കോഴിക്കോട് ഇനി പരസ്യവിസര്‍ജനരഹിത നഗരം; പ്രഖ്യാപനം നാളെ
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത (ഒ.ഡി.എഫ് -ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ ) നഗരമായി നാളെ പ്രഖ്യാപിക്കും. തൃശൂരിന് ശേഷം സംസ്ഥാനത്ത് ഒ.ഡി.എഫായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കോര്‍പറേഷനാണ് കോഴിക്കോട്.
കേന്ദ്ര നഗര വികസന വകുപ്പ് നടപ്പിലാക്കുന്ന സ്വഛ്ഭാരത് മിഷന്‍ പദ്ധതി പ്രകാരമാണ് മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൗചാലയങള്‍ നിര്‍മിക്കുന്നതിനും പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയുന്നതിനും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സാമൂഹ്യ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനും പദ്ധതി നടപ്പാക്കുന്നത്. 1563 ശൗചാലയങ്ങളാണ് പദ്ധതി പ്രകാരം നഗരപരിധിയില്‍ നിര്‍മിക്കുക.
ഇതില്‍ 911 വീടുകളില്‍ തീരെ ഇല്ലാത്തവയും ബാക്കി പുനര്‍ നിര്‍മിക്കുന്നവയുമാണ്. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി നാലായിരം രൂപയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 1333 രൂപയും നഗരസഭാ വിഹിതമായി 10067 രൂപയും അടക്കം ഒരു ഗാര്‍ഹിക കക്കൂസിന് ആകെ 15400 രൂപയാണ് സഹായം അനുവദിക്കുന്നത്. കോര്‍പ്പറേഷനില്‍ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 6020000 രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 2006165 രൂപയും നഗരസഭയുടെ വിഹിതമായി 1,51,50,835 രൂപയുമടക്കം 2,31,77,000ണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കുണ്ടായിത്തോട് ചേരിക്ക് സമീപം, കപ്പക്കല്‍ ചേരിക്ക് സമീപം, ശാന്തിനഗര്‍ കോളനി, വെസ്റ്റ്ഹില്‍,ചക്കുംകടവ് കോളനി, പയ്യാനക്കല്‍ കോളനി, സി.ഡി.എ കോളനി, കല്ലുത്താന്‍ കടവ് കോളനി, കോട്ടൂളി ജംഗ്ഷന്‍,കനോലി കനാലിന് സമീപം എന്നീ സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി ടോയ്‌ലെറ്റുകല്‍ നിര്‍മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നാളെ രാവിലെ 10.30ന് ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന പ്രഖ്യാപന ചടങ്ങ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാലിന്യ നിര്‍മ്മാര്‍ജനം,ശുചിത്വം എന്നിവയെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി ശുചിത്വ ഭൂമി എന്ന പേരില്‍ നഗരസഭ തയാറാക്കിയ ടെലിഫിലിം പ്രഖ്യാപന ചടങ്ങില്‍ വച്ച് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പ്രകാശനം ചെയ്യും.
ആദ്യഗഡു വിതരണം ഡോ. എം.കെ മുനീറും കോര്‍പറേഷന്‍ പൗരാവകാശ രേഖ പ്രകാശനം വി.കെ.സി മമ്മദ്‌കോയ എം.എല്‍.എയും നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.വി ബാബുരാജ്, പി.സി രാജന്‍, അനിതാ രാജന്‍, ലളിത പ്രഭ,സെക്രട്ടറി ടി.പി സതീശന്‍, കുടുംബശ്രീ നോഡല്‍ ഓഫിസര്‍ എം.വി റംസി ഇസ്മാഈല്‍, ശുചിത്വ മിഷന്‍ പ്രൊജക്ട് ഓഫിസര്‍ കൃപാ വാര്യര്‍ സംബന്ധിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."