നാരായണിമാര്‍ മൂന്ന്, വയസ് 84...
ശ്രുതി സുബ്രഹ്മണ്യന്‍
കോഴിക്കോട്: നിങ്ങടെ പേരെന്താ...? പല്ലുകളില്ലാത്ത മോണ കാട്ടി നാരായണി അമ്മ അടുത്തിരുന്ന പ്രായമായ സ്ത്രീയോട് ചോദിച്ചു. 'നാരായണീന്നാ..' .നാണം കലര്‍ന്ന ചെറു ചിരിയോടെ അവര്‍ ഉത്തരം നല്‍കി. കൗതുകത്തോടെ നാരായണി അമ്മയുടെ മറുപടി. എന്റെ പേരും നാരായണീന്നാ..അതോടെ ഇരുവരും അല്‍പ്പം ചേര്‍ന്നിരുന്നു. നിമിഷനേരം കൊണ്ടു തന്നെ ഇരുവരും സുഹൃത്തുക്കളായി. ഉടന്‍ വന്നു നാരായണിഅമ്മയുടെ അടുത്ത ചോദ്യം. നീയ്യ് ആര്‍ക്കാ വോട്ടു ചെയ്യണേ.? അതു കേട്ടതോടെ നാരായണിയുടെ മുഖത്തെ പ്രകാശം അല്‍പ്പം മങ്ങി. ശബ്ദമല്‍പ്പം താഴ്ത്തി അവര്‍ പറഞ്ഞു. എന്റെ കണ്ണിന് കാഴ്ച കുറവാ, അതോണ്ട് മോനാ ചെയ്യുന്നേ... അതു കേട്ട നാരായണി അമ്മയ്ക്കും ആശ്വാസമായി. പെട്ടെന്നുള്ള ആവേശത്തില്‍ നാരായണിഅമ്മ പറഞ്ഞു.
എന്റേതും മോളാ ചെയ്യുന്നേ..പോളിങ് ബൂത്തിലിരുന്നുള്ള ഇരുവരുടേയും ഉച്ചത്തിലുളള സംസാരം കേട്ട് പോളിങ് ഉദ്യോഗസ്ഥര്‍ തലയുയര്‍ത്തി നോക്കി. ജാള്യതയിലായ രണ്ടു നാരായണിമാരും അല്‍പനേരത്തേക്ക് നിശബ്ദത പാലിച്ചു.
അതിനിടയില്‍ അടുത്ത വോട്ടറും ഇവര്‍ക്കരികിലെത്തി. ഓപ്പണ്‍ വോട്ടിന് ഊഴവും കാത്തിരുന്ന രണ്ടു നാരായണിമാരും അവരെ അല്‍പ്പനേരം വീക്ഷിച്ചു. വീണ്ടും നാരായണി അമ്മയുടെ പഴയ ചോദ്യം .നിങ്ങടെ പേരെന്താ..? ഉടന്‍ വന്നു മറുപടി..'നാരായണി.' രണ്ടു നാരായണിമാരും അതിശയത്തോടെ മുഖത്തോടുമുഖം നോക്കി.
സംശയം തീരാതെ രണ്ടാമത്തെ നാരായണി വീണ്ടും പേര് ചോദിച്ചു. പഴയ ഉത്തരം തന്നെ വന്നതോടെ മൂവരും പിന്നെ നിര്‍ത്താതെ സംസാരിച്ചു തുടങ്ങി. പോളിങ് ഉദ്യോഗസ്ഥരും, മറ്റു വോട്ടര്‍മാരുമെല്ലാം അത്ഭുതത്തോടെ അതു നോക്കിനിന്നു.
വിശേഷങ്ങള്‍ക്കിടെ വീണ്ടും നാരായണിഅമ്മയുടെ ചോദ്യം. നിങ്ങള്‍ക്കെത്ര വയസായി? ഉടന്‍ മറ്റു രണ്ടു നാരായണിമാരും ഒരേ സ്വരത്തില്‍ പറഞ്ഞു, എണ്‍പത്തിനാല്് . പറഞ്ഞു കഴിയും മുന്‍പേ നാരായണി അമ്മ കൂട്ടിച്ചേര്‍ത്തു. എനിക്കും എണ്‍പത്തിനാല് വയസാണ്. കുന്ദമംഗലം മണ്ഡലത്തിലെ വെള്ളിപറമ്പ്് എല്‍.പി.സ്‌കൂളാണ് കൗതുകകരമായ ഈ സംഗമത്തിന് വേദിയൊരുങ്ങിയത്. വെള്ളിപറമ്പ്് നടുക്കണ്ടി മീത്തലാണ് നാരായണി അമ്മയുടെ വീട്്. വെള്ളിപറമ്പിലെ തച്ചറക്കണ്ടി, മാക്കിനിയാട്ട്് എന്നിവിടങ്ങളിലാണ് മറ്റു രണ്ടു നാരായണിമാരും താമസിക്കുന്നത്. മക്കളുടെ സഹായത്തോടെ വോട്ടു ചെയ്ത് അടുത്ത തെരഞ്ഞെടുപ്പിന് കാണാമെന്നും പറഞ്ഞാണ് ഒരേ പേരും ഒരേ വയസുമുള്ള മൂവരും പോളിങ് ബൂത്തില്‍ നിന്നും മടങ്ങിയത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."