ജില്ലയില്‍ കാട്ടാന ശല്യം ദ്രുതകര്‍മസേനയെ സജീവമാകുമെന്ന്
കഞ്ചിക്കോട്: ജില്ലയില്‍ കാട്ടാന ശല്യം മനുഷ്യ ജീവനു ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സംരക്ഷണത്തിനായി വനംവകുപ്പ് ദ്രുതകര്‍മ സേനയുടെ (ആര്‍.ആര്‍.ടി) കൂടുതല്‍ യൂനിറ്റുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം. പാലക്കാട്, മണ്ണാര്‍ക്കാട് വനം ഡിവിഷനുകളിലായി ആര്‍.ആര്‍.ടിയുടെ രണ്ട് അധിക യൂനിറ്റുകളെങ്കിലും സജ്ജമാക്കണമെന്ന് നിര്‍ദേശം വകുപ്പിന്റെ പരിഗണനയിലാണ്. എം.ബി. രാജേഷ് എം.പിയും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു.
ഈ രണ്ടു ഡിവിഷനുകളിലായി രണ്ട് ആര്‍.ആര്‍.ടികളാണു നിലവിലുള്ളത്. ഈ രണ്ടു ടീമുകളെ വിഭജിച്ച് രണ്ടു ഉപസംഘങ്ങള്‍ കൂടി രൂപവത്കരിച്ചാണ് വനംവകുപ്പ് തല്‍കാലം പിടിച്ചുനില്‍ക്കുന്നത്. കാട്ടാനകള്‍ ജിവനെടുത്തു തുടങ്ങിയതോടെ ജനരോഷം ശക്തിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് യൂനിറ്റുകള്‍ കൂടി ആരംഭിക്കാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുള്ളത്. നിലവിലെ യൂനിറ്റുകള്‍ക്ക് ഓടിയെത്താന്‍ സാധിക്കാത്ത വിധത്തില്‍ മേഖലയില്‍ വന്യമൃഗശല്യം വര്‍ധിച്ചിരിക്കുകയാണ്.
സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതരമേഖലകളില്‍ നിന്നുള്ള യൂനിറ്റുകളെ തല്‍കാലത്തേക്ക് വിളിച്ചുവരുത്തിയാണ് വനംവകുപ്പ് പിടിച്ചു നില്‍ക്കുന്നത്. ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഫോറസ്റ്ററുടെ നേതൃത്വത്തിലാണ് ആര്‍.ആര്‍.ടികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് സംഘങ്ങള്‍ കൂടി എത്തിയാല്‍ പരമാവധി വേഗത്തില്‍ കാട്ടാനശല്യം ഉള്ള മേഖലകളില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നു വനംവകുപ്പും പറയുന്നു. സര്‍ക്കാര്‍അനുമതി ലഭ്യമായാല്‍ ഉടനടി യൂനിറ്റുകള്‍ സജ്ജമാക്കാനാകും.
ആര്‍.ആര്‍.ടികള്‍ അതതു പ്രദേശവാസികളുടെ സഹായത്തോടെയാണ് കാട്ടാനകളെ തുരത്തുന്നത്. ജില്ലയില്‍ കാട്ടാനകളിറങ്ങുന്ന റെയില്‍വേ ട്രാക്കുള്‍പ്പെടെയുള്ള മേഖലകളില്‍ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം സാധ്യമാകുന്നതോടെ കാലങ്ങളായി ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടാനശല്യം ഒരു പരിധിവരെ പരിഹരിക്കുവാനാകുമെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."