മുത്വലാഖ്: നരേന്ദ്ര മോദിയുടെ വനിതാ സ്‌നേഹം കാപട്യമെന്ന് എം.കെ മുനീര്‍
കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ ആവശ്യമെന്ന പേരില്‍ മുത്വലാഖിനുവേണ്ടി വാദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വനിതാ സ്‌നേഹം കാപട്യമാണെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഏക സിവില്‍കോഡ്: ഫാസിസ്റ്റ് അജന്‍ഡ' സെമിനാറും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുവിവാഹ നിയമത്തില്‍ വിവാഹമോചനവും ബഹുഭാര്യത്വവും അനുവദനീയമല്ലെന്നിരിക്കെ നരേന്ദ്രമോദി ഭാര്യയെ ഒഴിവാക്കിയത് ആരോട് ചോദിച്ചിട്ടാണെന്ന് വ്യക്തമാക്കണം. സ്വന്തം വീട്ടില്‍ പീഡനത്തിന് ഇരയായ സ്ത്രീയെക്കുറിച്ച് സംസാരിച്ച ശേഷമേ രാജ്യത്തെ മറ്റു സ്ത്രീകളുടെ സംരക്ഷണത്തെക്കുറിച്ച് മോദി പറയേണ്ടതുള്ളൂവെന്നും മുനീര്‍ പറഞ്ഞു.
മുലായംസിങ് യാദവിന് രണ്ടു ഭാര്യമാരില്‍ ഉണ്ടായ മക്കള്‍ തമ്മിലുള്ള കലഹമാണ് ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പ്രശ്‌നമായി മാറിയത്. മുലായം സിങ് ഏതു വ്യക്തി നിയമം അനുസരിച്ചാണ് ജീവിക്കുന്നതെന്നും മുനീര്‍ ചോദിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം മുത്വലാഖ് ആണെന്ന തരത്തിലുള്ള ചര്‍ച്ചയ്ക്കുപിന്നില്‍ സംഘ്പരിവാരിന്റെ രഹസ്യ അജന്‍ഡയാണുള്ളത്. ഏറ്റവും പ്രാകൃതമായ വിവാഹ നിയമങ്ങള്‍ മറ്റു സമൂഹങ്ങളില്‍ നിലവിലുണ്ട്.
അഞ്ചു പെണ്‍കുട്ടികളെ ഹിന്ദു മതത്തില്‍പ്പെട്ടയാള്‍ വിവാഹം ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് മുത്വലാഖും ചര്‍ച്ച ചെയ്യപ്പെടുന്നത്. വിവാഹമോചനം ഏറ്റവും കുറവുള്ളത് മുസ്‌ലിം സമൂഹത്തിലാണെന്ന വസ്തുതയും വിസ്മരിക്കരുത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യന്‍ ഭരണഘടനയിലെ മൗലിക അവകാശങ്ങള്‍ പലതും നിഷേധിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിര്‍ബന്ധകാര്യമല്ലാത്ത ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഉറങ്ങിക്കിടക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വൈകാരികതയുണ്ടാക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഗോവധ നിരോധനത്തിനുവേണ്ടിയുള്ള മുറവിളിയും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തി നിയമങ്ങളില്‍ കൈകടത്താന്‍ കോടതിക്കു പോലും അവകാശമില്ല. നിയമ കമ്മിഷന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ ദുരൂഹമാണ്. ഇതിനെതിരായ ശബ്ദം നേര്‍ത്തുപോകരുതെന്നും എല്ലാവരും യോജിച്ചു ചേര്‍ന്നുള്ള മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങളില്‍ ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന അപകടകരമായ പരാമര്‍ശങ്ങള്‍ എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ഡെമോക്ലീസിന്റെ വാളുപോലെ മുസ്‌ലിം സമുദായത്തിന് മേല്‍ തൂങ്ങിക്കിടക്കുന്നതാണ് ഈ പരാമര്‍ശം. പല ഘട്ടത്തിലായി സംഘ്പരിവാരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഫെമിനിസ്റ്റുകളും ജമാഅത്തെ ഇസ്‌ലാമിയുടെ ബുദ്ധിജീവികളും മുസ്‌ലിംകള്‍ക്കെതിരേ ഇതെടുത്ത് ഉപയോഗിക്കുകയാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വിഷയം അവതരിപ്പിച്ചു. അഡ്വ. ഷഹ്‌സാദ് ഹുദവി, അബൂബക്കര്‍ ഫൈസി മലയമ്മ, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, സലാം ഫൈസി മുക്കം, ഒ.പി അശ്‌റഫ്, കെ.പി കോയ, അശ്‌റഫ് ബാഖവി ചാലിയം, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എം.എ റഹ്മാന്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."