ചെമ്പ്ര എസ്റ്റേറ്റ്; തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രത്തിലേക്ക്
കല്‍പ്പറ്റ: ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത മാനേജ്‌മെന്റ് നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹം സമരത്തിനൊരുങ്ങുന്നു. തോട്ടത്തിലെ എരുമക്കൊല്ലി ഡിവിഷന്‍- ഒന്ന് കാര്യാലയത്തിനു മുന്നില്‍ തിങ്കളാഴ്ച സത്യഗ്രഹം ആരംഭിക്കാനന്‍ തീരുമാനിച്ചതായി സംയുക്ത സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏകപക്ഷീയമായി പ്രഖ്യാപിച്ച ലോക്കൗട്ട് ഒഴിവാക്കുന്നതിനു നിയമസഹായം തേടുമെന്നും നേതാക്കള്‍ പറഞ്ഞു.മൂന്ന് ഡിവിഷനുകളിലായി 320 തൊഴിലാളികളുള്ള തോട്ടം 27ന് വൈകിട്ടാണ് അടച്ചുപൂട്ടിയത്. ഇത് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
ലോക്കൗട്ട് നോട്ടിസ് ആറാഴ്ചക്ക് മുമ്പെങ്കിലും നല്‍കണമെന്നിരിക്കെ തൊഴിലാളികളെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളെയും അറിയിക്കാതെയാണ് മാനേജ്‌മെന്റ് എസ്‌റഅറേറ്റ് പൂട്ടിയത്. അനിശ്ചിതകാല സമരം, തോട്ടം നടത്താന്‍ കഴിയാത്തവിധം തൊഴിലാളികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങി തക്കതായ കാരണങ്ങളും ലോക്കൗട്ട് പ്രഖ്യാപനത്തിനു ആവശ്യമാണ്. എന്നാല്‍ തൊഴിലാളികള്‍ സമരം ചെയ്തുവെന്ന തെറ്റായ കാരണം പറഞ്ഞാണ് ചെമ്പ്ര എസ്റ്റേറ്റ് അടച്ചുപൂട്ടിയത്. പ്രശ്‌നപരിഹാരത്തിനു മാനേജ്‌മെന്റ് തയാറാകുന്നില്ല. ജില്ലാ ലേബര്‍ ഓഫിസര്‍ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല.
കുറച്ചുകാലമായി കുത്തഴിഞ്ഞ നിലയിലാണ് തോട്ടത്തിന്റെ പ്രവര്‍ത്തനം. തൊഴിലാളികളുടെ 2014-15 ലെ ബോണസും മറ്റു ആനുകൂല്യങ്ങളും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ശമ്പളവും ലഭിക്കാതായതോടെ തൊഴിലാളികള്‍ സെപ്റ്റംബറില്‍ സമരം ആരംഭിച്ചിരുന്നു. പ്രശ്‌നത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഇടപെടുകയും പ്രശ്‌നം ഇതേമാസം 25ന് ചര്‍ച്ച ചെയ്യാമെന്ന് ഉടമ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. സ്ഥാപനത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്താണ് ശമ്പളവും ബോണസും നല്‍കാതിരുന്നിട്ടും ശക്തമായ പ്രക്ഷോപം നടത്താതിരുന്നത്. 25ന് എം.ഡി ഉള്‍പെടെ പങ്കെടുത്ത ചര്‍ച്ചയില്‍ രണ്ട് മാസത്തെ ശമ്പളവും 2014- 15ലെ ബോണസും നല്‍കാന്‍ തീരുമാനമാകുകയും ഇവ വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒക്‌ടോബറില്‍ വീണ്ടും ശമ്പളം മുടങ്ങി. താല്‍പര്യമുള്ള തൊഴിലാളികള്‍ക്ക് വി.ആര്‍.എസ് എടുക്കാമെന്ന അറിയിപ്പും ഉണ്ടായി. സ്വയം വിമരിക്കലിനു പാക്കേജ് ഉണ്ടെന്ന് പറഞ്ഞെങ്കിലും പാക്കേജ് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ വിരമിക്കല്‍ പദ്ധതിയുമായി തൊഴിലാളികള്‍ സഹകരിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് തോട്ടം അടച്ചുപൂട്ടിയത്.
പ്ലാന്റേഷന്‍ എന്ന നിലയിലാണ് ചെമ്പ്ര എസ്റ്റേറ്റ് ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്നു ഒഴിവായത്. ഉടമകളുടേത് മാത്രമല്ല പ്ലാന്റേഷന്‍. അത് തൊഴിലാളികളുടേതുമാണ്. ഇക്കാര്യം കണക്കിലെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി ഗഗാറിന്‍, പി.കെ അനില്‍കുമാര്‍, എന്‍.ഒ ദേവസി, ഡി പ്രഭാകരന്‍, ടി ഹംസ, ബി സുരേഷ്ബാബു, എന്‍.പി ചന്ദ്രന്‍, എസ്.ജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."