ഗുണ്ടകള്‍ക്കെതിരേ ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പൊലിസ്
കൊച്ചി: സിറ്റിയില്‍ ഗുണ്ടകളെയും ഗുണ്ടാ പ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്യുന്നതിനും 'സിറ്റി ടാക്‌സ് ഫോഴ്‌സ്' എന്ന പേരില്‍ പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചു. കൊച്ചി റേഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ (എല്‍ ആന്‍ഡ് ഒ, ട്രാഫിക്) ഡോ. അരുള്‍ ആര്‍.ബി കൃഷ്ണയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രത്യേക ടീമില്‍ ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള പരിചയ സമ്പന്നരായ പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 'സിറ്റി ടാക്‌സ് ഫോഴ്‌സ്' നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി അമര്‍ച്ച ചെയ്യുന്നതാണ്. ഇതിലേക്കായി ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നവരും ഇവരുടെ കൂട്ടാളികളും ഇവരോട് ബന്ധപ്പെടുന്നവരുമെല്ലാം പൊലിസിന്റെ കര്‍ശനമായ നിരീക്ഷണത്തിലാണ്.
റിയല്‍ എസ്റ്റേറ്റ് മേഖല, നിലംനികത്തല്‍, മയക്കുമരുന്ന് എന്നിങ്ങനെയുള്ള വിവിധ മേഖലകളുമായി എല്ലാം ബന്ധപ്പെട്ട് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാകുന്നുവെങ്കില്‍ ആ വിവരം 9497980430 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. ലഭ്യമാകുന്ന വിവരങ്ങളില്‍ കര്‍ശനമായ പൊലിസ് നടപടി ഉടനടി സ്വീകരിക്കുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ഗുണ്ടകള്‍ക്കെതിരായ അതിശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി പൗരസമൂഹത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും ഇത്തരം നടപടികള്‍ക്ക് ഉതകുന്ന വിവരങ്ങള്‍ സിറ്റി ടാക്‌സ് ഫോഴ്‌സിന് കൈമാറണമെന്നും കൊച്ചി സിറ്റി പൊലിസ് അറിയിച്ചു.
പശ്ചിമകൊച്ചിയില്‍ പരിശോധന ആരംഭിച്ചു
മട്ടാഞ്ചേരി: കൊച്ചി നഗരത്തിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരായുള്ള പോലീസ് നടപടിയുടെ ഭാഗമായി പടിഞ്ഞാറന്‍ കൊച്ചിയില്‍ ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമാക്കി പരിശോധന ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഗുണ്ടാസംഘങ്ങളുടെ പട്ടിക തയ്യാറാക്കി മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തല്‍ നടപടി ആരംഭിച്ചു. ഇത്തരത്തില്‍ 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പള്ളുരുത്തിയില്‍ എട്ടു പേരേയും, മട്ടാഞ്ചേരി മൂന്ന് ഫോര്‍ട്ടുകൊച്ചി ഒന്ന് കണ്ണമാലി ഒന്ന് തോപ്പുംപടി ഒന്‍പത് ഹാര്‍ബര്‍ സ്റ്റേഷനില്‍ രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പള്ളുരുത്തിയില്‍ പിടികൂടിയവര്‍ക്കെതിരെ പ്രത്യേക കേസ്സുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
വരും ദിവസങ്ങിലും അറസ്റ്റും നടപടികളും തുടരുമെന്ന് പോലിസ് അറിയിച്ചു. കൊച്ചി സിറ്റിയില്‍ ഗുണ്ടാസംഘങ്ങളേയും അവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് വ്യക്തമാക്കി. പള്ളുരുത്തി കേന്ദ്രീകരിച്ച് ഗുണ്ടകളെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."