വിമാനത്താവളം ലൈറ്റ് അപ്രോച്ചിനു ഭൂമി ഏറ്റെടുക്കല്‍ കര്‍മസമിതി ചേരിതിരിഞ്ഞു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലൈറ്റ് അപ്രോച്ചിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കിയാല്‍ എം.ഡി വി തുളസീദാസ് വിളിച്ചുചേര്‍ത്ത കൂടിയാലോചനാ യോഗത്തില്‍ കര്‍മസമിതി ഭാരവാഹികള്‍ ചേരിതിരിഞ്ഞു. വിമാനത്താവളത്തിന്റെ ലൈറ്റ് അപ്രോച്ചിനു വേണ്ടി കല്ലേരിക്കര, വാഴാന്തോട്, പാറപൊയില്‍ പ്രദേശങ്ങളിലായി നാല് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ പത്തോളം വീടുകളാണ് ഒഴിപ്പിക്കേണ്ടത്. നിലവിലുള്ള കര്‍മസമിതി എം.സി കുഞ്ഞമ്മദിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പത്തു വീടുകളില്‍ ആറെണ്ണം ഒഴിവാക്കി തരണമെന്ന് എം.ഡിയോട് നേരിട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ഭീഷണിയുള്ള 56 വീടുകളും ഏറ്റെടുക്കണമെന്നാണ് ചേരിതിരിഞ്ഞ മറുഭാഗം കര്‍മസമിതിക്കാര്‍ ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. നടപടി ആരംഭിക്കുന്നതിനു മുമ്പേയാണ് വീട്ടുടമകളെ കിയാല്‍ എം.ഡി നേരിട്ട് വിളിപ്പിച്ചത്. വീട് നഷ്ടപ്പെടുന്ന പത്തില്‍ ആറു പേരാണ് വീട് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. നിവേദനം മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എക്കും നല്‍കിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടു കൂടി ഉയരം കൂടിയ ചുറ്റുമതില്‍ അപകട ഭീഷണി ഉയര്‍ത്തുന്നതിനാലും പുനരധിവാസം നല്‍കിയ ഭൂമിയില്‍ ഉള്‍പ്പെടെ വീട് നിര്‍മിച്ചവര്‍ക്ക് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാലുമാണ് 56 വീടുകളും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഭിന്നിച്ച കര്‍മസമിതി ഭാരവാഹികളായ എ സദാനന്ദന്‍, കെ.സി കരുണാകരന്‍, സി രവീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. നേരത്തെ കുടിയിറക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് കര്‍മസമിതി അംഗീകരിച്ചിരുന്നില്ല. പിന്നീട് അന്നത്തെ മന്ത്രി കെ ബാബു നേരിട്ടെത്തി പുതിയ പത്തിന പാക്കേജ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനാലാന്ന് സര്‍വേ നടത്താന്‍ അനുവദിച്ചിരുന്നത്. ഇതിനു ശേഷം സര്‍വേ റിപ്പോര്‍ട്ട് കലക്ടര്‍ പരിശോധിച്ച് കര്‍മസമിതിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ നടപടി ആരംഭിക്കുന്നതിനു മുന്നോടിയായാണ് കുടിയിറക്കപ്പെടുന്ന വീട്ടുക്കാരെ വിളിപ്പിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി നാളെ മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ വീട്ടുടമകളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."