ദുരന്ത ലഘൂകരണ പദ്ധതി: രൂപരേഖ തയ്യാറാക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഒന്നിക്കുന്നു
തിരുവനന്തപുരം: ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജപ്പാനിലെ സെന്‍ഡായ് നഗര മാതൃകയില്‍ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഒന്നിക്കുന്നു. 46 ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് (എ.എം.സി) ഡല്‍ഹിയില്‍ നടക്കും. കേരളത്തില്‍ നിന്ന് റവന്യൂ മന്ത്രി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.ജി.പി, കോഴിക്കോട് ജില്ലാ കലക്ടര്‍, ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി എന്നിവര്‍ക്കുപുറമെ തദ്ദേശ സ്ഥാപനങ്ങളിലെ 67 മേധാവികളും പങ്കെടുക്കും.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വകുപ്പുമന്ത്രിമാരും വകുപ്പുസെക്രട്ടറിമാരും തദ്ദേശ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുക്കും. ഓരോ രാജ്യങ്ങളില്‍ നിന്നും മൂന്നു പ്രതിനിധികളായിരിക്കും പങ്കെടുക്കുക. അടുത്ത മാസം രണ്ടു മുതല്‍ അഞ്ചു വരെയാണ് എ.എം.സി നടക്കുക. 2015ല്‍ ജപ്പാനില്‍ നടന്ന സെന്‍ഡായ് മീറ്റില്‍ ഇന്ത്യയടക്കമുള്ള 125 രാജ്യങ്ങള്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സെന്‍ഡായ് മാതൃക അംഗീകരിച്ചിരുന്നു. 2030 ഓടെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന സെന്‍ഡായ് മീറ്റിലെ ധാരണപ്രകാരം പദ്ധതിരൂപരേഖ തയ്യാറാക്കാനാണ് ഏഷ്യന്‍ രാജ്യങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്.
2015 ല്‍ അംഗീകരിച്ച രൂപരേഖയില്‍ ദുരന്ത ലഘൂകരണത്തിന് അഞ്ചു മാനദണ്ഡങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഇതില്‍ ആദ്യത്തേത് സാമൂഹികാധിഷ്ഠിത ദുരന്ത ലഘൂകരണ സേനാ രൂപീകരണമാണ്. കേരളത്തിലും സാമൂഹികാധിഷ്ഠിത ദുരന്ത ലഘൂകരണ സേന രൂപീകരിക്കുന്നതിനായി തൃശൂരിലെ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി മീറ്റില്‍, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും പദ്ധതിരൂപരേഖ തയ്യാറാക്കുക. ഓരോ രാജ്യങ്ങള്‍ക്കും അനുയോജ്യമായ രീതിയിലുള്ള ദുരന്ത ലഘൂകരണ മാനദണ്ഡങ്ങള്‍ പങ്കുവെയ്ക്കുന്നതിനു കൂടിയാണ് തദ്ദേശ സ്ഥാപന മേധാവികളെയും ഡല്‍ഹി മീറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഒരു സ്റ്റാളും ഡല്‍ഹിയില്‍ സജ്ജീകരിക്കും.
ഭൂകമ്പത്തിലും സുനാമിയിലും
സെന്‍ഡായ് നഗരം ശ്മശാനമായി മാറി
2011 മാര്‍ച്ച് 11നാണ് സുനാമി തിരമാലകള്‍ സെന്‍ഡായ് നഗരത്തെ വിഴുങ്ങിയത്. നഗരം പൂര്‍ണമായും ശ്മശാന ഭൂമിയായി. പസഫിക് സമുദ്രത്തിന്റെ വടക്കു-പടിഞ്ഞാറ് തൊഹൂക്കുവിലെ ഓഷിക്ക ഉപദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പ ഫലമായി രൂപപ്പെട്ട സുനാമി 40.5 മീറ്റര്‍ ഉയരത്തിലാണ് തിരമാലകളുയര്‍ന്നത്.
15,894 പേര്‍ മരിക്കുകയും2,562 പേരെ കാണാതാവുകയും ചെയ്തു. 6,152 പേര്‍ക്ക് പരുക്കേറ്റു. 2,28,863 പേര്‍ ക്യാംപുകളില്‍ അഭയംതേടി. 1,27,290 കെട്ടിടങ്ങള്‍ നശിച്ചു. 2,72,788 കെട്ടിടങ്ങള്‍ ഭാഗികമായും7,47,889 എണ്ണം വാസയോഗ്യമല്ലാതാവുകയും ചെയ്തു. ഫുകുഷിമ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നിരവധി പേര്‍മരിച്ചു. ഇതേതുടര്‍ന്നാണ് 2030ല്‍ സെന്‍ഡായ് നഗരം എങ്ങനെ ആയിരിക്കണമെന്ന പദ്ധതിരൂപരേഖ തയ്യാറാക്കിയത്. ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഈ നഗരത്തിന്റെ പുനര്‍നിര്‍മ്മാണം. അതിനാലാണ് ലോകരാജ്യങ്ങള്‍ സെന്‍ഡായ് നഗരത്തെ ദുരന്ത ലഘൂകരണ മാതൃകയാക്കാന്‍ കാരണം.
കേരളത്തില്‍ നിന്നും മൂന്നു കുട്ടികള്‍
പങ്കെടുക്കും
ഏഷ്യന്‍ മിനിസ്റ്റീരിയല്‍ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ കേരളസംഘത്തില്‍ മൂന്നു കുട്ടികളും.
സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയിച്ച അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ഥികളായ ഗീതാഞ്ജലി നായര്‍, എസ്. വൃന്ദ, കൊച്ചി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംക്ലാസ്സുകാരി ജിന്‍സി ജോണ്‍സണുമാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."