ഫേസ്ബുക്കില്‍ മോശം പരാമര്‍ശം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പരാതി നല്‍കി
തിരുവനന്തപുരം: തോട്ടണ്ടി ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെടുത്തി തനിക്കെതിരേ നിയമസഭാ ജീവനക്കാരന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് അപകീര്‍ത്തികരമാണെന്നു കാണിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി. നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നിസാര്‍ പേരൂര്‍ക്കട എന്നയാള്‍ക്കെതിരേയാണ് മന്ത്രി ഇന്നലെ പരാതി നല്‍കിയത്. പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്.
സംസ്ഥാന പൊലിസ് മേധാവിക്കു നല്‍കിയ പരാതി സൈബര്‍സെല്ലിനു കൈമാറിയിട്ടുണ്ട്. പരാതിയില്‍ ഇന്നലെ തന്നെ അന്വേഷണമാരംഭിച്ചിട്ടുമുണ്ട്. നിസാറിനെതിരേ ഇന്നു നടപടിയുണ്ടാകാനാണ് സാധ്യത. വി.ഡി സതീശനാണ് നിയമസഭയില്‍ കഴിഞ്ഞ ദിവസം മന്ത്രിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചത്. സതീശനാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍. ചെയര്‍മാന്റെ ഓഫിസിലെ അറ്റന്‍ഡറാണ് നിസാര്‍. കശുവണ്ടി വികസന കോര്‍പറേഷനിലും കാപ്പെക്‌സിലും തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടിയോളം രൂപയുടെ അഴിമതി നടന്നതായാണ് സതീശന്‍ ആരോപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേഴ്‌സിക്കുട്ടിയമ്മ വിശദീകരിച്ചിരുന്നു. തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പമാണ് ആക്ഷേപകരമായ വാക്കുകളുള്ളത്. കശുവണ്ടിയെ കാശുവണ്ടിയാക്കി മാറ്റിമറിച്ച വിപ്ലവകാരി സഖാവ് അണ്ടി കുഞ്ഞമ്മ എന്നാണ് മന്ത്രിയെ നിസാര്‍ വിശേഷിപ്പിക്കുന്നത്. കുഞ്ഞമ്മ പത്തര കോടി രൂപ കൊള്ളയടിച്ചെന്നും നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടാം വിക്കറ്റാണ് ഇതെന്നുമൊക്കെ പോസ്റ്റില്‍ പറയുകയും ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."