ആര്‍ക്കുവേണ്ടിയാണ് ഈ അഴിമതിയിലെ 'രാഷ്ട്രീയം'
ടോമിന്‍ തച്ചങ്കരിയെക്കുറിച്ചു ചോദിച്ചാല്‍ അത്യാവശ്യം പൊതുവിജ്ഞാനമുള്ളവരൊക്കെ പറയുക ഓഫീസില്‍ പിറന്നാളാഘോഷിച്ച് കസേര തെറിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നായിരിക്കും. ഹെല്‍മറ്റില്ലാത്തവര്‍ക്കു പെട്രോളില്ലെന്ന തീരുമാനമെടുത്ത് മന്ത്രിയുടെ അനിഷ്ടം സമ്പാദിച്ചയാള്‍ എന്നുകൂടി പറഞ്ഞേക്കാം. അദ്ദേഹം ഇപ്പോള്‍ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ തലവനാണെന്നത് അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും.
ഇപ്പോള്‍ നടക്കുന്ന ഉന്നത സിവില്‍ സര്‍വിസ് അഴിമതിക്കോലാഹലങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ തച്ചങ്കരിയെ ഓര്‍ത്തുപോയി. അഴിമതിയുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് പലതവണ വിധേയരായ ഉന്നതോദ്യോഗസ്ഥരില്‍ ഒരാളാണ് തച്ചങ്കരി.
2002 ല്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കൊച്ചിവിമാനത്താവളത്തില്‍ വച്ച് വിലപിടിപ്പുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമായി പിടികൂടിയതായിരുന്നു ഒരു വിവാദം. ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹമെന്തിനാണ് ഇത്രയും വിലപിടിപ്പുള്ള ഇലക്ടോണിക്‌സ് ഉപകരണങ്ങള്‍ വിദേശത്തുനിന്നു കൊണ്ടുവന്നതെന്നത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു. കുറച്ചുനാള്‍ കത്തിപ്പിടിച്ച് അതു കെട്ടടങ്ങി.
അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന സ്ഥാപനത്തില്‍നിന്നു വ്യാജ സി.ഡി പിടികൂടിയെന്നതായിരുന്നു 2006 ലെ വാര്‍ത്ത. ആ വാര്‍ത്തയും കെട്ടടങ്ങാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തി, വിദേശത്തുവച്ചു തീവ്രവാദികളുമായി ബന്ധപ്പെട്ടു, വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദിച്ചു തുടങ്ങി അതിഗുരുതരമായ ആരോപണങ്ങള്‍ ഇക്കാലത്തിനിടയില്‍ അദ്ദേഹത്തിനെതിരേയുണ്ടായി.
രണ്ടുതവണ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. സുപ്രധാന തസ്തികകളൊന്നും നല്‍കില്ല എന്ന വ്യവസ്ഥയിലാണ് ഒരു തവണ അദ്ദേഹത്തെ തിരിച്ചെടുത്തത്. ഇത്രയുമൊക്കെ സംഭവിച്ചിട്ടും മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിക്കപ്പെട്ടു. 2015 ല്‍ എ.ഡി.ജി.പിയാക്കി. അഴിമതിയാരോപണങ്ങള്‍ 'തെളിയാതെ' പോകുകയോ മറക്കപ്പെടുകയോ ചെയ്തു.
തച്ചങ്കരിയുടെ കാര്യത്തില്‍ മാത്രമല്ല ഇങ്ങനെ സംഭവിച്ചത്. വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പേരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.ഒ സൂരജിന്റെ വീട്ടിലും മറ്റും നടക്കുന്ന റെയ്ഡിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും കണ്ട് നടപടി ഉറപ്പെന്നു ജനം വിശ്വസിച്ചതാണ്. ഒന്നും സംഭവിച്ചില്ല. അഴിമതി ആരോപിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരോ ബാലകൃഷ്ണപിള്ളയൊഴികെയുള്ള രാഷ്ട്രീയക്കാരോ നടപടിക്കു വിധേയരാകുന്നതായി പൊതുജനം കാണുന്നില്ല.
അതിനു കാരണം, ഒന്നുകില്‍, അഴിമതിയാരോപണം കെട്ടുകഥയാണെന്നതാകാം. സത്യസന്ധരായ ഉദ്യോഗസ്ഥരെ താറടിച്ചു കാണിക്കാനുള്ള കുടിലതന്ത്രം. തച്ചങ്കരിയും സൂരജും മുതല്‍ ഇപ്പോള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസ് വരെയുള്ള ആരോപണവിധേയര്‍ ആരോപിക്കുന്നത് ഇതാണ്. അതു ശരിയാണെങ്കില്‍, ഇവരിലാരെങ്കിലും തങ്ങളുടെ വ്യക്തിത്വം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നിയമനടപടിയെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല.
രണ്ടാമത്തെ കാരണം, അഴിമതി 'അഴി'ക്ക് അടുത്തെത്തുംമുമ്പ് ഇല്ലാതാക്കുകയെന്നതാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ ചായക്കോപ്പയില്‍ കൊടുങ്കാറ്റു മാത്രമായി അവശേഷിക്കുന്നുവെന്ന തോന്നല്‍ രാഷ്ട്രീയവും ഔദ്യോഗികവുമായ അടിമമനോഭാവം ഇല്ലാത്തവരുടെ മനസിലുണ്ട്.
അതുകൊണ്ടുതന്നെ, ഉന്നതന്മാര്‍ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ കത്തിപ്പിടിച്ചു വരുമ്പോള്‍ 'ഇത്തരം നാടകങ്ങളൊക്കെ എത്ര കണ്ടതാ' എന്നു പുച്ഛത്തോടെ പ്രതികരിക്കാന്‍ അവര്‍ ശീലിച്ചുപോയിരിക്കുന്നു. പത്രങ്ങളുടെ കോളങ്ങള്‍ നിറയ്ക്കാനും ചാനലുകളുടെ ചര്‍ച്ച കൊഴുപ്പിക്കാനും മാത്രമായുള്ള വ്യായാമങ്ങള്‍ മാത്രമാണിതെന്ന് അവര്‍ വിശ്വസിക്കുന്നു.
അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റുമായ ടോം ജോസിനെതിരേ കണക്കില്‍പ്പെടാത്ത സ്വത്തുസമ്പാദിച്ച കേസുണ്ടാവുകയും അദ്ദേഹത്തിന്റെ വസതിയിലുള്‍പ്പെടെ റെയ്ഡ് നടക്കുകയും ചെയ്തപ്പോള്‍ത്തന്നെ കണ്ടില്ലേ കോലാഹലം. സകല ഐ.എ.എസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും കണ്ട് പ്രതിഷേധമറിയിച്ചു. ഐ.എ.എസുകാര്‍ പിണങ്ങിനിന്നാല്‍ ഭരണസ്തംഭനമുണ്ടാകുമെന്നും അതിനാല്‍ വിജിലന്‍സിനെ മൂക്കുകയറിട്ടു നിര്‍ത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു.
മറ്റൊരു അഡീഷനല്‍ ചീഫ് സെക്രട്ടറിയായ കെ.എം അബ്രഹാമിനെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തെളിവുശേഖരണത്തിനു പോയതും വിവാദമായി. വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദനം സംബന്ധിച്ച് കെ.എം അബ്രഹാമിനെതിരായ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ വിജിലന്‍സിനോടു നിര്‍ദേശിച്ചതു കോടതിയാണ്. ആ അന്വേഷണം എങ്ങനെ നടത്തണമെന്നു തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്.
അതില്‍ തെറ്റുണ്ടെങ്കില്‍ കോടതിയില്‍ പരാതി നല്‍കാം. തെറ്റുവരുത്തിയവര്‍ക്കെതിരേ നടപടിയെടുപ്പിക്കാം. അല്ലാതെ, അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവരിഞ്ഞു മുറുക്കുന്നത് ശരിയായ നടപടിയല്ല.
ഈ കേസുകളിലെല്ലാം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. ജേക്കബ് തോമസ് പകതീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തെളിവുസഹിതം കണ്ടെത്തി നടപടിയെടുക്കേണ്ടതാണ്. അദ്ദേഹം, അഴിമതി നടത്തിയിട്ടുണ്ടെങ്കിലും കര്‍ക്കശമായ നടപടിയെടുക്കണം. തെറ്റുകാരനെങ്കില്‍ സ്ഥാനത്തുനിന്നു മാറ്റാം. കാരണം, ജേക്കബ് തോമസ് അല്ല, അഴിമതി നിര്‍മാര്‍ജനമാണ് ഇവിടെ പ്രസക്തം.
അതിന്, കോടതിയുടെ നിരീക്ഷണത്തിന്‍കീഴിലായിരിക്കണം ഓരോ അഴിമതിക്കേസ് അന്വേഷണവും. കോടതി നീതിയുക്തമായി നിരീക്ഷിച്ചാല്‍ നിയമത്തിന്റെ വേലിചാടാന്‍ അന്വേഷണോദ്യോഗര്‍ക്കു കഴിയില്ല. മറ്റുള്ളവരുടെ കണ്ണുപൊത്തി ഇരുട്ടുണ്ടാക്കാന്‍ ആരോപണവിധേയര്‍ക്കും കഴിയില്ല. അതോടെ, നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയും അപരാധികള്‍ അഴിക്കുള്ളിലാകുകയും ചെയ്യും. ഈ വിചിത്രലോകത്ത് ഇതൊക്കെ സംഭവിക്കുമോ, ആവോ!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."