ആനന്ദത്തിന്റെ ദീപവുമായി ഇന്ന് ദീപാവലി
പാലക്കാട്: നന്മയുടെ പ്രകാശം വിതറി ഇന്ന് ദീപാവലി. ഹൈന്ദവ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളില്‍ ഏറെ പ്രാധാന്യം കല്‍പിച്ചിരിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തനിമ കുടികൊള്ളുന്നവയാണ് ഉത്സവങ്ങള്‍. നാനാത്വ ഇന്ത്യക്കാര്‍ എല്ലാ ആഘോഷവും ദേശീയോത്സവമായിട്ടാണ് കൊണ്ടാടിവരുന്നത്.
ഒരു കാലത്ത് തമിഴ്‌നാട്ടിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രം ആഘോഷിച്ചിരുന്ന ദീപാവലി പിന്നീട് കേരളീയരുടെ മറുനാടന്‍ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതായി മാറുകയായിരുന്നു. കാര്‍ത്തിക മാസത്തില്‍ കറുത്തപക്ഷത്തിലെ ത്രയോദശി മുതല്‍ വെള്ളുത്തപക്ഷത്തിലെ ദ്വിതീയ നാള്‍വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ദീപാവലി ആഘോഷിച്ചുവരുന്നത്.
ഐതിഹ്യങ്ങളിലും പുരാണങ്ങളിലും അധിഷ്ഠിതമാണ് ഈ ഉത്സവം. തിന്മയെ അകറ്റി നന്മയെ കുടിയിരുത്തുക എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളും നാടും നഗരവുമൊക്കെ ഈ ദീപോത്സവത്തില്‍ ദീപ്തമാകുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെല്ലാം തന്നെ ധര്‍മപാലനത്തില്‍ അധിഷ്ഠിതമാണ്. കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും അല്പം വ്യത്യസ്ഥമാണ് തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലും രീതികള്‍. കേരളത്തില്‍ കാര്‍ത്തിക വിളക്കിന്റെ പ്രതീതിയാണ് ദീപാവലി നല്‍കുന്നത്.
ദശാവതാരത്തില്‍ ഒമ്പതാമത്തേതായ കൃഷ്ണാവതാരത്തിന് ദീപാവലി ദിനത്തില്‍ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ഇതിനാല്‍ കൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടത്തിവരുന്നതും പതിവാണ്. ആദ്യകാലങ്ങളില്‍ ബനിയ ജാതിക്കാരുടെ മാത്രം ഉത്സവമായി കണ്ടിരുന്ന ദീപാവലി ഇന്ന് ഏവരുടെയും ഉത്സവമാണ്.
ഗുജറാത്തികള്‍ സമ്പദ് വര്‍ഷാരംഭമായിട്ടാണ് ദീപാവലിയെ കാണുന്നത്. അക്ഷയത്രിതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതുപോലെ ദീപാവലി ദിനത്തില്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നത് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഗുജറാത്തികള്‍. ഏതൊരാഘോഷവും മാനവരുടെ ഒത്തുചേരലാണ് ലക്ഷ്യമാക്കുന്നത്.
ദേശവും ഭാഷയും വിശ്വാസവും മാറിയാലും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കാനുള്ള ആഘോഷങ്ങളുടെ പങ്ക് അതുല്യമാണ്. സത്യധര്‍മത്തെ പ്രതിഫലിപ്പിക്കുന്ന ഇത്തരം ഉത്സവങ്ങള്‍ ഭാരതീയ സംസ്‌കാരത്തിന്റെ കാതലാണെന്നത് ആര്‍ക്കും വിസ്മരിക്കാനാകുന്നതല്ല.
തിന്മയെ അകറ്റി നന്മയുടെ മണ്‍ചെരാത് കൊളുത്തിവയ്ക്കുമ്പോള്‍ തമസോമ ജ്യോതിര്‍ഗമയ എന്ന ആശയം അര്‍ഥവത്താക്കുകയാണ് ദീപാവലിയിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."