മൂന്നിടങ്ങളില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരുക്ക്
കല്‍പ്പറ്റ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷങ്ങളില്‍ നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ ചികിത്സയിലാണ്. കണിയാമ്പറ്റ, നടവയല്‍, ബീനാച്ചി എന്നിവിടങ്ങളിലായിരുന്നു സംഘര്‍ഷം. കണിയാമ്പറ്റയില്‍ ബൂത്തിന് സമീപം പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ ലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ കയ്യാങ്കളിയിലേക്ക് വരെയെത്തി. പിന്നീട് പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ ലീഗ് പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ അക്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
നടവയലില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷമായിരുന്നു. നടവയലിലെത്തിയ ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി ബാലകൃഷ്ണന്റെ വാഹനത്തിലുണ്ടായിരുന്ന കൈപ്പത്തിയുടെ ചിഹ്നം മാറ്റണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതോടെ യു.ഡി.എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പൊലിസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
എം.എല്‍.എയുടെ വാഹനത്തിലുണ്ടായിരുന്ന ചിഹ്നം നീക്കിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ ഐ.സിയെ പോകാനനുവദിച്ചത്. എന്നാല്‍ പിന്നീടെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വാഹനങ്ങള്‍ തടഞ്ഞ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇലക്ഷനുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളെല്ലാം പറിച്ചുനീക്കി. ബീനാച്ചിയില്‍ ബൂത്തു കെട്ടുന്നതിനെച്ചൊല്ലി ആരംഭിച്ച പ്രശ്നം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. എന്‍.ഡി.എ പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രശ്നം പരിഹരിക്കാനെത്തിയ പൊലീസ് പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
മര്‍ദനമേറ്റ അനില്‍, വിഷ്ണു, പ്രവീണ്‍ എന്നിവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സി.പി.എം പ്രവര്‍ത്തകനായ കൊട്ടിലിങ്കല്‍ ശിവരാമനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രിയില്‍ വാഹനത്തിലെത്തി സൈക്കിള്‍ ചെയിന്‍ കൊണ്ടു മര്‍ദിച്ചുവെന്ന് സി.പി.എം പറഞ്ഞു. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലിസെത്തിയാണ് ഇവിടെ സംഘര്‍ഷം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."