മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ബാങ്ക് മാനേജര്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം രൂപയോളം തട്ടിയെടുത്ത ബാങ്ക് മാനേജരെ പൊലിസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരായിരുന്ന ഏറ്റുമാനൂര്‍ ശ്രീദം വീട്ടില്‍ പി.വി സാബുവിന്റെ ഭാര്യ കെ.ആര്‍ ഗീതാകുമാരി (54)യാണ് അറസ്റ്റിലായത്.
പ്രഭാത സായാഹ്ന ശാഖയില്‍ മാനേജരായിരിക്കെ 2014 നവംബര്‍ 28 മുതല്‍ 2016 മെയ് രണ്ടു വരെയുള്ള കാലയളവിനുള്ളിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് ഭരണസമിതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ഹാജരാകണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ ഇന്നലെ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു.
പ്രഭാത സായാഹ്ന ശാഖയില്‍ മാനേജരായിരിക്കെ അഞ്ചുപേരുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയാണ് ഇവര്‍ മുക്കുപണ്ടം പണയംവച്ചത്. കഴിഞ്ഞ ജൂലൈയില്‍ നടന്ന ഓഡിറ്റിങിലാണ് തട്ടിപ്പ് നടന്നത് പിടിക്കപ്പെട്ടത്.
ബാങ്കില്‍ നടന്ന ഓഡിറ്റിങില്‍ പിടിക്കപ്പെടാതിരിക്കാന്‍ പണയം തിരിച്ചെടുത്തതായി കംപ്യൂട്ടറില്‍ രേഖയുണ്ടാക്കി മുക്കുപണ്ടം ലോക്കറില്‍നിന്നും മാറ്റി. ഓഡിറ്റിങ് കഴിഞ്ഞ പിന്നാലെ വീണ്ടും വ്യാജരേഖ ചമച്ച് എടുത്ത അത്രയും ആഭരണങ്ങള്‍ വീണ്ടും പണയംവച്ചു. പിന്നീട് ഇവര്‍ക്ക് ഹെഡ് ഓഫിസിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. സ്ഥലം മാറിയിട്ടും മുക്കുപണ്ടം ഇവര്‍ തിരിച്ചെടുത്തില്ല.
ഇതിനിടെയാണ് കാസര്‍ഗോഡ് ഒരു സഹകരണബാങ്കില്‍ മുക്കുപണ്ട തട്ടിപ്പ് നടന്നത് പിടിക്കപ്പെട്ടത്. ഇതേതുടര്‍ന്ന് കേരളത്തിലാകെ സഹകരണ ബാങ്കുകളില്‍ നടന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് കഴിഞ്ഞ ജൂലൈയില്‍ ഏറ്റുമാനൂരിലും ഓഡിറ്റ് നടന്നത്. വിവരമറിഞ്ഞ ഗീതാകുമാരി ഹെഡ്ഓഫിസില്‍ നിന്നു തന്നെ പണയങ്ങള്‍ തിരിച്ചെടുത്തതായി പഴയപോലെ കംപ്യൂട്ടറില്‍ രേഖയുണ്ടാക്കി. എന്നാല്‍ ലോക്കര്‍ ഇവരുടെ കസ്റ്റഡിയില്‍ അല്ലാതെ പോയതിനാല്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാനായില്ല.
ബാങ്ക് രേഖകളെക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ലോക്കറില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടങ്ങള്‍ കണ്ടെടുത്തതും തട്ടിപ്പ് പുറത്തായതും.
തുടര്‍ന്ന് സെക്രട്ടറിയുടെ മുന്നില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ഭരണസമിതി പൊലിസില്‍പരാതി നല്‍കുകയും ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം തന്നെ തട്ടിയെടുത്ത അത്രയും തുക തിരിച്ചടച്ചശേഷം ഗീതാ കുമാരി ഒളിവില്‍പോയി. ഇതിനിടെയാണു മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."