും ലഹരി വസ്തുക്കളും പരിശോധന കൂടാതെ കടത്തുവാന്‍ സാധിക്കും. കൂടാതെ മാവോയിസ്റ്റ് മേഖലയില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സീല്‍ നിര്‍മിച്ചത് ദുരൂഹത പരത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."