അന്തിമപരിശോധനയ്ക്ക് ജയിംസ് കമ്മിറ്റിക്ക് ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി: പാലക്കാട് കരുണ, അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ ജയിംസ് കമ്മിറ്റി പരിശോധിച്ച് അന്തിമമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രവേശന നടപടികളില്‍ ജയിംസ് കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും എന്‍ട്രന്‍സ് കമ്മിഷണറുടെയും വിലയേറിയ സമയം കളഞ്ഞതിന് കോളജ് മാനേജ്‌മെന്റുകള്‍ ഒരു ലക്ഷം രൂപ വീതം കോടതിച്ചെലവു നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
പ്രവേശന നടപടികളില്‍ ജയിംസ് കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളെ ചോദ്യം ചെയ്ത് കോളജ് മാനേജ്‌മെന്റുകള്‍ നല്‍കിയതും പ്രവേശനം നിഷേധിച്ചതു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ നല്‍കിയതുമുള്‍പ്പെടെ ഒരു കൂട്ടം ഹരജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. രണ്ടു കോളജുകളിലെയും മാനേജ്‌മെന്റ് ക്വാട്ടയില്‍ ട്രസ്റ്റിന്റെ ആശ്രിതര്‍ക്കായി സീറ്റുകള്‍ നീക്കിവച്ചത് റദ്ദാക്കിയ ജയിംസ് കമ്മിറ്റിയുടെ നടപടി ശരിവച്ചിട്ടുമുണ്ട്.
രണ്ടു കോളജുകളിലെയും പ്രവേശന നടപടികള്‍ പൂര്‍ണമായും ജയിംസ് കമ്മിറ്റി പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും മാനേജ്‌മെന്റ് ഒഴിവാക്കിയ അപേക്ഷകളുണ്ടെങ്കില്‍ അതും പരിശോധിക്കണം.
രണ്ടു കോളജുകളിലും നേരത്തെ പ്രവേശനം നേടിയവര്‍, എന്‍ട്രന്‍സ് കമ്മിഷണറുടെ സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം ലഭിച്ചവര്‍, പ്രവേശനത്തിന് അവകാശം ഉന്നയിച്ചെത്തിയ വിദ്യാര്‍ഥികള്‍ എന്നിവരുടെയൊക്കെ മെറിറ്റ് ജയിംസ് കമ്മിറ്റി പരിശോധിക്കണം. കോളജുകളുടെ വാദവും കേള്‍ക്കണം.
പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ കരുണ, കണ്ണൂര്‍ കോളജുകള്‍ ഒക്ടോബര്‍ 31 നകം ജയിംസ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. കമ്മിറ്റി എത്രയും വേഗം തീര്‍പ്പുണ്ടാക്കണം. ഫീസ് ഘടനയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് ഉള്‍പ്പെടെയുള്ള മതിയായ രേഖകള്‍ മാനേജ്‌മെന്റുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണം. വാര്‍ഷിക ഫീസ് നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജയിംസ് കമ്മിറ്റി മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം. കമ്മിറ്റി നിശ്ചയിക്കുന്ന തുക കോളജുകള്‍ ഈടാക്കിയ ഫീസിനേക്കാള്‍ കുറവാണെങ്കില്‍ ബാക്കിതുക കുട്ടികള്‍ക്ക് തിരികെ നല്‍കുകയോ അടുത്ത വര്‍ഷങ്ങളിലെ ഫീസില്‍ കുറവു വരുത്തുകയോ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."