ആയിരക്കണക്കിന് വാഹനങ്ങള്‍ സംരക്ഷണങ്ങളില്ലാതെ നശിക്കുന്നു
മാള: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ കസ്റ്റഡിയിലെടുത്ത ആയിരക്കണക്കിന് വാഹനങ്ങള്‍ സംരക്ഷണ സംവിധാനങ്ങളില്ലാതെ മഴയും വെയിലുമേറ്റ് തുരുമ്പെടുത്തും കാട് കയറിയും നശിക്കുന്നു. മണല്‍, മണ്ണ് എന്നിവ നിയമ വിരുദ്ധമായി കടത്തിയ വാഹനങ്ങളാണ് ഇവയിലധികവും. കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഉപയോഗിച്ചവയും ബുക്കും പേപ്പറും ഇല്ലാത്തവയും നികുതി അടക്കാത്തവയും പിടിച്ചിട്ട വാഹനങ്ങളിലുണ്ട്. സൈക്കിള്‍ മുതല്‍ ലോറികള്‍ വരെയുള്ള വാഹനങ്ങള്‍ പൊലിസ് സ്റ്റേഷന്‍ കോപൗണ്ടുകളില്‍ ഇടാന്‍ സ്ഥലമില്ലാത്തതിനാല്‍ മുന്നിലെ റോഡരികിലാണ് ഇട്ടിരിക്കുന്നത്. ഇത് കാരണം പല സ്ഥലങ്ങളിലും ഗതാഗത ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ട്. കേസുകള്‍ വര്‍ഷങ്ങള്‍ നീളുന്നതിനാല്‍ ബന്ധപ്പെട്ട വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയാതെ നശിക്കുന്ന അവസ്ഥയാണുള്ളത്. അനധികൃതമായി മണ്ണും മണലും കടത്തിയ കേസിലെ വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ വന്‍ തുക ഫൈന്‍ അടക്കേണ്ടതുള്ളതിനാല്‍ പലരും തിരിച്ചെടുക്കാതെ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരം നിരവധി കാരണങ്ങളാല്‍ പൊലിസ് സ്റ്റേഷനുകളില്‍ കിടന്ന് നശിക്കുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകാത്തതില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഉടമ ഉപേക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്ത് കോപൗണ്ടുകളില്‍ നിന്ന് നീക്കാവുന്നതാണ്. അതിന് കേസുകളുടെ അവസ്ഥക്കനുസരിച്ച് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ചതെന്നും അല്ലാത്തതെന്നും ആദ്യം തരം തിരിക്കേണ്ടതുണ്ട്. ഉപേക്ഷിച്ചവ ലേലം ചെയ്യാം.
മുപ്പതും അതിലേറെയു വര്‍ഷം മുന്‍പ് പിടികൂടിയ വാഹനങ്ങള്‍ വരെ ഉള്ളതിനാല്‍ തരം തിരിക്കല്‍ വളരെ ശ്രമകരമാകും നിലവില്‍ സ്റ്റേഷനുകളിലുള്ള പൊലിസുകാരെ ഉപയോഗിച്ച് ഈ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതിനാല്‍ പൊലിസ് സ്റ്റേഷനുകളില്‍ കിടന്ന് നശിക്കുന്ന വാഹനങ്ങള്‍ സംരക്ഷിക്കുന്നതിനും ഉടമസ്ഥരെ തിരിച്ചേല്‍പ്പിക്കുന്നതിനും മറ്റുമായി ജില്ലാടിസ്ഥാനത്തില്‍ ഒരു സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അവരെ ഈ ചുമതല ഏല്‍പിച്ചാല്‍ നശിക്കുന്ന കോടി ക്കണക്കിന് രൂപയുടെ വാഹനങ്ങള്‍ സംരകഷിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്‌പെഷ്യല്‍ ടീം ഓരോ പൊലിസ് സ്റ്റേഷനുകളിലും ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കണം.
ഫയലുകള്‍ പരിശോധിച്ച് തരം തിരിച്ചശേഷമാണ് അദാലത്തുകള്‍ സംഘടിപ്പിക്കേണ്ടത്. പത്രങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നിശ്ചിത ദിവസം അദാലത്ത് നടത്തുന്ന വിവരം ഉടമസ്ഥരെ അറിയിച്ച ശേഷം ഹാജറാകുന്നവര്‍ക്ക് ചെറിയ ഫൈന്‍ അടപ്പിച്ച് വാഹനങ്ങള്‍ വിട്ട് നല്‍കുകയും ഹാജറാകാത്തവരുടെ വാഹനങ്ങള്‍ ലേലം നടത്തുകയും ചെയ്താല്‍ കോടിക്കണക്കിന് രൂപ സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും. മാത്രമല്ല പൊലിസ് സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്ന സ്ഥലപരിമിതി പരിഹരിക്കാനുംസ്റ്റേഷനും പരിസരവും ഭംഗിയാക്കാനും ഈ നടപടി സഹായമാകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."