കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം; ഇറങ്ങിപ്പോക്ക്
കോഴിക്കോട്: അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും മുദ്രാവാക്യം വിളിയും ഇറങ്ങിപ്പോക്കും. ബഹളത്തെ തുടര്‍ന്ന് യോഗം ഇരുപത് മിനുട്ട് സമയം നിര്‍ത്തിവച്ചു. അരീക്കാട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച എസ്.വി സെയ്ത് മുഹമ്മദ് ഷമീലിനെ അഭിനന്ദിക്കാനും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു കോണ്‍ഗ്രസിലെ പി.എം നിയാസ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അതു കൊണ്ട് അനുതി നല്‍കാനാവില്ലെന്നുമായിരുന്നു മേയറുടെ നിലപാട്. നോട്ടീസ് തന്റെ വാര്‍ഡ് കണ്‍വീനര്‍ മേയറുടെ ഓഫിസിലെത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യ അവകാശമാണ് മേയര്‍ നിഷേധിക്കുന്നതെന്നും നിയാസ് ചൂണ്ടിക്കാട്ടി. എഴുതി നല്‍കുന്നതെല്ലാം വായിക്കുകയല്ല തന്റെ ജോലിയെന്ന് മേയര്‍ തിരിച്ചടിച്ചു.
പ്രമേയം അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടില്‍ മേയര്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ എഴുന്നേറ്റു. ഇതിന് മറുപടിയായി ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ചു. ഇതോടെ യോഗം ബഹളത്തില്‍ മുങ്ങുകയും പത്ത് മിനുട്ട് സമയത്തോളം യോഗം തടസപ്പെടുകയും ചെയ്തു. ഇതോടെ യോഗം നിര്‍ത്തിവയ്ക്കുന്നതായി മേയര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപത് മിനുട്ടിന് ശേഷം യോഗം വീണ്ടും ആരംഭിച്ചപ്പോള്‍ മേയര്‍ മുന്‍ നിലപാട് ആവര്‍ത്തിക്കുകയും പി.എം നിയാസിന്റെ പ്രമേയം വായിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് അറിയിക്കുകയും ചെയ്തു. പ്രമേയം വായിച്ച് തള്ളിക്കളയാമെന്ന് പ്രതിപക്ഷ നേതാവ് പി.എം സുരേഷ്ബാബുവിന്റെ ആവശ്യവും മേയര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് മേയറുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഇറപ്പോകുകയായിരുന്നു.
റേഷന്‍ ഷാപ്പുകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പ്, മണ്ണെണ്ണ എന്നിവ വെട്ടികുറക്കാന്‍ ഇടയായ സംഭവത്തില്‍ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. പി. കിഷന്‍ചന്ദ് അവതരിപ്പിച്ച പ്രമേയം ഭരണപക്ഷത്തിന്റെ ഭേദഗതിയോടെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയുടെ അംഗങ്ങള്‍ എതിര്‍ത്തു. മാറിമാറി വന്ന ഇടത് വലത് സര്‍ക്കാരുകളുടെ അലംഭാവമാണ് പൊതുവിതരണ രംഗത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ പറഞ്ഞു.
നഗരത്തിലെ ഫുട്പാത്ത് കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ടാഗോര്‍ സെന്റിനറി ഹാളില്‍ എ.സി പ്രവൃത്തിക്കുന്നില്ലെന്ന് തോമസ് മാത്യു ശ്രദ്ധക്ഷണിച്ചു. വരള്‍ച്ചമൂലം ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകാവുന്ന ജപ്പാന്‍ കുടിവെള്ളം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ബന്ധപ്പെട്ടമേധാവികളും വകുപ്പുമന്ത്രിയും നടപടി സ്വീകരിക്കണമെന്ന് എന്‍. സതീശ്കുമാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ തിരുവണ്ണൂര്‍ കോമണ്‍വെല്‍ത്ത് കോട്ടണ്‍ മില്ല് പ്രവര്‍ത്തിക്കാതായ വിഷയത്തില്‍ നമ്പിടി നാരായണന്‍ ശ്രദ്ധ ക്ഷണിച്ചു. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് മേയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."