സഞ്ചരിക്കുന്ന 78 ത്രിവേണി സ്റ്റോറുകള്‍ കട്ടപ്പുറത്ത്
നീലേശ്വരം: സംസ്ഥാനത്തെ സഞ്ചരിക്കുന്ന 78 ത്രിവേണി സ്റ്റോറുകള്‍ കട്ടപ്പുറത്ത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലാരംഭിച്ച സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളുടെ പ്രവര്‍ത്തനമാണ് നിലച്ചത്.
സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് 141 വാഹനങ്ങളാണ് വാങ്ങിയിരുന്നത്. നിലവിലുണ്ടായിരുന്ന ഒരു വാഹനമുള്‍പ്പടെ 142 ത്രിവേണി വാഹനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 64 എണ്ണം മാത്രമാണ് രംഗത്തുള്ളത്.
സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളുടെ വില്‍പന ലാഭകരമല്ലാത്തതിനാലും വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്കും മറ്റു ചെലവുകള്‍ക്കും ടെസ്റ്റ് വര്‍ക്കിനും വലിയ തുക വേണ്ടി വരുന്നതുകൊണ്ടുമാണ് 78 സഞ്ചരിക്കുന്ന ത്രിവേണികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്നാണു ഔദ്യോഗിക വിശദീകരണം.
ഇതിനാവശ്യമായ വാഹനങ്ങള്‍ വാങ്ങിയത് മാനദണ്ഡമനുസരിച്ചല്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. വാഹനങ്ങള്‍ വാങ്ങുന്നതിനായി മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നില്ല. ടാറ്റാ മോട്ടോര്‍സിന്റെ പ്രതിനിധികളും കണ്‍സ്യൂമര്‍ ഫെഡിന്റെ ഭരണസമിതി അംഗങ്ങളും ചേര്‍ന്നു നടത്തിയ യോഗത്തിലാണു വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള തീരുമാനമെടുത്തത്. സര്‍ക്കാര്‍ വിലയില്‍ നിന്നു 10,000 രൂപ കുറച്ച് 8,08,000 രൂപയ്ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത്രയും തുക ചിലവഴിച്ചു വാങ്ങിയ വാഹനങ്ങളാണ് ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നത്. കൂടാതെ പല സ്ഥലങ്ങളിലും ഫ്‌ളോട്ടിങ് ത്രിവേണി സ്റ്റോറുകളും നശിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."