ആറ്റിങ്ങല്‍ വണ്‍വേ: പ്രതിഷേധം ശക്തമാകുന്നു, ഇനി കോടതി തീരുമാനിക്കും
ആറ്റിങ്ങല്‍: ദേശീയപാതയില്‍ ആറ്റിങ്ങലില്‍ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാഹനയാത്രികരും കാല്‍നടയാത്രികരും പരാതിയുയര്‍ത്തിയതിനു പിന്നാലെ വിഷയം കോടതിയിലെത്തിയിരിക്കുകയാണ്. കേസില്‍ സര്‍ക്കാരിനെ കൂടി പ്രതിയാക്കി നോട്ടീസ് അയക്കാനാണ് ആറ്റിങ്ങല്‍ സബ് കോടതിയുടെ തീരുമാനം.
ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനും, പൊതുപ്രവര്‍ത്തകനുമായ അഡ്വ.എം.എസ്. ഫൈസിയാണ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് മുഖാന്തിരം പൊതു താല്‍പര്യ ഹര്‍ജിയായി വിഷയം കോടതിയിലെത്തിച്ചത്.ഇക്കഴിഞ്ഞ 24ന് ആറ്റിങ്ങല്‍ സബ് കോടതി ജഡ്ജി ജയകൃഷ്ണന്‍ കേസ് പരിഗണിച്ചു. ആറ്റിങ്ങല്‍ ട്രാഫിക് എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി എന്നിവരെ പ്രതിയാക്കിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പരിഗണിച്ച കോടതി സര്‍ക്കാരിനെ കൂടി പ്രതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നടപ്പിലാക്കിയ വണ്‍വേ സംവിധാനം പിന്‍വലിക്കുക, നിലവില്‍ വണ്‍വേ ആയിരിക്കുന്ന ദേശീയ പാതയ്ക്കിരുവശവും, പാലസ് റോഡ്, ചിറയിന്‍കീഴ് റോഡ് എന്നിവിടങ്ങളിലെയും അനധികൃത പാര്‍ക്കിങ് നിര്‍ത്തലാക്കുക എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് ആറ്റിങ്ങല്‍ കിഴക്കേ നാലു മുക്ക് മുതല്‍കച്ചേരി ജങ്ഷന്‍ വരെ വണ്‍വേയാക്കിയത്. പൊലിസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലായിരുന്നു തീരുമാനമെടുത്തത്. കിഴക്കേ നാലു മുക്കില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലസ് റോഡിലൂടെ ചിറയിന്‍കീഴ് റോഡുവഴി കച്ചേരി ജങ്ഷനിലെത്തി പോകുകയും, ദേശീയ പാത കൊല്ലം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മാത്രം കടത്തി വിടുന്ന വണ്‍വേയാക്കുകയും ചെയ്തു.
കിഴക്കേ നാലുമുക്കില്‍ ട്രാഫിക് ഡീവിയേഷന്‍ തുടങ്ങുന്ന ഭാഗത്തുനിന്നും 10 മീറ്റര്‍ മാറി സ്വകാര്യ ആശുപത്രി, ലബോറട്ടറികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്. വണ്‍വേയില്‍ നിന്നും രോഗികളെ ആശുപത്രിയിലേക്കോ, ലാബുകളിലേക്കോ കൊണ്ടു പോകണമെങ്കില്‍ പാലസ് റോഡിലുള്ള വണ്‍വേ വഴി ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റണം. കടുത്ത യാത്രാ ദുരിതമായിരുന്നു ഇതുണ്ടാക്കിയിരുന്നത്. അതിനിടെ താരതമ്യേന വീതി കുറഞ്ഞ പാലസ് റോഡില്‍ വാഹനത്തിരക്കേറിയത് അത് വഴിയുള്ള കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കി.വ്യാപക പരാതിയുയര്‍ന്നിട്ടും പൊലിസ് പക്ഷേ, വണ്‍വേ സംവിധാനം നിര്‍ത്തലാക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് വിഷയം കോടിതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."