മരുന്നിലും മാഫിയ
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ഔഷധി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ കരുനീക്കവുമായി മരുന്നുമാഫിയ രംഗത്ത്. ഇതിന് ഒത്താശയുമായി സംസ്ഥാന സര്‍ക്കാരും. പ്രധാന ജീവന്‍രക്ഷാ മരുന്നുകള്‍ 70 ശതമാനം വിലക്കുറവോടെ ലഭ്യമാക്കുന്ന ജന്‍ഔഷധി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാക്കാനുള്ള നടപടികള്‍ക്കു തടയിടാനാണു മരുന്നു മാഫിയയുടെ നീക്കം. സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചു ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം അടുത്തിടെ ഉണ്ടായെങ്കിലും വന്‍കിട മരുന്നുകമ്പനികളുടെ ഇടപെടല്‍ മൂലം ഉടനെയൊന്നും മെഡിക്കല്‍ഷോപ്പുകള്‍ ആരംഭിക്കാന്‍ സാധ്യതയില്ല.
സര്‍ക്കാര്‍തലത്തില്‍ ഇതിനുള്ള യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. മോദി സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ ഇക്കാര്യത്തില്‍ വലിയ താല്‍പര്യമൊന്നും വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ രഹസ്യതീരുമാനം. പദ്ധതി വ്യാപകമായി നടപ്പാക്കിയാല്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പു നടത്തുമെന്നും സംസ്ഥാന സര്‍ക്കാരിലെ ചിലര്‍ ഭയപ്പെടുന്നു. ഏതുതരം മരുന്നു വാങ്ങിയാലും പകുതിയില്‍ താഴെയാണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളിലെ വില. പ്രമേഹമുക്തിക്കുള്ള പയോസിസ് 30 മില്ലിഗ്രാം 30 എണ്ണത്തിന് സാധാരണ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഈടാക്കുന്നത് 70 രൂപയാണ്. എന്നാല്‍ ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പിലെ വില 29.13 രൂപ മാത്രം. ഇതേ അസുഖത്തിനുള്ള ഡെല്‍പാറ്റ് 75 മില്ലിഗ്രാം 30 എണ്ണത്തിന് സാധാരണ മെഡിക്കല്‍ സ്‌റ്റോറുകളില്‍ 135.82 രൂപ ഈടാക്കുമ്പോള്‍ ജന്‍ ഔഷധി വില 39.84 രൂപയും.
30 എണ്ണത്തിന് 242.42 രൂപ ഈടാക്കുന്ന റാസോ 20 മില്ലിഗ്രാം മരുന്നിന്റെ ജന്‍ ഔഷധി വില വെറും 23.70 രൂപ. കൊളസ്‌ട്രോളിനുള്ള സ്‌റ്റോര്‍വാസ് 10 മില്ലിഗ്രാം 30 എണ്ണത്തിന് 190.46 രൂപ ഈടാക്കുമ്പോള്‍ ജന്‍ ഔഷധി വില വെറും 19.92 രൂപയാണ്. ചുമയ്ക്കുള്ള കഫ്‌സിറപ്പിന് 27 രൂപയും പനിക്കുള്ള പാരസെറ്റമോള്‍ ഗുളിക പത്തെണ്ണത്തിന് ആറു രൂപയും പനിക്കും ശരീരവേദനക്കുമുള്ള ഐബുപ്രോഫെന്‍ പത്തെണ്ണത്തിന് 14 രൂപയും പത്ത് അനാള്‍ജെസിക് ഗുളികകള്‍ക്ക് എട്ടുരൂപയും വൈറ്റമിന്‍ ഗുളികകള്‍ക്കു രണ്ടുരൂപ മുതലുമാണ് ജന്‍ ഔഷധിയിലെ വില. അവശ്യമരുന്നുകള്‍ക്കു പുറമേ സര്‍ജിക്കല്‍ ഉപകരണങ്ങള്‍വരെ പൊതുവിപണിയിലേതിനേക്കാള്‍ പകുതിയില്‍താഴെ വിലയ്ക്കു ജന്‍ ഔഷധിയില്‍ ലഭിക്കും. മരുന്നുകമ്പനികളുടെ കൊള്ള അവസാനിപ്പിക്കാനും സാധാരണക്കാര്‍ക്കു കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണു രാജ്യത്ത് ജന്‍ ഔഷധി പദ്ധതി ആരംഭിച്ചത്. മൊബൈല്‍ ജന്‍ ഔഷധി സ്റ്റോര്‍ എന്ന പദ്ധതിയും ഇതോടൊപ്പം നടപ്പാക്കാന്‍ തീരുമാനമുണ്ട്.
രാജ്യത്ത് ഇതുവരെ 378 സ്‌റ്റോറുകള്‍ ആരംഭിച്ചു. ഇതില്‍ 108 സ്‌റ്റോറുകള്‍ ഛത്തീസ്ഗഡിലാണ്. ഏറ്റവും കൂടുതല്‍ മരുന്നു വില്‍പന നടക്കുന്ന കേരളത്തില്‍ തുടങ്ങിയതാവട്ടെ വെറും 22 എണ്ണവും. ആകെ 5000 കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സഹകരണ സംഘങ്ങളുടെയും മറ്റും നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന ആരോഗ്യവകുപ്പും ഈ കേന്ദ്രപദ്ധതിയുമായി സഹകരിച്ചു നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും അതിനെ തുരങ്കംവയ്ക്കാനുള്ള നീക്കമാണു ചിലര്‍ നടത്തുന്നത്.
യഥാര്‍ഥത്തില്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാവുന്ന മരുന്നുകള്‍ പേറ്റന്റിന്റെ പേരിലും മറ്റു ബിസിനസ് താല്‍പര്യങ്ങളുടെ പേരിലും ബ്രാന്‍ഡ് ചെയ്തും പേരുമാറ്റം വരുത്തിയും വന്‍ വിലയ്ക്കാണു മരുന്ന് കമ്പനികള്‍ വിറ്റുവരുന്നത്. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വ്യാപകമായാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് സാധാരണ മെഡിക്കല്‍ ഷോപ്പുകള്‍ക്കു ഭീഷണിയാവുമെന്ന് മരുന്നു മാഫിയ ഭയക്കുന്നു. 'ചാത്തന്‍' മരുന്നുകള്‍ ഉള്‍പ്പെടെ ഉല്‍പ്പാദിപ്പിച്ചു കൊള്ളലാഭം നടത്തുന്നവരും കഷ്ടത്തിലാവും. മറ്റു സംസ്ഥാനങ്ങള്‍ പദ്ധതിയുമായി ഏറെ മുന്നോട്ടു പോയപ്പോള്‍ കേരളം മാത്രം നിസംഗത പുലര്‍ത്തുകയാണ്.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍
തിരുവനന്തപുരം ജില്ല:-പൊഴിയൂര്‍-8086961440, നെയ്യാറ്റിന്‍കര-9400580197, പാളയം-8943289423 കൊല്ലം:- കൊട്ടിയം, മയ്യനാട് റോഡ്-9747443811, ആയൂര്‍ ഇളമാട്-9961410350 എറണാകുളം:- തൃപ്പൂണിത്തുറ ഹില്‍പാലസ് റോഡ്-9645711998, അങ്കമാലി-9846447048, കലൂര്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം-9633521081, പാലാരിവട്ടം-9895758575, നോര്‍ത്ത് പറവൂര്‍-9526760897. തൃശൂര്‍:- സെന്റര്‍പോയന്റ്-9744702851, അശ്വിനി ജംഗ്ഷന്‍-9847467595, കൊടുങ്ങല്ലൂര്‍ ശൃംഗപുരം-8157957198, മണ്ണുത്തി-8590026421, അത്താണി-9746141494, ബീച്ച് റോഡ് ചാവക്കാട്-9495168470. പാല:-മുരിക്കുംപുഴ-9495063650, ചെത്തിമറ്റം-9495317724. കോഴിക്കോട്:- മെഡിക്കല്‍ കോളജ്-9446161710. മഞ്ചേരി:- മെഡിക്കല്‍ കോളജ്-9447358761, പെരിന്തല്‍മണ്ണ:- ജില്ലാ ആശുപത്രിക്ക് എതിര്‍വശം-9895378362, കണ്ണൂര്‍:-റെയില്‍വെ സ്‌റ്റേഷന് എതിര്‍വശം-9400991111.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."