സാധാരണക്കാരന് നഷ്ടമാകുന്ന റേഷനരി
ഭക്ഷ്യ സുരക്ഷാ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നും റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ സംസ്ഥാനത്തെ റേഷന്‍ ഷാപ്പുടമകള്‍ കടകളടച്ച് നിയമസഭ മാര്‍ച്ച് നടത്തുകയുണ്ടായി. പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും റേഷന്‍ വ്യാപാരി സംയുക്ത സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡുടമകളെയും ഷാപ്പുടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന റേഷന്‍ കാര്‍ഡ് പുതുക്കലും ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാത്തതും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ വിലയില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടിക്കൊണ്ടിരുന്ന റേഷന്‍ ഷാപ്പുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായേക്കുമോ കാലാന്തരത്തില്‍ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പോസ്റ്റാഫീസുകള്‍ ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെ റേഷന്‍കടകളും പണമിടപാട് സ്ഥാപനങ്ങളായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇങ്ങനെ വരുമ്പോള്‍ സേവന മേഖലകളെല്ലാം ഇല്ലാതാകുന്ന ഒരവസ്ഥയായിരിക്കും സംജാതമാവുക. കോര്‍പ്പറേറ്റുകള്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. ഈയൊരു ചുറ്റുപാടില്‍ സംസ്ഥാന സര്‍ക്കാറിന്റെ റേഷന്‍കാര്‍ഡ് പ്രശ്‌നത്തിലുള്ള നിരുത്തരവാദപരമായ സമീപനവും കൂടിയാകുമ്പോള്‍ കേന്ദ്രസര്‍ക്കാറിന് കാര്യങ്ങള്‍ കുറേകൂടി എളുപ്പമാകും. അങ്ങനെ പൊതുവിതരണ ശൃംഖല ഇല്ലാതാകും. ഭക്ഷ്യസുരക്ഷാ നിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും പുതിയ റേഷന്‍ കാര്‍ഡുകള്‍ ഫെബ്രുവരി മുതല്‍ വിതരണം ചെയ്യുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അത് എത്രത്തോളം യാഥാര്‍ഥ്യമാവുമെന്ന് കണ്ടറിയണം. കഴിഞ്ഞ ദിവസം റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തുവാന്‍ തെക്കന്‍ ജില്ലയിലെ ഒരു താലൂക്ക് സപ്ലൈ ഓഫിസില്‍ തടിച്ചുകൂടിയവരില്‍ പലരും ബോധംകെട്ടു വീണത് വാര്‍ത്തയായിരിക്കുകയാണ്. സംസ്ഥാനത്ത് 1.54 കോടിയോളം പേര്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ അനുവദിക്കുമെന്ന് മന്ത്രി പറയുന്നുണ്ട്. ഇതിന്റെ കരട്പട്ടിക ഇതിനകം പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റേഷന്‍ കടകളില്‍ ഇപ്പോള്‍ കരട് പട്ടികയിലെ അപാകതകള്‍ പരിശോധിക്കുന്ന ഉപഭോക്താക്കളുടെ ബഹളമാണ്. പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയാല്‍ അത് പരിഹരിച്ചു കിട്ടണമെങ്കില്‍ നിരവധി കടമ്പകള്‍ ഉപഭോക്താവ് കടക്കേണ്ടിയിരിക്കുന്നു. ഇതിനായി തൊഴിലാളികള്‍ അവരുടെ തൊഴിലുപേക്ഷിച്ച് റേഷനിങ്് ഇന്‍സ്‌പെക്ടറുടെ ഓഫിസ് മുതല്‍ പഞ്ചായത്ത് സെക്രട്ടറി - കലക്ടര്‍ വരെയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട ഗതികേടിലാണുള്ളത്. ഇതെല്ലാം പരിഹരിച്ച് വരുമ്പോഴേക്കും നവംബര്‍ മുതല്‍ ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്ന കാര്യം സംശയമാണ്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ അനര്‍ഹര്‍ ധാരാളമായി ഇപ്പോഴുമുണ്ട്. സമ്പന്നര്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ തുടരുമ്പോള്‍ അര്‍ഹതപെട്ടവര്‍ പുറത്താണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരട് പട്ടിക പ്രകാരം 48 ലക്ഷം കുടുംബങ്ങളാണ് റേഷന്‍ സമ്പ്രദായത്തില്‍ നിന്നും പുറത്താകുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച കാരണം ദരിദ്ര വിഭാഗത്തിന് കിട്ടേണ്ട ഭക്ഷ്യവസ്തുക്കള്‍ അനര്‍ഹരുടെ കൈകളിലേക്കാണ് പോകുന്നത്. സംസ്ഥാനത്ത് 14217 കടകളിലായി 87 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വസ്തുക്കളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇതില്‍ പകുതിയോളം പുറത്താകുമ്പോള്‍ കേരളത്തിന്റെ സാമൂഹ്യ മേഖലയില്‍ അത് വമ്പിച്ച പ്രത്യാഘാതമായിരിക്കും സൃഷ്ടിക്കുക. കരട് പട്ടികയില്‍ ഇടംകണ്ടെത്തിയ 34 ലക്ഷം അനര്‍ഹരെ ഒഴിവാക്കി അര്‍ഹതപെട്ടവരെ ലിസ്റ്റില്‍പെടുത്താനുള്ള യാതൊരു ശ്രമവും സര്‍ക്കാറിന്റ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നത് അക്ഷന്തവ്യമായ അപരാധമാണ്. ബി.പി.എല്ലിന് അര്‍ഹതയില്ലാത്ത കാര്‍ഡുടമകള്‍ പൂരിപ്പിച്ച് നല്‍കിയ ഫോറങ്ങള്‍ യാതൊരു അന്വേഷണവും നടത്താതെ ഓഫിസിലിരുന്ന് അതേപടി ശരിവച്ചതിന്റെ ഫലമാണിങ്ങനെ സംഭവിച്ചത്.
രണ്ടാം യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ഭക്ഷ്യസുരക്ഷാ പദ്ധതി. ദാരിദ്ര നിര്‍മ്മാര്‍ജ്ജനം ലക്ഷ്യംവച്ച് അന്നത്തെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയ പദ്ധതി പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാറാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതി സംസ്ഥാനസര്‍ക്കാര്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ന് റേഷന്‍ സമ്പ്രദായം തന്നെ സംതംഭിക്കുന്ന ഒരവസ്ഥയില്‍ കേരളം എത്തുകയില്ലായിരുന്നു. പല സംസ്ഥാനങ്ങളും ഇതിനകം ഭക്ഷ്യസുരക്ഷാ പദ്ധതി ഭംഗിയായി തന്നെ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുമുണ്ട്. ഇതുവഴി ദരിദ്രവിഭാഗങ്ങളിലെ 75 ശതമാനം പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിത്തീരാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ കേരളം ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ അമാന്തം കാണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ സാധനങ്ങളുടെ ദൗര്‍ലഭ്യം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ ഭക്ഷ്യധാന്യങ്ങളുടെ അളവ് വെട്ടിക്കുറക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ തന്നെ കേന്ദ്രം വ്യക്തമാക്കിയതാണ്. എന്നിട്ടും സംസ്ഥാന സര്‍ക്കാറും ഭക്ഷ്യവകുപ്പും ജാഗ്രത കാണിച്ചില്ല. ഭക്ഷ്യമന്ത്രിയുടെ പരിചയക്കുറവും ഭക്ഷ്യവകുപ്പില്‍ പദ്ധതിയെകുറിച്ച് വേണ്ടത്ര വിവരമില്ലാത്തതുമായിരിക്കാം ഇതിന് കാരണമെങ്കില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ പോയി പഠിക്കാമായിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ഭക്ഷ്യസാധനങ്ങളുടെ അളവില്‍ വെട്ടിക്കുറക്കുമെന്ന് കേന്ദ്രത്തില്‍ നിന്നും അറിയിപ്പുണ്ടായപ്പോഴെങ്കിലും ഭക്ഷ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കേരളത്തിലെ റേഷന്‍കടകള്‍ പലതും അടഞ്ഞുകിടക്കില്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറച്ചപ്പോള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ കരട് പട്ടികയുമായി രംഗത്തുവന്നതു തന്നെ. ഈ കരട് പട്ടികയിലാകട്ടെ അര്‍ഹതയില്ലാത്തവര്‍ ധാരാളമുണ്ട് താനും. ബി.പി.എല്‍ പട്ടികയില്‍ അരിയും ഗോതമ്പും വാങ്ങുന്ന 20, 80,042 കുടുംബങ്ങളില്‍ എട്ട് ലക്ഷത്തോളം കുടുംബങ്ങള്‍ ഇതിന് അര്‍ഹതയില്ലാത്തവരാണ്. പത്ത് വര്‍ഷം മുമ്പാണ് സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള പലരും ബി.പി.എല്‍ കാര്‍ഡുകളില്‍ കയറിപ്പറ്റിയത്. ഇവരെ ഒഴിവാക്കാന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ശ്രമം നടന്നില്ല. ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാറും ശ്രമം നടത്തുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍ ഇതുപോലെ അവിഹിതമായി സമ്പാദിച്ച 1.6 കോടി റേഷന്‍കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു റദ്ദാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇതര സംസ്ഥാനങ്ങളിലെ ദരിദ്രര്‍ക്ക് ഗുണകരമായി തീര്‍ന്ന ഭക്ഷ്യസുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."