മലബാര്‍ സിമന്റ്‌സ്: അന്വേഷണം റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി
കൊച്ചി : മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ എംഡി കെ.പദ്മകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേയുള്ള അന്വേഷണം റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. അഴിമതിക്കേസില്‍ തനിക്കെതിരേ നടക്കുന്ന അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. പദ്മകുമാര്‍ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കേസിലെ അന്വേഷണം തുടരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2.70 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയില്‍ മുന്‍ എം.ഡി കെ. പദ്മകുമാര്‍, മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി തുടങ്ങിയവര്‍ക്കും പങ്കുണ്ടെന്നായിരുന്നു നിഗമനം. തുടര്‍ന്ന് അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹരജിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ജൂണ്‍ എട്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഹരജിയിലെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നും നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി കെ. പദ്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."