വിയ്യൂര്‍ ജയിലിലെ പ്രാര്‍ഥനാമുറികളില്‍ നായയെ കയറ്റിയതില്‍ പ്രതിഷേധം
നടപടിയെടുക്കാമെന്ന ഉറപ്പില്‍ നിരാഹാര നീക്കം തടവുകാര്‍ ഉപേക്ഷിച്ചു
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവുകാരുടെ പ്രാര്‍ഥനാ മുറികളിലും ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തും നായയെ കയറ്റി പരിശോധന നടത്തിയതില്‍ പ്രതിഷേധം. നായയെ ഉപയോഗിച്ചുള്ള പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ തന്നെ സമ്മതിക്കുകയും പരാതിയില്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തടവുകാര്‍ നിരാഹാര സമരം നടത്താനുള്ള നീക്കം ഉപേക്ഷിച്ചു. ഒരു ഉദ്യോഗസ്ഥന്റെ അശ്രദ്ധയാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് ചില ജയില്‍ ജീവനക്കാര്‍ പറയുന്നു. ജയിലിലെ ഡി ബ്ലോക്കില്‍ കഴിഞ്ഞ ദിവസം രാവിലെ കഞ്ചാവു പരിശോധനയുടെ ഭാഗമായി പരിശീലനം ലഭിച്ച നായയുമായി ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.
എന്നാല്‍, തടവുകാര്‍ക്കുള്ള ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തും നിസ്‌കാര മുറിയിലും നായ കയറിയതോടെ തടവുകാര്‍ പ്രതിഷേധിച്ചു. ഭക്ഷണ പാത്രത്തിലും തടവുകാര്‍ക്കായി അനുവദിച്ച ഖുര്‍ആന്‍ അടക്കമുള്ള ഗ്രനഥങ്ങളിലും നായ തൊട്ടതായി ആരോപിച്ചായിരുന്നു തടവുകാരുടെ പ്രതിഷേധം. ജയില്‍ സൂപ്രണ്ട് എത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും തടവുകാര്‍ പറഞ്ഞു. തടവുപുള്ളികളുടെ പരാതിയില്‍ അന്വേഷിച്ച് നടപടിയുണ്ടാകുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കി. ഇതോടെ നിരാഹാരം നടത്താനുള്ള തീരുമാനം തടവുപുള്ളികള്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു വിഭാഗത്തിന്റേയും മത ഗ്രന്ഥങ്ങളെ അനാദരിക്കുന്ന നടപടി ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്ന സമയങ്ങളില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ മാറ്റി വയ്ക്കാനുള്ള സാവകാശം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതായും സൂപ്രണ്ട് അറിയിച്ചു.അതേസമയം, ജയിലില്‍ കഞ്ചാവ് എത്തുന്നതായും ജയില്‍പ്പുള്ളികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നതിനാല്‍ പരിശോധന കര്‍ശനമാക്കുമെന്നും ജയില്‍ സൂപ്രണ്ട് വിനോദ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."