ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം: സാധ്യതാ പട്ടികയില്‍ ക്രിസ്റ്റ്യാനോയും ബെയ്‌ലും
പാരിസ്: പോയ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. 30 അംഗ പട്ടികയിലെ ആദ്യ പതിനഞ്ചു പേരുകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്ത പതിനഞ്ചു പേരുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. ബാല്ലണ്‍ ഡി ഓര്‍ സ്്‌പോണ്‍സര്‍മാരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയാണ് പട്ടിക വെളിപ്പെടുത്തിയത്.
മൂന്നു തവണ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡിലെ സഹ താരം ഗെരത് ബെയ്‌ലും ആദ്യ പതിനഞ്ചില്‍ ഇടം കണ്ടു. അതേസമയം അഞ്ചു തവണ പുരസ്‌കാരം നേടുകയും നിലവിലെ ലോക ഫുട്‌ബോളറുമായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ആദ്യ പതിനഞ്ചിലില്ല. അടുത്ത പട്ടികയില്‍ മെസ്സിയും ഇടംപിടിച്ചേക്കും. മുന്‍ പി.എസ്.ജി താരവും നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവുമായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്, ബാഴ്‌സലോണ മധ്യനിര താരം ആന്ദ്രെ ഇനിയെസ്റ്റ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കോകെ, റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസ്, ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യെറോ, ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഔബമേയങ്, യുവന്റസിന്റെ വെറ്ററന്‍ നായകനും ഗോള്‍കീപ്പറുമായ ജിയാന്‍ലൂജി ബുഫണ്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡി ബ്രുയ്ന്‍, യുവന്റസിന്റെ പോളോ ഡൈബാല, അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങളായ അന്റോണിയോ ഗ്രിസ്മാന്‍, ഡീഗോ ഗോഡിന്‍, മുന്‍ നാപോളി താരവും നിലവില്‍ യുവന്റസ് താരവുമായ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നിവരാണ് ആദ്യ പട്ടികയിലുള്ള താരങ്ങള്‍.
കഴിഞ്ഞ എട്ടു വര്‍ഷമായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസ്സിയും ക്രിസ്റ്റ്യാനോയും പങ്കിടുകയാണ്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളില്‍ മെസ്സിയും 2008, 2013, 2014 വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോയും പുരസ്‌കാരം നേടി. പോര്‍ച്ചുഗലിനു യൂറോ കപ്പും റയല്‍ മാഡ്രിഡിനു ചാംപ്യന്‍സ് ലീഗും സമ്മാനിച്ച മികവാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇത്തവണ തുണയായത്. ഗെരത് ബെയ്ല്‍ വെയ്ല്‍സിനെ യൂറോ കപ്പിന്റെ സെമി വരെയെത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ഒപ്പം റയലിന്റെ ചാംപ്യന്‍സ് ലീഗ് വിജയത്തിലും പങ്കാളിയായി.
2010 മുതല്‍ ഫിഫയും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയും സംയുക്തമായാണ് പുരസ്‌കാരം നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഫിഫയും മാസികയും തമ്മിലുള്ള അഞ്ചു വര്‍ഷ കരാര്‍ അവസാനിച്ചതോടെ മാസിക ഒറ്റയ്ക്കു തന്നെയാണ് പുരസ്‌കാരം സമ്മാനിക്കാനൊരുങ്ങുന്നത്. അതിനാല്‍ തന്നെ വിധി നിര്‍ണയിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ മാത്രമായിരിക്കും. നേരത്തെ മാധ്യമ പ്രവര്‍ത്തകരും ദേശീയ ടീമുകളുടെ നായകന്‍മാരും പരിശീലകരുമായിരുന്നു വോട്ടിങിലൂടെ മികച്ച താരത്തെ കണ്ടെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."