എ.ടി.എം സുരക്ഷ ബാങ്കുകള്‍ കൈമലര്‍ത്തുന്നു
തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാക്കി തലസ്ഥാനത്തെ എ.ടി.എം കൗണ്ടറുകള്‍. കൗണ്ടറുകളില്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കിയ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. എസ്.ബി.ടി, എസ്.ബി.ഐ, കാനറാ ബാങ്ക്, ഐ.ഒ.ബി എന്നീ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളുടെ സുരക്ഷയെക്കുറിച്ച് വിവരാവകാശം വഴി ലഭിച്ച മറുപടിയിലാണ് സുരക്ഷാവീഴ്ചയുടെ കാര്യം വ്യക്തമാക്കുന്നത്.
ഒരു എ.ടി.എം കൗണ്ടറിലും 24 മണിക്കൂര്‍ സുരക്ഷാ സംവിധാനമില്ല. സുരക്ഷയ്ക്കായി കാമറകള്‍ സ്ഥാപിച്ചു വരുന്നുണ്ടെന്നാണ് ഉത്തരം. സെക്യൂരിറ്റി സര്‍വിസ് 24 മണിക്കൂറുമുള്ള ഒരു എ.ടി.എം കൗണ്ടര്‍ പോലും തലസ്ഥാന ജില്ലയില്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് എസ്.ബി.ടിയുടെ 168 എ.ടി.എം കൗണ്ടറുകളാണുള്ളത്. എറണാകുളത്ത് 162, കോഴിക്കോട് 82 എണ്ണവുമുണ്ട്. ഇവയിലൊന്നിലും 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനമില്ല. ഐ.ഒ.ബിക്ക് തിരുവനന്തപുരത്ത് 49, എറണാകുളത്ത് 21, കോഴിക്കോട് 13 എ.ടി.എം കൗണ്ടറുകളുണ്ട്. എസ്.ബി.ഐക്ക് മൂന്നു ജില്ലകളിലുമായി 806 എ.ടി.എം കൗണ്ടറുകളാണുള്ളത്. ഇതില്‍ ദിവസവേതനത്തില്‍ സെക്യൂരിറ്റി ഉണ്ടങ്കിലും രാത്രി സമയത്ത് സെക്യൂരിറ്റി സേവനമില്ല.
കാനറാബാങ്കിന്റെ എറണാകുളത്തുള്ള 186 എ.ടി.എം കൗണ്ടറുകളുടെ കണക്കു മാത്രമാണ് വിവരാവകാശം വഴി നല്‍കിയിട്ടുള്ളത്. മറ്റു ജില്ലകളിലെ വിവരങ്ങള്‍ ലഭ്യമാക്കാതിരുന്നതും സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാത്തതു മൂലമാണ്. എറണാകുളത്തെ എ.ടി.എം കൗണ്ടറുകളില്‍ പകല്‍ സമയം മാത്രം സെക്യൂരിറ്റി സംവിധാനം നടപ്പാക്കിയിട്ടുണ്ട്. എ.ടി.എം കൗണ്ടറുകള്‍ക്ക് സമീപത്തെ പിടിച്ചുപറിയും, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പണം തട്ടിപ്പും വ്യാപകമായ സാഹചര്യത്തില്‍ കൗണ്ടറുകളില്‍ കൃത്യമായ സുരക്ഷാ സംവിധാനമില്ലെന്ന വിവരം ജനത്തിന്റെ നെഞ്ചിടിപ്പേറ്റുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."