അറബ് വായനയുടെ ലോകം
വായനയുടെ വിളക്കത്തിരുന്ന് വിജ്ഞാനം വാരിയെടുക്കുന്ന സ്വഭാവം മലബാറിന് ഇന്നുമുണ്ട്. കേരളത്തിലെ എണ്ണമറ്റ ലൈബ്രറികളും വായനശാലകളും മലയാളിയുടെ വായനാലോകത്തിന്റെ വലുപ്പമാണ് പ്രകടമാക്കിയത്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന 'അറേബ്യന്‍ ബുക്ക് ഹൗസ് ' ഈ പാരമ്പര്യത്തിലെ നിറഞ്ഞു നില്‍ക്കുന്ന ഒരു കണ്ണിയാണ്. ഒരുപക്ഷേ, ഇന്ത്യയിലെത്തന്നെ മികച്ചൊരു അറബി ഗ്രന്ഥ വില്‍പനശാലയായി ഇതിനെ വിശേഷിപ്പിക്കാനാകും. മലപ്പുറം പുലാമന്തോളിലെ മായിന്‍ ഹാജിയാണ് അറബ് വായനാലോകം ആയുര്‍വേദ നഗരിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
പള്ളി ദര്‍സില്‍ പഠിച്ചിരുന്ന കാലത്താണ് അറബി ഭാഷയെ മായിന്‍ ഹാജി തൊട്ടറിഞ്ഞത്. ഉസ്താദ് ഗ്രന്ഥങ്ങളുടെ പേരുകള്‍ പറഞ്ഞുകൊടുത്ത് അറിവിന്റെ വാതായനങ്ങള്‍ തുറന്നപ്പോഴെല്ലാം മായിന്‍ ഹാജി മനസിലുറപ്പിച്ചിരുന്നു, അത്തരം ഗ്രന്ഥങ്ങളെ വായിച്ചറിയാന്‍. 1982ല്‍ ജോലിയാവശ്യാര്‍ഥം സഊദി അറേബ്യയില്‍ എത്തി. വായനയോടുള്ള അടങ്ങാത്ത ആര്‍ത്തി കൊണ്ടാകാം, മായിന്‍ എത്തിപ്പെട്ടത് ജിദ്ദയിലെ മികച്ച ലൈബ്രറികളില്‍ ജോലിക്കാരനായിട്ടായിരുന്നു. പഠനകാലത്ത് ഉസ്താദുമാര്‍ പറഞ്ഞ അപൂര്‍വ ഗ്രന്ഥങ്ങള്‍ കാണാനും അത് വായിക്കാനും ഇതിനിടെ സമയം കണ്ടെത്തി.
പ്രവാസിയായ സമയത്ത് നാട്ടിലേക്കു തിരിക്കാനും ഇതിനിടെ ആലോചിച്ചു. അപ്പോഴും അറബി ഗ്രന്ഥങ്ങളോടു വിടപറയാന്‍ തോന്നിയില്ല. അതിനു പറ്റിയൊരു മാര്‍ഗം മികച്ചൊരു ലൈബ്രറി സജ്ജീകരിക്കുക എന്നതു തന്നെയായിരുന്നു. കൂടാതെ ഗുരുമൊഴിയില്‍ നിന്നു മാത്രം കേട്ടുശീലിച്ച അപൂര്‍വ ഗ്രന്ഥങ്ങളെ നേരിട്ടനുഭവിക്കാനും വായനാപ്രിയരായ മലയാളികള്‍ക്ക് അപൂര്‍വ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്താനും ഹാജി ഇതിനകം പദ്ധതിയിട്ടു. സഊദിയില്‍ ജോലി ചെയ്യുന്ന സമയത്തുതന്നെ കോട്ടക്കലില്‍ ചെറിയൊരു 'അറബി ബുക്ക് സ്റ്റാളി'നു തുടക്കംകുറിച്ചു. ഗള്‍ഫില്‍നിന്ന് ആവശ്യമായ ഗ്രന്ഥങ്ങളെല്ലാം ഘട്ടംഘട്ടമായി ഇവിടേക്കെത്തിച്ചു. അറബിയിലെ മിക്ക ഗ്രന്ഥങ്ങളുടെയും ആവശ്യക്കാര്‍ ഗള്‍ഫിലുള്ള ബന്ധുവിനെയോ സുഹൃത്തിനെയോ വിവരമറിയിച്ചാണ് കൈപറ്റിയിരുന്നത്. അറേബ്യന്‍ ബുക്ക് സ്റ്റാള്‍ മലയാളക്കരയിലെത്തിയതോടെ എല്ലാ വായനക്കാര്‍ക്കും അത് തുണയായി.
രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി ഹാജി നാട്ടിലെത്തി. പണം സമ്പാദിച്ചതിലധികം മികച്ച ഗ്രന്ഥങ്ങളും അവയുടെ പ്രസാധനവുമെല്ലാം ഇതിനകം പഠിച്ചെടുത്തിരുന്നു. വിജ്ഞാന വിസ്‌ഫോടനം സാധ്യമാക്കിയ അറബി ഭാഷയും അവയിലെ ഗ്രന്ഥങ്ങളും മറ്റെന്തിനേക്കാളും വിലപ്പെട്ടതാണെന്നു മനസിലാക്കി. ഇന്ന് കേരളത്തിനു പുറത്തുപോലും ആളുകള്‍ അപൂര്‍വ അറബി ഗ്രന്ഥങ്ങള്‍ തേടി പലരും മായിന്‍ ഹാജിയെ വിളിക്കാറാണ്. ആയുര്‍വേദ നഗരിയിലെത്തുന്ന അറബികളടക്കം ഹാജിയുടെ ഗ്രന്ഥശേഖരം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
ഇതര രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി മികച്ച അറബി പഠന ശൃംഖല കേരളത്തിലുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ആറു വയസു മുതല്‍ മദ്‌റസയില്‍ കുട്ടികള്‍ അറബി പഠിക്കുന്നുണ്ട്. നാലാംതരം മുതല്‍ ഖുര്‍ആനിന്റെ പാരായണ ശാസ്ത്രവും സ്‌പോക്കണ്‍ അറബിയും ഭാഷാശാസ്ത്രവും പഠിക്കുന്നു. സ്‌കൂളുകളിലാകട്ടെ, താല്‍പര്യമുള്ളവര്‍ക്കെല്ലാം അറബി പഠിക്കാന്‍ അവസരമുണ്ട്. ഇതര മതസ്ഥരടക്കം അറബിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും നിരവധിയുണ്ട്. അറബി ഭാഷയില്‍ സര്‍വകലാശാലകള്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകളും ഗവേഷണാവസരവും സ്‌കോളര്‍ഷിപ്പുകളും നല്‍കിവരുന്നു. നിരവധി അറബി കോളജുകള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. അറബി പഠനത്തിന് ഇത്രയധികം സംവിധാനമുണ്ടായിട്ടും ആ മേഖലയില്‍ മികച്ച വായനാലോകം ഇല്ലാത്തതാണ് ഹാജിയെ 'അറേബ്യന്‍ ബുക്ക് ഹൗസ് ' തുടങ്ങാന്‍ പ്രേരിപ്പിച്ചത്.
ഡല്‍ഹി, ലക്‌നൗ എന്നിവിടങ്ങളില്‍ ചില അറബി ഗ്രന്ഥങ്ങളുടെ പ്രസാധനം ഉണ്ടെങ്കിലും ഗുണനിലവാരം കുറവാണെന്ന് തോന്നി. പകരം ലബനാന്‍, ഈജിപ്ത്, സഊദി അറേബ്യ എന്നിവിടങ്ങളില്‍നിന്ന് നേരിട്ടാണ് പുസ്തകങ്ങള്‍ എത്തിച്ചത്. മികച്ച ബൈന്‍ഡിങ്ങും പ്രൊഡക്്ഷനുമാണ് ഇവയുടെ പ്രത്യേകത; തുച്ഛമായ വിലയും. വായനാലോകം തേടി ഹാജി ഇവിടെയെല്ലാം സഞ്ചരിച്ചിട്ടുമുണ്ട്.
മുസ്‌ലിം ലോകത്തെ എല്ലാ വിഭാഗങ്ങളുടെയും ചിന്താധാരയില്‍പെട്ട ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. 50,000 രൂപ വിലമതിക്കുന്ന 'താരീഖ് ദിമഷ്ഖി ഇബ്ന്‍ അസാഖ് ' മുതല്‍ ഇമാം നവവിയുടെ നാല്‍പത് ഹദീസുകളും അതിന്റെ സാരവും അടങ്ങിയ 10 രൂപയുടെ കിതാബ് വരെ ഹാജിയുടെ ഗ്രന്ഥശേഖരത്തിലുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ വിവിധ വലിപ്പത്തിലുള്ള പതിപ്പുകള്‍ മുതല്‍ പുരാണ അറബി ഗ്രന്ഥങ്ങളുടെ പുതിയ പതിപ്പുകളും വരെ. ഇബ്‌നു തീമിയയുടെ ഫത്‌വകളുടെ മുഴുവന്‍ വാള്യവും അനീസ് മന്‍സൂര്‍, നജീബ് മഹ്ഫൂസ്, അഹ്മദ് ബാക്കസീര്‍ അടക്കം ഒട്ടുമിക്ക അറബി എഴുത്തുകാരുടെയും സാഹിത്യരചനകളും കുട്ടികള്‍ക്കായി ചെറിയ ചിത്രകഥകള്‍, നോവലുകള്‍ എല്ലാം ഇവിടെയുണ്ട്. 'ആയിരത്തൊന്ന് രാവുകളു'ടെ തനത് അറബി പതിപ്പിനോടൊപ്പം ആടു ജീവിതത്തിന്റെ അറബി പതിപ്പും ഇവിടെ കാണാം. ഇവയെല്ലാം വായനാപ്രിയരായ അറബികളെ പ്രതീക്ഷിച്ചാണ്. മലയാളത്തെയും ഇന്ത്യയെയും അറബി ഭാഷാലോകത്തിനു പരിചയപ്പെടുത്താനാണ് ഇതുവഴി ശ്രമിച്ചത്.
രാജ്യത്തു നടന്ന പല അന്താരാഷ്ട്ര ബുക്ക്‌ഫെയറുകളിലും പങ്കെടുക്കുന്നു. ജെ.എന്‍.യു, ജാമിഅ മില്ലിയ്യ, ഡല്‍ഹി സര്‍വകലാശാല മുതല്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളിലും അറബി ഗ്രന്ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് ഹാജിയാണ്. കേരളത്തിലെ മിക്ക അറബി കോളജുകളിലെ പണ്ഡിതന്മാരും വിദ്യാര്‍ഥികളും ദിനംപ്രതി അമൂല്യഗ്രന്ഥങ്ങള്‍ സ്വന്തമാക്കാന്‍ ഇവിടെ വരുന്നുണ്ട്. ചെറുതും വലുതുമായി മൂന്നു കോടി വിലമതിക്കുന്ന ഗ്രന്ഥങ്ങളാണ് നിലവില്‍ ബുക്ക് ഹൗസിലും ഗോഡൗണിലുമായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."