ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ബി.ജെ.പിയും ഹൈന്ദവ സംഘടനകളും
മടിക്കേരി: നവംബര്‍ പത്തിനു ടിപ്പു ജയന്തി ആഘോഷിക്കുവാന്‍ കര്‍ണാടക സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കുടകില്‍ സംഭവത്തെ വിമര്‍ശിച്ചു ബി.ജെ.പിയും വിവിധ സംഘടനകളും രംഗത്ത്. കുടകില്‍ ടിപ്പു ജയന്തി ആഘോഷിക്കരുതെന്നും അതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കരുതന്നും ആവശ്യപെട്ടു ബി.ജെ.പിയും ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളുമടക്കം വിവിധ ഹൈന്ദവ സംഘടനകളാണു രംഗത്തെത്തിയിരിക്കുന്നത്. ജയന്തി ആഘോഷം ജില്ലയിലെ സമാധാനാന്തരീക്ഷവും സാമുദായിക സൗഹാര്‍ദവും തകരാന്‍ കാരണമാവുമെന്ന് അവര്‍ ആരോപിച്ചു.
കുടകില്‍ ആഘോഷം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ടു വി.എച്ച്.പിയും ബജ്‌റംഗ്ദളും ജില്ലാഭരണകൂടം വഴി സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ട്. ടിപ്പു സുല്‍ത്താന്‍ ദേവാലയങ്ങള്‍ തകര്‍ക്കുകയും മതപരിവര്‍ത്തനം നടത്തുകയും ദേവട്ടുപറമ്പില്‍ കുടകരെ കൂട്ടകൊലചെയ്തുവെന്നുമാണ് ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ചരിത്രത്തിന്റെ പിന്‍ബലമില്ലാത്തതുമാണെന്നാണു പലരുടേയും അഭിപ്രായം.
ബി.ജെ.പി നടത്തുന്ന ശ്രമംരാഷ്ട്രീയ മുതലെടുപ്പിനാണെന്നും ജയന്തി ആഘോഷം നടത്താനുള്ള എല്ലാവിധ സംരക്ഷണവും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തണമെന്നും എസ്.ഡി.പി.ഐ ആവശ്യപെട്ടു.
കഴിഞ്ഞ നവംമ്പര്‍ പത്തിന് മടിക്കേരിയില്‍ നടന്ന ടിപ്പു ജയന്തിയില്‍ സംഘര്‍ഷം ഉണ്ടാവുകയും മതിലില്‍ നിന്നു താഴെ വീണ് വി.എച്ച്.പി നേതാവ് കുട്ടപ്പ മരണപെടുകയും ചെയ്തിരുന്നു. ജയന്തി കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ചെട്ടള്ളിക്കടുത്തു വച്ച് ഗൂഡുഗദ്ധയിലെ ശാഹുല്‍ ഹമീദ് അക്രമികളുടെ വെടിയേറ്റു മരിക്കുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."