പെരുമാട്ടി പഞ്ചായത്തിലെ മാവിന്തോട്ടത്തില് വ്യാപകമായി ഹോര്‍മോണ്‍ ഉപയോഗം
പെരുമാട്ടി: മാവിന്‍തോട്ടങ്ങളില്‍ കീടനാശിനി ഉപയോഗം ആരംഭിച്ചു. കാലാവസ്ഥ വ്യതിയാനം ഉണ്ടായിട്ടും കൃത്രിമമായി മാവുകളെ പൂക്കുന്നതിനു സഹായകമാകുന്ന ഹോര്‍മോണ്‍ പ്രയോഗമാണ് നിലവില്‍ നടക്കുന്നത്. പട്ടഞ്ചേരി, മുതലമട, പെരുമാട്ടി, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളിലാണ് മാവുകളില്‍ ഹോര്‍മോണ്‍പ്രയോഗം നടക്കുന്നത്.
വേരുകളില്‍ ഉപയോഗിക്കുന്ന ഹോര്‍മോണിനു പുറമെ പ്രത്യക്ഷമായി പ്രയോഗിക്കുന്ന ഹോര്‍മോണുകളും തമിഴ്നാട്ടില്‍ വ്യാപകമായി വില്പനനടക്കുന്നതിനാല് ഇവ കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലെ മാവിന്തോട്ടങ്ങളിലേക്ക് എത്തിച്ചാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
പാട്ടത്തിനെടുക്കുന്ന മാവുകളില്‍ പരമാവധി കായ്ഫലം ഉണ്ടാകുന്നതിനാണ് ഹോര്മോണ്പ്രയോഗമെന്ന് പാട്ടകര്‍ഷകര്‍ പറയുന്നു. മാവുകളില്‍ ഹോര്‍മോണ്‍ പ്രയോഗം നിരോധിക്കണമെന്ന് നിരവധി പരിസ്ഥിതി സംഘടനകള്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് കഴിഞ്ഞ മുന്നുവര്ഷത്തിലധികമായി നിവേദനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇവയൊന്നും പരിഗണിക്കാതെയാണ് ഹോര്‍മോണ്‍ ഉപയോഗം അതിര്‍ത്തിപ്രദേശങ്ങളിലെ മാവുകളില്‍ നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
ജനുവരിയോടെ പൂക്കേണ്ട മാവുകളെ നേരത്തെതന്നെ പൂക്കുവാനും കായ്ഫലം ഉണ്ടാക്കുവാനുമുള്ള ഹോര്‍മോണ്‍ പ്രയോഗം മണ്ണിനും മാവിനും ദേഷകരമാകുന്നതിനാല് ഇവയുടെ ഉപയോഗത്തിനെതിരേ കൃഷിവകുപ്പ് ബോധവല്‍ക്കരണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി സംഘടനകളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."