മലപ്പുറത്തിനെതിരേ ആഞ്ഞടിച്ച് സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: മലപ്പുറം ജില്ലയെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി വീണ്ടും രംഗത്ത്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ മലപ്പുറത്ത് ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മുസ്‌ലിംകള്‍ എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ അവിടെയെല്ലാം ഹിന്ദുക്കള്‍ നരകിക്കുകയാണ്. കശ്മിരില്‍നിന്ന് ഹിന്ദുക്കള്‍ പലായനംചെയ്യപ്പെടേണ്ടിവന്നു. അതുപോലെയാണ് മുസ്‌ലിംകള്‍ ബഹുഭൂരിപക്ഷമായ കേരളത്തിലെ മലപ്പുറം ജില്ലയിലെ സാഹചര്യമെന്നും അദ്ദേഹം ആരോപിച്ചു. ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ കഴിഞ്ഞയാഴ്ച നടത്തിയ പരിപാടിയിലാണ് സ്വാമി വിവാദപരാമര്‍ശം നടത്തിയത്.
ശരീഅത്ത് നിയമമാണ് മലപ്പുറത്തുള്ളതെന്നും പൊലിസിനുപോലും കടന്നുചെല്ലാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ചുട്ടമറുപടി കൊടുത്താല്‍ മാത്രമേ അതിര്‍ത്തികടന്നുള്ള തീവ്രവാദം അവസാനിക്കുവെന്നും, പാവസര്‍ക്കാരുകളല്ല ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പും മലപ്പുറം ജില്ലയെക്കുറിച്ച് ബി.ജെ.പിയുടെ രാജ്യസഭാംഗം കൂടിയായ സുബ്രഹ്മണ്യം സ്വാമി വിവാദപരാമര്‍ശം നടത്തിയിരുന്നു. ജില്ലയിലെ ഹിന്ദു മതസ്ഥര്‍ക്ക് യോഗം പോലും ചേരാനാകാത്ത സാഹചര്യമാണുള്ളതെന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സ്വാമി ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് തന്റെ അടുക്കല്‍ പരാതി പറഞ്ഞിരുന്നെന്നും സ്വാമി അവകാശപ്പെട്ടിരുന്നു. റംസാനില്‍ ജില്ലയിലെ കടകള്‍ മുസ്‌ലിംകള്‍ ബലമായി അടപ്പിക്കാറുണ്ടെന്നും മറ്റൊരിക്കല്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."