സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്: കിരീടം നിലനിര്‍ത്തി പാലക്കാട്
കൊച്ചി: അറുപതാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി. 473 പോയിന്റുകള്‍ നേടിയാണ് പാലക്കാട് ചാംപ്യന്‍പട്ടത്തില്‍ വീണ്ടും മുത്തമിട്ടത്. ആദ്യ ദിനങ്ങളില്‍ തണുപ്പന്‍ പ്രകടനം നടത്തി നിറംമങ്ങിയ ചാംപ്യന്‍മാര്‍ അവസാന ദിനമായ ഇന്നലെ 210 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് ആദ്യ ദിനം മുതല്‍ മുന്നിലുണ്ടായിരുന്ന എറണാകുളത്തെ ഞെട്ടിച്ചത്. 303 പോയിന്റുകളുമായി ഇന്നലെ കളത്തിലിറങ്ങിയ എറണാകുളം അവസാന ദിനത്തില്‍ 121 പോയിന്റുകള്‍ക്കൂടി ഒപ്പം ചേര്‍ത്തെങ്കിലും നിലവിലെ ചാമ്പ്യന്‍മാരെ മറിക്കടക്കാനായില്ല.
എറണാകുളം 424 പോയിന്റുകളോടെ രണ്ടാം സ്ഥാനക്കാരായി. കോട്ടയം 364 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തും തിരുവനന്തപുരം 340.5 പോയിന്റുകളുമായി നാലാം സ്ഥാനത്തും നില്‍ക്കുന്നു. തൊട്ടുപിന്നിലായി 233 പോയിന്റുകളോടെ കോഴിക്കോട് അഞ്ചാമതും 217 പോയിന്റുകളോടെ തൃശൂര്‍ ആറാം സ്ഥാനത്തും എത്തി.
മേളയിലെ അതിവേഗക്കാരിയായ തൃശൂരിന്റെ ജില്‍ന ഇന്നലെ 200 മീറ്ററില്‍ രണ്ടാം സ്വര്‍ണം സ്വന്തമാക്കി. പത്തനംതിട്ടയുടെ മുഹമ്മദ് സാദത്തിന്റെ 200 മീറ്ററിലെ പ്രകടനം ശ്രദ്ധേയമായി. ആദ്യ ദിനം 100 മീറ്ററില്‍ ഫോട്ടോ ഫിനിഷില്‍ സ്വര്‍ണം നഷ്ടമായ സാദത്തിന് ഇന്നലെ 200 മീറ്ററില്‍ അതിവേഗ താരമായ പ്രണവിനെ പിന്തളളി സ്വര്‍ണം നേടാന്‍ കഴിഞ്ഞത് മധുര പ്രതികാരമായി. ഇന്നലെ നാലു പുതിയ റെക്കോര്‍ഡുകളടക്കം മേളയില്‍ ആകെ പതിനേഴ് റെക്കോര്‍ഡുകളാണ് പിറന്നത്.
16 വയസിനു താഴെ പ്രായമുളള പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോടിന്റെ അതുല്യ ഉദയന്‍ സ്വന്തം റെക്കോര്‍ഡ് പുതിയ റെക്കോര്‍ഡ്് സൃഷ്ടിച്ചു. 2015ല്‍ സ്ഥാപിച്ച 2.18.57. സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് 2.16.00 ആയി അതുല്യ തിരുത്തിയത്. 20 വയസിനു താഴെ പ്രായമുളള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ എറണാകുളത്തിന്റെ ദീപ ജോഷി റെക്കോര്‍ഡ് തിരുത്തി. 2015ല്‍ 18 വയസിനു താഴെ പ്രായമുളള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ദീപ റെക്കോര്‍ഡ്് കുറിച്ചിരുന്നു. 16 വയസിനു താഴെ പ്രായമുളള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് സി പുതിയ റെക്കോര്‍ഡിന് ഉടമയായി.
2014 ല്‍ തിരുവനന്തപുരത്തിന്റെ തന്നെ പി .എസ്് സനീഷ് സൃഷ്ടിച്ച 22.98 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് അഭിനവ് 22.68 ആയി തിരുത്തിയെഴുതിയത്. ഇതേ വിഭാഗത്തില്‍ ഹാമര്‍ ത്രോയില്‍ ഒന്നര പതിറ്റാണ്ട് പഴക്കമുളള റെക്കോര്‍ഡ് തകര്‍ന്നടിഞ്ഞു. പാലക്കാടിന്റെ ശ്രീ വിശ്വമാണ് പുതിയ റെക്കോര്‍ഡിന്റെ അവകാശി. 50.80 മീറ്റര്‍ ദൂരം എറിഞ്ഞാണ് എറാണാകുളത്തിന്റെ എല്‍ദോസ് ഉതുപ്പ് 2002 ല്‍ സ്ഥാപിച്ച് 47.35 മീറ്റര്‍ വിശ്വം പഴങ്കഥയാക്കിയത്.
വിജയികള്‍ക്കുളള സമ്മാനങ്ങള്‍ കുസാറ്റ് ഡയറക്ടര്‍ ഡോ. അജിത്ത് മോഹനന്‍ വിതരണം ചെയ്തു. സമാപന സമ്മേളനത്തില്‍ ഡോ. ടോണി ഡാനിയല്‍, വേലായുധന്‍ കുട്ടി, പി.ആര്‍ പുരുഷോത്തമന്‍, പി.ഐ ബാബു, എം രാമചന്ദ്രന്‍ പങ്കെടുത്തു. സംസ്ഥാന പോരാട്ടത്തില്‍ വിജയിച്ച താരങ്ങള്‍ നവംബര്‍ പത്തു മുതല്‍ 14 വരെ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ കായിക മേളയില്‍ മാറ്റുരക്കും. ദേശീയ മേളയില്‍ 200 ഓളം താരങ്ങളാണ് കേരളത്തിനായി പൊരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."