സൈബര്‍ലോകത്തിന്റെ സ്വാധീനം; കേരളം ഉറ്റുനോക്കുന്നു
കോഴിക്കോട്: സൈബര്‍ ലോകത്തിന്റെ അനന്തമായ സാധ്യതകള്‍ തുറന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പ്രത്യേകിച്ചും കന്നിവോട്ടര്‍മാര്‍ ഉള്‍പ്പടെ 35 വയസുവരെയുള്ളവരെ സമൂഹ മാധ്യമങ്ങള്‍ ഏത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകും. ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് 19 വരെ കാത്തിരിക്കണം. ഇത്തവണ പ്രചാരണരംഗത്ത് പോസ്റ്ററുകളും ബാനറുകളും വോട്ടര്‍മാരെ സ്വാധീനച്ചതിനേക്കാള്‍ കൂടുതല്‍ സൈബര്‍ലോകത്തെ വാദപ്രതിവാദങ്ങളും നിലപാടുകളുമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, ട്വിറ്റര്‍, ട്രോളുകള്‍, ബ്ലോഗുകള്‍ എന്നിവയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പ്ലാറ്റ്‌ഫോമുകള്‍. 92 വയസുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കത്തിക്കയറിയത് നവമാധ്യമങ്ങള്‍ വഴിയാണ്.
പാര്‍ട്ടികളോടും മുന്നണികളോടും കടുത്ത കൂറുള്ളവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ശേഷിക്കുന്ന വലിയൊരു വിഭാഗമാണ് വിധിയെഴുത്തില്‍ ആരെ തുണക്കുമെന്ന കാര്യത്തില്‍ മുന്നണികള്‍ ഉറ്റുനോക്കുന്നത്. 18 മുതല്‍ 35 വയസുവരെയുള്ളവരാണ് ഏറ്റവും കൂടുതല്‍ സൈബര്‍ലോകവുമായി അടുത്തിടപഴകുന്നത്.
36 മുതല്‍ 45 വരെയുള്ളവരും സൈബര്‍ ലോകത്ത് പ്രവേശിക്കുന്നുണ്ടെങ്കിലും അവരത്ര സജീവമല്ല. 45 വയസിന് മുകളിലുള്ളവരില്‍ ചെറിയതോതില്‍ മാത്രമാണ് സൈബര്‍ ലോകവുമായി അടുപ്പമുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണം ഇത്തവണത്തേതുപോലെ സജീവമായിരുന്നില്ല. എസ്.എം.എസ് ആയിരുന്നു പലരും സജീവമായി ഉപയോഗിച്ചിരുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നവമാധ്യമങ്ങളിലൂടെ സ്വാധീനം വളര്‍ത്താനുള്ള ശ്രമം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."