ഡല്‍ഹിയിലും മധ്യപ്രദേശിലും ഭീതിവിതച്ച് പക്ഷിപ്പനി
വൈറസ് ബാധ മനുഷ്യരിലേക്ക് പടരില്ലെന്ന്
ന്യൂഡല്‍ഹി: ഡല്‍ഹിയിലും മധ്യപ്രദേശിലും ഭീതി വിതച്ച് പക്ഷിപ്പനി വ്യാപിക്കുന്നു. ഇതുവരെ 58 പക്ഷികള്‍ രോഗം ബാധിച്ച് ചത്തതായി ഡല്‍ഹി മൃഗസംരക്ഷണ മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 18 പക്ഷികളാണ് ചത്തത്.
എച്ച്-5എന്‍-8 വിഭാഗത്തില്‍പെട്ട രോഗാണുക്കളാണ് പക്ഷിപ്പനിപടരാന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. സുന്ദര്‍ നഗറില്‍ മൂന്ന് കാക്കകള്‍ ദുരൂഹമായി ചത്തതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി രോഗബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രമായ ഒരു പാര്‍ക്കില്‍ താറാവ് വര്‍ഗത്തില്‍പെട്ട 10 പക്ഷികള്‍ ചത്തതും കൂടുതല്‍ അന്വേഷണത്തിന് വഴിവെച്ചു.
പക്ഷികള്‍ ചാവുന്ന ഭാഗങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ 10അംഗ ടീമിനെ നിയോഗിച്ചതായും ഡല്‍ഹി മൃഗ സംരക്ഷണ മന്ത്രി അറിയിച്ചു.
പക്ഷികള്‍ ചത്തൊടുങ്ങാന്‍ കാരണമായ എച്ച്-5എന്‍-8 വൈറസ് മനുഷ്യര്‍ക്ക് ഭീഷണിയല്ല. ലോകത്തൊരിടത്തും ഈ വൈറസ് ബാധ മനുഷ്യരിലേക്ക് പടര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ പാര്‍ക്കുകള്‍, പക്ഷി സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഗ്വാളിയോറില്‍ പക്ഷികള്‍ ചത്തതിനെത്തുടര്‍ന്ന് രോഗബാധയുണ്ടെന്ന് സംശയിക്കുന്നവയെ നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ മൃഗശാലയിലും മറ്റും പരിശോധന തുടരുകയാണ്. ഗ്വാളിയോറിലെ മൃഗശാലയില്‍ കൊക്കു വര്‍ഗത്തില്‍ പെട്ട ആറ് പക്ഷികള്‍ ചത്തതായി മുനിസിപ്പല്‍ കമ്മിഷണര്‍ അനായ് ദ്വിവേദി അറിയിച്ചു. ഇവിടെ മൂന്ന് പക്ഷികള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 14ന് ഡെല്‍ഹി മൃഗശാലയില്‍ എത്തിച്ച രണ്ട് ദേശാടന പക്ഷികളില്‍ നിന്നാണ് രോഗംപടരാന്‍ ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."