പക്ഷിപ്പനി: കുന്നുമ്മയില്‍ ചത്ത താറാവുകളെ തീയിട്ടു നശിപ്പിച്ചു
അമ്പലപ്പുഴ:ഒരു വിഭാഗം കര്‍ഷകരുടെ എതിര്‍പ്പു മറികടന്ന് തകഴി കുന്നുമ്മയില്‍ ചത്ത താറാവുകളെ കൂട്ടമായി തീയിട്ടു നശിപ്പിച്ചു.പക്ഷി പനി ബാധിച്ച് ചത്ത താറാവുകളെയാണ് കുന്നുമ്മ കൊല്ലനോടി പാടത്ത് ഇന്നലെ ഉച്ചയോടതീയിട്ടത്.കഴിഞ്ഞ രണ്ടുദിവസമായി പാടത്തിന്റെ വരമ്പത്ത് നൂറുകണക്കിനു താറാവുകളാണ് പക്ഷിപ്പനി മൂലം ചത്തുകിടന്നത്.കളക്ടറേറ്റില്‍ കുടിയ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ തീയിട്ടു നശിപ്പിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഒരു വിഭാഗം താറാവുകര്‍ഷകര്‍ ഇതിനെതിരെ രംഗത്തു വന്നത് സംഘര്‍ഷത്തിനിടയാക്കി.
ചത്ത താറാവുകളെ മാത്രം തീയിട്ടാല്‍ മതിയെന്ന് ഒരു വിഭാഗവും അസുഖം വന്ന മുഴുവന്‍ തറാവുകളേയും തീയിടമെന്ന് മറ്റൊരു വിഭാഗം കര്‍ഷകരുമാവശ്യപ്പെട്ടു .അസുഖം ബാധിച്ചതാറാവുകളെ മറ്റു പാടശേഖരങ്ങളിലേക്കു കൊണ്ടു പോകുവാനോവില്‍പ്പന നടത്തുവാനോ കഴിയില്ലെന്നും അതിനാല്‍ ഇവയെ കൊന്നു കുഴിച്ചുമൂടണമെന്നുമാണ് ചില കര്‍ഷകര്‍ ആവശ്യപ്പെട്ടത്.തര്‍ക്കം മുറുകിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ താമസം നേരിട്ടു.
തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു, ജനപ്രതിനിധികള്‍, മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ ഉച്ചയോടെ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചത്ത താറാവുകളെ തീയ്യിട്ടു നശിപ്പിക്കുകയായിരുന്നു. ഡീസലും, വിറകും, പഞ്ചസാരയുമുപയോഗിച്ചായിരുന്നു ഇവയെ തീയിട്ടു നശിപ്പിച്ചത്.ചത്ത താറാവുകളുടെയെല്ലാം കണക്കെടുത്ത ശേഷമാണ് തീയ്യിട്ടത്. മൃഗസംരക്ഷണവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഫെലിസി, ഡയറക്ടര്‍ കോശി, എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് താറാവുകളെ തീയിട്ടത്. പള്ളിപ്പാട്ടു സ്വദേശികളായ ബിനോയ്, രാമചന്ദ്രന്‍ എന്നിവരുടെ താറാവുകളാണ് പക്ഷിപ്പനി ബാധിച്ച് ചത്തത്.തകഴിപഞ്ചായത്തില്‍ 13 താറാവുകര്‍ഷകരുണ്ടെങ്കിലും ഇവരില്‍ രണ്ടു പേര്‍ മാത്രമാണ് താറാവുകൃഷി ചെയ്തത്.ഇവരുടെ താറാവുകളും ചത്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇന്ന് പഞ്ചായത്തോഫീസില്‍ താറാവുകര്‍ഷകരുടെ യോഗം വിളിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു പറഞ്ഞു.
ചത്ത താറാവുകളെ തീയിട്ട് നശിപ്പിച്ചത് കര്‍ഷകര്‍
അമ്പലപ്പുഴ: ദ്രുത കര്‍മ്മ സേനയ്ക്ക് പകരം കര്‍ഷകര്‍ താറാവുകളെ തീയിട്ട് നശിപ്പിച്ചത് വിവാദമാകുന്നു. തകഴി കുന്നുമ്മയിലാണ് യാതൊരു പ്രതിരോധ മാര്‍ഗങ്ങളുമില്ലാതെ കര്‍ഷകര്‍ താറാവിനെ തീയിട്ട് നശിപ്പിച്ചത്.
പ്രതിരോധിക്കാന്‍ 2 ദ്രുതകര്‍മ്മ യൂണിറ്റുകളെ രംഗത്തിറക്കാന്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.രണ്ട് വെറ്റിനറി സര്‍ജന്‍ ,രണ്ട് ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ ,ആറ്റന്‍സര്‍മാര്‍ ,ജനപ്രതിനിധികള്‍ ,പോലീസ് റവന്യു ,മൃഗസംരക്ഷണ വിഭാഗങ്ങള്‍ അടങ്ങിയതാണ് ദ്രുതകര്‍മ്മ സേന.
ഇതില്‍ മൃഗസംരക്ഷണ വകുപ്പാണ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് താറാവുകളെ തീയിട്ട് നശിപ്പിക്കുന്നത്.ഇന്നലെ ഈ വകുപ്പ് ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിച്ച് വേണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതെന്നിരിക്കെ യാതൊരു പ്രതിരോധ ഉപാധികളുമില്ലാതെയാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ താറാവിനെ തീയിട്ടത്. പ്രദേശത്ത് കടുത്ത ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.
താറാവുകളെ നശിപ്പിക്കുമ്പോള്‍ പ്രതിരോധ ഉപാധികള്‍ പാലിക്കണമെന്ന ആവശ്യം ശക്തമാണ്.
..........................................................
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."